03 December Thursday
മാറ്റം അടുത്ത പുനഃസംഘടനയിൽ ■ കുമ്മനവും സുരേഷ്‌ ഗോപിയും പരിഗണനയിൽ

പിആർ ഏജൻസി യുവതിക്ക്‌ സഹായം : മുരളീധരൻ തെറിച്ചേക്കും

സ്വന്തം ലേഖകൻUpdated: Friday Oct 9, 2020


കൊച്ചി
അബുദാബിയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ സ്വകാര്യ പിആർ ഏജൻസി ഉടമ സ്‌മിതാ മേനോനെ പങ്കെടുപ്പിച്ച വിഷയത്തിൽ  വി മുരളീധരന്‌ കേന്ദ്രസഹമന്ത്രിസ്ഥാനം നഷ്‌ടമായേക്കും. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ കേന്ദ്ര ഇന്റലിജൻസ്‌ വിഭാഗം അന്വേഷണം ആരംഭിച്ചു‌. പ്രധാനമന്ത്രിയുടെ ഓഫീസ്‌ വിദേശമന്ത്രാലയത്തോട്‌ വിശദീകരണവും തേടി.

ഇതിനു പിന്നാലെയാണ്‌ മന്ത്രിസ്ഥാനത്തുനിന്നും മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ച തുടങ്ങിയത്‌.  അടുത്ത കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ മുരളീധരനുപകരം കുമ്മനം രാജശേഖരനെയോ സുരേഷ്‌ ഗോപിയെയോ മന്ത്രിയാക്കുമെന്ന്‌ വിമതപക്ഷത്തിന്‌ വിവരം ലഭിച്ചു. വിദേശത്തുനടന്ന മന്ത്രിതല സമ്മേളനത്തിലെ പ്രോട്ടോകോൾ ലംഘനം പ്രധാനമന്ത്രിയുടെ ഓഫീസും അന്വേഷിക്കുന്നു‌.


 

വി മുരളീധരനുമായുള്ള യുവതിയുടെ ബന്ധത്തെപ്പറ്റി ജില്ലയിലെ ഏതാനും ബിജെപി നേതാക്കളോട്‌ ഇന്റലിജൻസ്‌ ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം വിവരം തേടിയിരുന്നു. കൊച്ചിയിലെ ചില മാധ്യമസ്ഥാപനങ്ങളിലും പിആർ ഏജൻസികളിലും അന്വേഷിച്ചു. യുവതിയുമായി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമുള്ള അടുപ്പത്തെക്കുറിച്ചും അന്വേഷണമാവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്കും പാർടി കേന്ദ്രനേതൃത്വത്തിനും വിമതവിഭാഗം പരാതി നൽകി.

സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായതിനുപിന്നാലെയാണ്‌  ഇവരെ മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറിയാക്കിയത്‌. ഇതിനെ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റുതന്നെ പരസ്യമായി എതിർത്തു. എന്നാൽ, മുരളീധരന്‌ കേന്ദ്രനേതൃത്വത്തിലുള്ള സ്വാധീനമുപയോഗിച്ച്‌ പാർടിക്കുള്ളിലെ എതിർപ്പുകളെ സുരേന്ദ്രൻ ഒതുക്കി. മുരളീധരനും സുരേന്ദ്രനും കൊച്ചിയിലുള്ളപ്പോഴെല്ലാം സ്‌മിതയുടെ വീട്ടിൽ എത്താറുണ്ട്‌. ജില്ലയിലെ പാർടിക്കാര്യങ്ങൾക്കുപോലും സമീപകാലത്തായി ഇരുവരും സ്‌മിതയെ ആശ്രയിച്ചതും‌ ബിജെപിക്കുള്ളിൽ വലിയ ചർച്ചയാണ്‌. അതിനിടെയാണ്‌ അന്താരാഷ്‌ട്ര സമ്മേളനത്തിലെ പ്രോട്ടോകോൾ ലംഘന വിവാദം ഉയർന്നത്‌.

സംസ്ഥാനത്തെ ആർഎസ്‌എസ്‌ നേതൃത്വത്തിന്റെ  എതിർപ്പ്‌ മറികടന്നാണ്‌ മുരളീധരൻ കേന്ദ്രമന്ത്രിസഭയിലെത്തിയത്‌. എബിവിപിയുടെ കേന്ദ്രനേതൃത്വത്തിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാക്കിയ ബന്ധങ്ങളാണ്‌ മുരളീധരനെ തുണച്ചത്‌.  എന്നാൽ,  ബിജെപി പാരമ്പര്യമൊന്നുമില്ലാത്ത യുവതിക്ക്‌ വഴിവിട്ട സഹായം നൽകിയത്‌ മുരളീധരനെതിരെ എതിർവിഭാഗത്തിന്‌ കിട്ടിയ ശക്തിയുള്ള ആയുധമായി.

ചട്ടലംഘനം അന്വേഷണം : ഉദ്യോഗസ്ഥനെ മാറ്റി
വിദേശ സഹമന്ത്രി വി മുരളീധരൻ ഉൾപ്പെട്ട പ്രോട്ടോകോൾ ലംഘനത്തെക്കുറിച്ചുള്ള പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. വിദേശമന്ത്രാലയത്തിലെ ജോയിന്റ്‌ സെക്രട്ടറിയും നയതന്ത്ര പാസ്‌പോർട്ട്‌ വിഭാഗം ചുമതലക്കാരനുമായ അരുൺ കെ ചാറ്റർജിയെ മാറ്റി പകരം അന്വേഷണച്ചുമതല ജോയിന്റ്‌ സെക്രട്ടറി ആദർശ്‌ സ്വൈകക്ക് നല്‍കി.

എറണാകുളത്തെ പി ആർ ഏജൻസി മാനേജർ സ്‌മിതാ മേനോനെ അബുദാബിയിലെ ഔദ്യോഗിക സമ്മേളനത്തിൽ പങ്കെടുപ്പിച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ്‌ ദുരൂഹമായ ഇടപെടൽ. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണിത്‌. മുരളീധരന്റെ പ്രോട്ടോകോൾ ലംഘനത്തെക്കുറിച്ച്‌   പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പിൽനിന്ന്‌ റിപ്പോർട്ട് തേടിയതിന്‌ പിന്നാലെയാണ്‌ ഉദ്യോഗസ്ഥനെ മാറ്റിയത്‌. ലോക്‌ താന്ത്രിക്‌ ജനതാദൾ നേതാവ്‌ സലിം മടവൂർ ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിക്ക്‌ നൽകിയ പരാതി പ്രകാരമാണ്‌ അന്വേഷണം‌. 2019 നവംബറിൽ അബുദാബിയിൽ ചേർന്ന ഇന്ത്യൻ മഹാസമുദ്രമേഖലയിലെ വിദേശമന്ത്രിമാരുടെ  സമ്മേളനത്തിലാണ്‌ സ്‌മിതാ മേനോനെ പങ്കെടുപ്പിച്ചത്‌. ഇവർ ഇന്ത്യയുടെ ഔദ്യോഗിക സംഘത്തിൽ അംഗമല്ലായിരുന്നു. ഇക്കാര്യം പുറത്തുവന്നപ്പോൾ മന്ത്രി മുരളീധരൻ പരസ്‌പരവിരുദ്ധമായ പ്രതികരണമാണ്‌ നടത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top