29 March Friday

"കെ സുധാകരൻ ചതിച്ചു'; കോൺഗ്രസ്‌ നേതാവ്‌ വി പ്രതാപചന്ദ്രന്റെ മരണത്തിൽ മുഖ്യമന്ത്രിക്ക്‌ പരാതി നൽകി മക്കൾ

ദിനേശ്‌വർമUpdated: Wednesday Jan 18, 2023

തിരുവനന്തപുരം > കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രന്റെ മരണം പാർട്ടിയിലെ ചിലരുടെ മാനസിക പീഡനം മൂലമാണെന്ന തങ്ങളുടെ പരാതി വീണ്ടും പരിഗണിക്കണമെന്ന്‌ മക്കളായ പ്രജിത്തും പ്രീതിയും മുഖ്യമന്ത്രി പിണറായി വിജയനോട്‌ ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷൻകെ സുധാകരൻ പ്രതാപചന്ദ്രന്റെ മക്കൾക്ക്‌ നൽകിയ വാഗ്ദാനത്തെ തുടർന്നാണ്‌ ആദ്യപരാതി പിൻവലിച്ചത്‌. അതോടെ സുധാകരൻ കൈമലർത്തി.

ചില കോൺഗ്രസ്‌ നേതാക്കളുടേയും കെപിസിസി യിലെ സിയുസി സംഘത്തിന്റേയും മാനസിക പീഡനവും അഴിമതിക്കാരനാണെന്ന കുപ്രചാരണവുമാണ്‌ പ്രതാപചന്ദ്രന്റെ അപ്രതീക്ഷിത വേർപാടിന്‌ കാരണമെന്ന്‌  ഡിജിപി ക്ക്‌ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്‌ വാർത്തയായതോടെ കുറ്റക്കാർക്കെതിരെ കർക്കശ നടപടി സ്വീകരിക്കുമെന്ന്‌  ഉറപ്പുനൽകി സുധാകരൻ പരാതി പിൻവലിപ്പിക്കുകയുമായിരുന്നു.

നിങ്ങളുടെ പരാതിയിൽ ഒരു കഴമ്പുമില്ലെന്നും ആർക്കെതിരേയും നടപടിയെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ്‌ സുധാകരന്റെ ഇപ്പോഴത്തെ നിലപാടെന്ന്‌ പ്രതാപചന്ദ്രന്റെ മകൻ പ്രജിത്ത്‌ ദേശാഭിമാനിയോട്‌ പറഞ്ഞു. ‘‘ പ്രതാപചന്ദ്രന്‌ പുനർജന്മം നൽകിയത്‌ താനാണ്‌, നിങ്ങൾ ഇപ്പോൾ പരാതി നൽകിയാൽ ഞാനാകും ബുദ്ധിമുട്ടുക. പ്രതാപനോട്‌ മോശമായി പെരുമാറിയ ഒരാളും പാർട്ടിയിലോ കെപിസിസി ഓഫീസിലോ ഉണ്ടാകില്ല. ’’ –- എന്നായിരുന്നു പരാതി പിൻവലിപ്പിക്കാനായി സുധാകരൻ നൽകിയ വാഗ്ദാനം.  പരാതി പിൻവലിച്ചപ്പോൾ ചതിക്കുകയായിരുന്നു. അഛനെതിരെ വ്യാപകമായി അപഖ്യാതി പ്രചരിപ്പിച്ച കെപിസിസി ഓഫീസ്‌ ചുമതലയുള്ള ജനറൽ സെക്രട്ടറിയേയും സിയുസി സംഘാംഗങ്ങളേയും സംരക്ഷിക്കുകയാണ്‌.  ‘ നിങ്ങൾക്ക്‌ ചെയ്യാൻ പറ്റുന്നത്‌ എന്താന്ന്‌ വച്ചാൽ ചെയ്തോ, കാണട്ടേ ’ എന്ന്‌ വെല്ലുവിളിയാണ്‌ ഒടുവിൽ സുധാകരൻ ഉയർത്തിയത്‌. അദ്ദേഹം പിആർഒ അജിത്‌ വഴി വിളിപ്പിച്ചതിനെ തുടർന്നാണ്‌ താൻ തിരുവനന്തപുരത്തെ വസതിയിൽ പോയി കണ്ടതെന്നും പ്രജിത്ത്‌ വിവരിച്ചു.

സുധാകരനൊപ്പമുള്ള കെപിസിസി ജനറൽ സെക്രട്ടറി ജി എസ്‌ ബാബു, സിയുസി അംഗങ്ങളായ രമേശൻ കാവിൽ, പ്രദീപ്‌ തുടങ്ങിയവരാണ്‌ പ്രതാപചന്ദ്രനെതിരായ അപവാദപ്രചാരണങ്ങൾക്ക്‌ പിന്നിലെന്ന്‌ നേരത്തേ തന്നെ ആക്ഷേപമുയർന്നിരുന്നു. സിയുസി യുടെ ധർത്ത്‌ അടക്കം വഴിവിട്ട പ്രവർത്തനങ്ങളെ പ്രതാപചന്ദ്രൻ ചോദ്യം ചെയ്തിരുന്നതായ വിവരങ്ങളും മരണശേഷം പുറത്തുവന്നിരുന്നു. മുൻകെപിസിസി അധ്യക്ഷനും മന്ത്രിയുമായിരുന്ന വരദരാജൻനായരുടെ മകനായ പ്രതാപചന്ദ്രനെ ഡിസംബർ 20 ന്‌ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top