23 April Tuesday

നിയമസഭ : പ്രതിപക്ഷത്തിനെതിരെ 
വിമർശവുമായി സുധീരൻ ; എ കെ ജിയെ സ്‌മരിച്ച്‌ ഫെയ്‌സ്‌ ബുക്ക്‌ പോസ്റ്റ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023


തൃശൂർ
നിയമസഭയിൽ കലാപക്കൊടി ഉയർത്തി സമ്മേളനം അലങ്കോലമാക്കിയ കേരളത്തിലെ പ്രതിപക്ഷത്തിനെതിരെ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ വി എം സുധീരൻ. ജനാധിപത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കാനും പാർലമെന്റും നിയമസഭയും നേരാംവണ്ണം പ്രവർത്തിക്കാനും പാർലമെന്ററി വേദിയെ ജനങ്ങൾക്കുവേണ്ടി ഫലപ്രദമായി വിനിയോഗിച്ച എ കെ ജിയുടെ സ്മരണ എല്ലാവർക്കും പ്രേരകമാകണമെന്ന്‌ സുധീരൻ ഫെയ്‌സ്‌ ബുക്ക്‌ പോസ്റ്റിൽ കുറിച്ചു. ജനാധിപത്യ അവകാശങ്ങൾ പിച്ചിച്ചീന്തപ്പെടുന്ന പാർലമെന്റിന്റെ ദുരവസ്ഥ രാജ്യത്തിന്‌ അപമാനമാണ്. രാഷ്ട്രീയ പ്രബുദ്ധമെന്ന് നാം അഭിമാനിക്കുന്ന കേരള നിയമസഭയുടെ ഇപ്പോഴത്തെ അവസ്ഥയും വ്യത്യസ്തമല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

മുഴുവൻ പാവങ്ങൾക്കും കർഷക-ത്തൊഴിലാളി സമൂഹത്തിനും മാനവരാശിക്കും നേരെയുള്ള ചൂഷണങ്ങൾക്കെതിരെ പടപൊരുതിയ മനുഷ്യസ്‌നേഹിയായ കമ്യൂണിസ്റ്റ് നേതാവ് എ കെ ജിയുടെ വേർപാടിന് 46 വർഷമായി. കോൺഗ്രസിന് 364 എംപിമാർ ഉണ്ടായിരുന്ന ആദ്യ ലോക്‌‌സഭയിൽ 16 പേരുടെ അംഗബലവുമായി ജയിച്ചുവന്ന എ കെ ജിയെ പ്രതിപക്ഷനേതൃപദവിയുടെ പരിഗണന നൽകി ആദരിച്ച പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റുവിന്റെ നടപടി ജനാധിപത്യ ചരിത്രത്തിലെ ഉജ്വല അധ്യായമാണ്. പ്രതിപക്ഷശബ്ദത്തിന് അർഹമായ പരിഗണന നൽകിയ ജവാഹർലാൽ നെഹ്‌റുവും അതിനോട് ക്രിയാത്മകമായി പ്രതികരിച്ച എ കെ ജിയും തങ്ങളുടെ സാന്നിധ്യംകൊണ്ട് ധന്യമാക്കിയ പാർലമെന്റിന്റെ ഇന്നത്തെ അവസ്ഥ അതീവ പരിതാപകരമാണെന്നും ഫെയ്‌സ്‌ ബുക്ക്‌ പോസ്റ്റിൽ പറയുന്നു.

അതിനിടെ, നിയമസഭയിലെ പ്രതിപക്ഷ അതിക്രമങ്ങളെ വിമർശിച്ചതിന്റെ പേരിൽ സുധീരന്റെ എഫ്‌ബി പോസ്റ്റിനു താഴെ കോൺഗ്രസ്‌ പ്രവർത്തകർ ഭീഷണി കമന്റുകളും അധിക്ഷേപങ്ങളും ചൊരിയുകയാണ്‌. ഒരു ചുവന്ന ഷാൾകൂടി കരുതിക്കൊള്ളൂ എന്നും മറ്റുമാണ്‌ കമന്റുകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top