25 April Thursday

വി മുരളീധരന്റെ പരാമർശത്തിന്‌ 
ചുട്ട മറുപടി നൽകി മന്ത്രി കെ രാധാകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

തിരുവനന്തപുരം
സാഹിത്യ അവാർഡ്‌ സമ്മാനദാന ചടങ്ങിനിടെ  കേന്ദ്രമന്ത്രി വി മുരളീധരന്റെ  വസ്‌തുതാവിരുദ്ധ പരാമർശത്തിന്‌ ചുട്ട മറുപടി നൽകി മന്ത്രി കെ രാധാകൃഷ്ണൻ.
കേരളത്തിലെ പട്ടികജാതിക്കാർക്കിപ്പോഴും  പഞ്ചമിയും കൂട്ടരും അനുഭവിച്ച യാതനകളുടെ കാലമാണെന്നായിരുന്നു  പൊതുവേദിയിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ  പ്രസംഗം.

ആനയറ പഞ്ചമി ക്ഷേത്രം ഏർപ്പെടുത്തിയ സാഹിത്യ അവാർഡ് കൈതപ്രത്തിന് സമ്മാനിക്കുന്ന ചടങ്ങിനിടെയായിരുന്നു മുരളീധരന്റെ പ്രസംഗം.
ബിജെപിയും കോൺഗ്രസും ഭരണം നടത്തുന്ന ഇന്ത്യയിലെ പല സംസ്ഥാനത്തും പട്ടികജാതി–-വർഗ  വിഭാഗങ്ങളിൽപ്പെട്ടവർ മർദനവും കൊലപാതകമടക്കമുള്ള ദുരിതങ്ങൾ നേരിടുമ്പോൾ കേരളം അവരെയാകെ ചേർത്തുപിടിച്ച് ഉന്നതിയിലേക്ക് കുതിക്കുകയാണെന്ന്‌ മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
|
ഇന്ത്യൻ പ്രസിഡന്റായി പട്ടികവർഗ വനിത അധികാരമേറ്റെടുത്ത ദിവസമാണ്  രാജസ്ഥാനിൽ  സ്‌കൂളിൽ സവർണർക്കു വച്ച വെള്ളമെടുത്തു കുടിച്ച ദളിത് ബാലൻ  അധ്യാപകന്റെ നിഷ്‌ഠുര മർദനമേറ്റ് മരിച്ചത്.  കേരളം അതിൽനിന്നൊക്കെ ഏറെ വ്യത്യസ്തമാണ്.  നഴ്സറി ക്ലാസ് മുതൽ ഉന്നത പഠനത്തിനുവരെ കേരളത്തിൽ പട്ടിക വിഭാഗം വിദ്യാർഥികൾക്ക് പൂർണ സ്കോളർഷിപ് നൽകുന്നു. തുടർന്ന്, തൊഴിൽ നേടാനും പ്രത്യേക പരിശീലനം നൽകുന്നു.  -കോൺഗ്രസോ  ബിജെപിയോ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും പട്ടിക–-പിന്നാക്ക–--ദളിത് ജനതയ്ക്ക് രക്ഷയില്ലാത്ത സ്ഥിതിയാണെന്നും കേന്ദ്രമന്ത്രിയെ വേദിയിലിരുത്തി മന്ത്രി കെ രാധാകൃഷ്ണൻ വിശദീകരിച്ചു. പട്ടികജാതി വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് കേന്ദ്രം 2.5 ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ചപ്പോൾ കേരളം വരുമാനം നോക്കാതെ സ്കോളർഷിപ് നൽകിയെന്ന്‌  -കെ രാധാകൃഷ്ണൻ വ്യക്തമാക്കി. ആർഎസ്‌എസ്‌–-ബിജെപി സർക്കാർ ഇന്ത്യയെ പഴയ ചാതുർവർണ്യത്തിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇക്കാര്യം പട്ടിക–- -പിന്നാക്ക ജനത തിരിച്ചറിയുന്നുണ്ട്–-കെ രാധാകൃഷ്ണൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top