20 April Saturday

അപഹാസ്യനായി ‘ മുടക്ക്‌ സഹമന്ത്രി ’

പ്രത്യേക ലേഖകൻUpdated: Tuesday May 30, 2023


തിരുവനന്തപുരം
സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്രസർക്കാരിന്റെ അന്യായ നടപടി മറച്ചുവയ്ക്കാൻ കേരളത്തിനെതിരെ വ്യാജപ്രചാരണം നടത്തിയ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ വീണ്ടും അപഹാസ്യനായി. സാമ്പത്തികമായി ഞെരുക്കാൻ കേന്ദ്രം നടത്തിയ വെട്ടിക്കുറയ്ക്കലിനെ വ്യാജകണക്കു നിരത്തിയും ധൂർത്തെന്നാക്ഷേപിച്ചുമാണ്‌ മുരളീധരൻ ന്യായീകരിക്കാൻ ശ്രമിച്ചത്‌. കേന്ദ്രം ഇത്‌ സംബന്ധിച്ച്‌ അയച്ച കത്തുകളും കേന്ദ്രമാനദണ്ഡപ്രകാരം കിട്ടേണ്ട വായ്പാപരിധിയും ധനമന്ത്രി കെ എൻ ബാലഗോപാൽ വിശദീകരിച്ചതോടെ മുരളീധരന്റെ വാദത്തിലെ പൊള്ളത്തരം പുറത്തായി.

കഴിഞ്ഞ വർഷം മൂന്നരശതമാനമായിരുന്ന കടമെടുപ്പ്‌ പരിധി ഈ വർഷം അരശതമാനം കുറച്ചിട്ടും വായ്പാ തുകയിൽ കാര്യമായ വ്യത്യാസം വന്നിട്ടില്ല. കാരണം, കേരളത്തിലെ ആകെ വരുമാനം വർധിച്ചു. സംസ്ഥാനത്തിന്റെ വരുമാനം വർധിച്ചത്‌ ധൂർത്തായി കാണുന്നതാണ്‌ മുരളീധരന്റെ ‘സാമ്പത്തിക ശാസ്‌ത്രം’. 

കേരളത്തിന്റെ പ്രതിനിധിയായ കേന്ദ്ര സഹമന്ത്രിയെന്ന്‌ അവകാശപ്പെടുകയും സംസ്ഥാനത്തിനെതിരെ പ്രവർത്തിക്കുകയുമാണ്‌ മുരളീധരൻ. സാധ്യതയുള്ള വികസന പദ്ധതിയെല്ലാം അട്ടിമറിക്കുകയാണ്‌ പ്രധാന അജണ്ട. അർധഅതിവേഗ റെയിൽപ്പാതയോട്‌ കേന്ദ്ര റെയിൽ മന്ത്രാലയം അനുകൂല സമീപനം എടുത്തപ്പോൾ എങ്ങനെയും തടയാനാണ്‌ ശ്രമിച്ചത്‌. മുരളീധരൻ പറഞ്ഞിട്ടും വിലപ്പോകാത്തതിനാൽ ഇ ശ്രീധരനെ പോലുള്ളവരെ കൂട്ടിക്കൊണ്ടുപോയി നിവേദനം നൽകി.

ദേശീയപാത വികസനം സംബന്ധിച്ച്‌ പച്ചക്കള്ളം പ്രചരിപ്പിച്ചെങ്കിലും വസ്തുതകൾ പുറത്തുവന്നപ്പോൾ പരിഹാസ്യനായി. കേരളത്തിൽനിന്ന്‌ മാത്രമാണ്‌ ദേശീയപാത സ്ഥലമെടുപ്പിന്‌ 25 ശതമാനം പണം കേന്ദ്രം ഈടാക്കുന്നത്‌. സാമൂഹ്യ സുരക്ഷാപെൻഷനിലെ കൂടുതൽ തുകയും കേന്ദ്രമാണ്‌ നൽകുന്നതെന്ന വ്യാജപ്രചാരണവും പൊളിഞ്ഞു. ഇവിടെ വിതരണം ചെയ്യുന്ന 1600 രൂപയിൽ കേന്ദ്രവിഹിതം 300 രൂപ മാത്രമാണ്‌. കേരളത്തിനു വേണ്ടി ഒരു പദ്ധതിപോലും കൊണ്ടുവരാത്ത, സ്വന്തം നാടിനെ പിന്നോട്ടടിപ്പിക്കാൻ കൂട്ടുനിൽക്കുന്ന മുരളീധരന്റെ കുത്തിത്തിരിപ്പ്‌ വ്യാപകമായി ചോദ്യം ചെയ്യപ്പെടുകയാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top