19 October Monday

എൻഐഎ റിമാൻഡ് റിപ്പോർട്ട് കേന്ദ്രത്തെയും വി മുരളീധരനെയും പ്രതിക്കൂട്ടിലാക്കുന്നത്; വാദങ്ങളെല്ലാം പൊളിയുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020

തിരുവനന്തപുരം > നയതന്ത്ര ചാനലിൽ സ്വർണം കടത്തിയ കേസിൽ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് എൻഐഎ വ്യക്തമാക്കിയതോടെ കേന്ദ്രസർക്കാരും വി മുരളീധരനും വെട്ടിലായി. നയതന്ത്ര ബാഗേജിലൂടെ വലിയ തോതിൽ സ്വർണം കള്ളക്കടത്ത് നടത്തിയതിൽ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കുള്ള പങ്ക് ആദ്യമായി എൻഐഎ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇക്കാര്യം നേരത്തെ സിപിഐ എം ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് ഒരു പങ്കുമില്ലെന്ന് വാദിക്കുകയാണ് കേന്ദ്രമന്ത്രി വി മുരളീധരൻ ചെയ്തുകൊണ്ടിരുന്നത്.

പ്രതികളുടെ റിമാൻഡ് നീട്ടാൻ അപേക്ഷിച്ചുകൊണ്ട് എൻഐഎ ഇന്ന് എറണാകുളം എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് വി മുരളീധരന്റെ വാദങ്ങള്‍ പൊളിയ്ക്കുന്നു. കേസിലെ ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരുന്നതിന് വിദേശത്ത് അന്വേഷണം നടത്തണമെന്നും  കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കെതിരെയും ഉന്നത പദവിയിലുള്ള വ്യക്തികൾക്കെതിരെയും അന്വേഷണം നടത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിലെ 9-ാം ഖണ്ഡികയിൽ വ്യക്തമാക്കുന്നു.

കോൺസുലേറ്റിന് സ്വർണക്കടത്തിലുള്ള പങ്ക് തുടക്കം മുതലേ വ്യക്തമായിരുന്നു. എന്നാൽ, അന്വേഷണ ഏജൻസികൾ ആ ഭാഗത്തേക്ക് നോക്കിയതേയില്ല. കള്ളക്കടത്തിൻറെ പങ്ക് പറ്റിയെന്ന് സംശയിക്കുന്ന അറ്റാഷെ ഇതിനിടയിൽ രാജ്യം വിടുകയും ചെയ്തു. അപ്പോഴാണ് അറ്റാഷെ സംശയത്തിൻറെ നിഴലിൽ പോലും അല്ലെന്ന് വി മുരളീധരൻ പറഞ്ഞത്.

റിമാൻഡ് റിപ്പോർട്ടിലെ അഞ്ചാമത്തെ ഖണ്ഡിക വ്യക്തമാക്കുന്നത് പ്രധാന പ്രതി ഫൈസൽ ഫരീദ് ഉൾപ്പെടെ നാലു പേർ യുഎഇയിൽ ആണെന്നും അവർ ഒളിവിലാണെന്നുമാണ്. ഈ പ്രതികളെ കുറിച്ച് കൂടുതൽ വിവരം ലഭിക്കുന്നതിന് ഇൻറർപോളുമായി ബന്ധപ്പെട്ട് ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായും കോടതിയെ എൻഐഎ അറിയിക്കുന്നു. ഫൈസൽ ഫരീദിനെ ഇതുവരെ ചോദ്യം ചെയ്യാൻ എൻഐഎക്ക് കഴിഞ്ഞിട്ടില്ലെന്ന് ഇതിൽ നിന്ന് വ്യക്തം.

മാത്രമല്ല, ദുബായിയിൽ പോയിട്ടും എൻഐഎക്ക് ഫൈസൽ ഫരീദിനെ കാണാൻ പോലും കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് പ്രതികൾ ഒളിവിലാണെന്ന് എൻഐഎക്ക് പറയേണ്ടി വന്നത്. ഒളിവിലാണെന്ന് എൻഐഎ പറയുന്ന ഫൈസൽ ഫരീദ് സുഖമായി ദുബായിയിൽ കഴിയുന്നുണ്ട്. അയാൾ ടിവി ചാനലുകൾക്ക് അഭിമുഖവും കൊടുക്കുന്നു. എന്നിട്ടും എൻഐഎയെ സംബന്ധിച്ച് ഈ മുഖ്യപ്രതി കാണാമറയത്താണ്.

യുഎഇയിലുള്ള പ്രതികളെ ഇന്ത്യയിലേക്ക് നിയമപ്രകാരം കൊണ്ടുവരുന്നതിന് ഒരു നടപടിയും അന്വേഷണ ഏജൻസിയോ കേന്ദ്രസർക്കാരോ ചെയ്തിട്ടില്ല എന്നും റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്ന കാര്യമാണ്. റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന ബ്ലൂ നോട്ടീസിൻറെ ഉപയോഗം ഇൻറർപോളിനെ ഉപയോഗിച്ച് ഈ പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാം എന്നതുമാത്രമാണ്. അവിടെയുള്ള പ്രതികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന നടപടി ഇതുവരെ ആരംഭിച്ചിട്ടില്ല. കുറ്റവാളികളെ കൈമാറുന്നതിന് യുഎഇയും ഇന്ത്യയും തമ്മിൽ കരാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തിലാണ് ഈ കരാർ ഒപ്പിട്ടത്. എന്നിട്ടും പ്രതികളെ കൊണ്ടുവരാൻ നടപടിയെടുക്കാത്തത് ദുരൂഹമാണ്.

സ്വർണം വിദേശത്തുനിന്ന് അയച്ചവരെയും ഇവിടെ അതിന്റെ ഗുണഭോക്താകളായവരെയും കണ്ടുപിടിക്കണമെന്നാണ് മുഖ്യമന്ത്രിയും എൽഡിഎഫും ഈ കേസിന്റെ തുടക്കം മുതലേ പറയുന്നതാണ്. എന്നാൽ, ഇതുവരെ ഒരു അന്വേഷണ ഏജൻസിയും സ്വർണം എവിടേക്കാണ് പോയതെന്ന് അന്വേഷിച്ചിട്ടില്ല. ഈ വസ്തുത ശരിവെക്കുന്നതാണ് ഇന്നത്തെ റിമാൻഡ് റിപ്പോർട്ട്. പത്താം ഖണ്ഡികയിൽ പറയുന്നത് കള്ളക്കടത്ത് സ്വർണത്തിൻറെ ഉപയോക്തക്കളെയും ഗുണഭോക്താക്കളെയും കണ്ടെത്തേണ്ടതുണ്ട് എന്നാണ്. അതിനർത്ഥം ഇന്നുവരെ അന്വേഷണം ആ വഴിക്ക് നീങ്ങിയിട്ടില്ല എന്നാണ്.

നയതന്ത്ര ബാഗേജ് വഴിയാണ് സ്വർണം കടത്തിയതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ മാത്രം ഇപ്പോഴും സമ്മതിച്ചിട്ടില്ല. വെള്ളിയാഴ്ച്ച കോടതിയിൽ എൻഐഎ സമർപ്പിച്ച റിപ്പോർട്ടിലും നയതന്ത്ര ബാഗേജ് വഴിയാണ്. ചുരുക്കത്തിൽ എൻഐഎ ഇന്ന് സമർപ്പിച്ച റിപ്പോർട്ട് വി മുരളീധരൻറെയും ഒരു വിഭാഗം മാധ്യമങ്ങളുടെയം പ്രചാരണവും വാദങ്ങളും തള്ളിക്കളയുന്നതാണെന്ന് വ്യക്തം.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top