തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ സമ്മർദവും ആദ്യം അനുവദിച്ച ട്രെയിനിൽനിന്നുള്ള വരുമാനവും പരിഗണിച്ച് കേരളത്തിന് നൽകിയ രണ്ടാം വന്ദേഭാരതിന്റെ കന്നിയോട്ടം രാഷ്ട്രീയമുതലെടുപ്പിനുള്ള വേദിയാക്കി മാറ്റി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. അർധ അതിവേഗ റെയിലിനുൾപ്പെടെ ആപ്പ് വയ്‌ക്കാൻ ശ്രമിച്ച് കേരളത്തിന്റെ വികസനം മുടക്കുന്ന മന്ത്രി വന്ദേഭാരതിന്റെ പിതൃത്വം ഏറ്റെടുക്കാനെത്തി വീണ്ടും അപഹാസ്യനായി. കൊടി വീശാനും തനിക്ക് മുദ്രാവാക്യം വിളിക്കാനും ആളെ ഏർപ്പെടുത്തി ആയിരുന്നു മന്ത്രിയുടെ പര്യടനം.
രണ്ടാം വന്ദേഭാരതിന്റെ കന്നിയാത്രയിലുടനീളം ബിജെപിയുടെ രാഷ്ട്രീയ പ്രചാരണമായിരുന്നു. ഓരോ സ്റ്റോപ്പിലും മന്ത്രിയുടെ ഷോയ്‌ക്ക് കുറവുണ്ടായില്ല. പാർടി പ്രവർത്തകർ തള്ളിക്കയറിയത് സുരക്ഷാവീഴ്‌ചയുമായി. കേന്ദ്രത്തിന്റെ ഒരു പദ്ധതിയും കേരളത്തിന് നൽകാനാകാതെയാണ് മുരളീധരന്റെ ഷോയത്രയും.
ദീർഘകാല ആവശ്യമായ എയിംസ് ഇനിയും അനുവദിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. ഇതിനായി സഹമന്ത്രിയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായില്ല. അതേസമയം, കേരളത്തിന്റെ വികസനം മുടക്കാനാണ് ആദ്യപരിഗണന. ലഭിക്കേണ്ട ആനുകൂല്യങ്ങൾ കേരളത്തിന് മുടക്കുമ്പോൾ പരിഹാസച്ചിരിയും.സംസ്ഥാനം ആവിഷ്‌കരിച്ച കെ റെയിൽ മുടക്കാൻ ശ്രമിച്ച പ്രമുഖനാണിദ്ദേഹം.
ദേശീയപാത വികസനം മുടക്കാനും അക്ഷീണ പ്രയത്നമുണ്ടായിട്ടുണ്ട്. രാജ്യത്താദ്യമായി ദേശീയപാത വികസനത്തിന് സംസ്ഥാനം 25 ശതമാനം നൽകിയപ്പോൾ അങ്ങനെയല്ലെന്ന് വരുത്തിത്തീർക്കാനായിരുന്നു കേന്ദ്രമന്ത്രിയുടെ ശ്രമം. 65 ലക്ഷം പേർക്കാണ് സംസ്ഥാനം പെൻഷൻ നൽകുന്നത്. ഇത് കേന്ദ്രത്തിന്റെയാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും മന്ത്രി നടത്തി.
എന്നാൽ, കേന്ദ്രം നൽകേണ്ട വിഹിതം വാങ്ങിനൽകുന്നതിൽ പരാജിതനായി. ബജറ്റിൽ 40,000 കോടി വെട്ടിക്കുറച്ചപ്പോൾ ആഹ്ലാദചിത്തനായി. കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളുടെ വികസനം, എയിംസ്, ദേശീയപാത വികസനം, ഉച്ചഭക്ഷണ പദ്ധതി ഫണ്ട്, ജിഎസ്‌ടി നഷ്ടപരിഹാരം, കടമെടുപ്പ് പരിധി വെട്ടിക്കുറയ്‌ക്കൽ, കിഫ്‌ബി വായ്‌പ ബജറ്റിന്റെ ഭാഗമാക്കൽ തുടങ്ങി നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം വേണമെന്ന് കേരളം ആവശ്യപ്പെടുമ്പോഴും ഇതിലൊന്നും ചെറുവിരലനക്കാൻ മന്ത്രി തയ്യാറല്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..