03 July Thursday

നേതൃത്വത്തിൽ ഏകാധിപതികളെന്ന്‌ സുധീരനും മുല്ലപ്പള്ളിയും ; വെട്ടിലായി ഹൈക്കമാൻഡ്‌

പ്രത്യേക ലേഖകൻUpdated: Monday Sep 27, 2021

 

തിരുവനന്തപുരം
സംസ്ഥാന നേതൃത്വത്തോട്‌ വിട്ടുവീഴ്‌ചയില്ലെന്ന്‌ ഹൈക്കമാൻഡ്‌ പ്രതിനിധികളോട്‌ വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും ഉറപ്പിച്ച്‌ പറഞ്ഞതോടെ കോൺഗ്രസിലെ പ്രതിസന്ധി കൂടുതൽ മൂർച്ഛിച്ചു. രാഷ്ട്രീയകാര്യസമിതി അംഗത്വം രാജിവച്ച സുധീരൻ എഐസിസി അംഗത്വംകൂടി ഒഴിഞ്ഞതോടെ കോൺഗ്രസ്‌ നേതൃത്വവും വെട്ടിലായി. പുതിയ നേതൃത്വത്തെ അവരോധിച്ചും ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചും നടത്തിയ നീക്കം ഭിന്നത ശമിപ്പിച്ചില്ലെന്ന്‌ ഹൈക്കമാൻഡിന്‌ ബോധ്യമായി.

കെ സുധാകരന്റെ ശൈലി കോൺഗ്രസിന്റെ നന്മയ്‌ക്ക്‌ ഉപകരിക്കില്ലെന്ന്‌ എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവറിനോട്‌ അടിവരയിട്ട്‌ പറഞ്ഞ സുധീരനും മുല്ലപ്പള്ളിയും നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. രമേശ്‌ ചെന്നിത്തല, എം എം ഹസ്സൻ എന്നിവരും പുതിയ നേതൃത്വത്തിനെതിരായ വികാരം ഹൈക്കമാൻഡ്‌ പ്രതിനിധികളോട്‌ പ്രകടിപ്പിച്ചതായാണ്‌ സൂചന. മുതിർന്ന നേതാക്കൾ ഒരുവശത്തും കെ സുധാകരനും വി ഡി സതീശനും ചേർന്ന കോക്കസ്‌ മറുഭാഗത്തും നിലയുറപ്പിച്ചിരിക്കുന്നു. മുല്ലപ്പള്ളിയും സുധീരനും വഴങ്ങണമെങ്കിൽ നേതൃമാറ്റം കൂടിയേ തീരൂ. കെ സി വേണുഗോപാൽ വഴി ഹൈക്കമാൻഡിലുള്ള പിടിത്തമാണ്‌ ഇരുവരും ആയുധമാക്കുന്നത്‌. പരിഭവം നേർത്തുവരുന്നുണ്ടെങ്കിലും സുധാകരനെ ഉന്നംവച്ചാണ്‌ എ, ഐ ഗ്രൂപ്പുകളുടെയും നീക്കം. കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ സുധാകരനെ ഹൈക്കമാൻഡ്‌  ഉടനെ മാറ്റാനിടയില്ല. സുധീരന്റെ രാജി പിൻവലിപ്പിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ്‌ താരിഖ്‌ അൻവറിനെ നിയോഗിച്ചത്‌. അത്‌ പാളിയെന്നുമാത്രമല്ല, നേതൃമാറ്റ ആവശ്യത്തോടെ പ്രശ്‌നപരിഹാരം കീറാമുട്ടിയായി.

ഉചിതമായ തീരുമാനം ഹൈക്കമാൻഡ്‌ എടുത്തില്ലെങ്കിൽ അടുത്ത നടപടിയെന്നാണ്‌ സുധീരന്റെ നിലപാട്‌. ദേശീയതലത്തിൽ ഏതെങ്കിലും പദവി നൽകിയാൽ സുധാകരനുമായി ഏറ്റുമുട്ടൽ അവസാനിപ്പിച്ച്‌ മുല്ലപ്പള്ളി പിൻവാങ്ങുമെന്നാണ്‌ ഹൈക്കമാൻഡ്‌ കരുതുന്നത്‌. സുധീരന്റെ വിമർശം അവഗണിച്ച്‌ മുന്നോട്ടുപോകാനാണ്‌ സാധ്യത. സുധീരനും മുല്ലപ്പള്ളിയുമായി ഞായറാഴ്‌ച താരിഖ്‌ അൻവർ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്‌ച സുധാകരൻ ഇടപെട്ട്‌ ഒഴിവാക്കിയിരുന്നു. എന്നാൽ, എഐസിസി അംഗത്വവും രാജിവച്ചതോടെ സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പും തള്ളി കൂടിക്കാഴ്‌ച തീരുമാനിക്കുകയായിരുന്നു. സുധാകരനും സതീശനും വേണുഗോപാലും ഇതിൽ അസ്വസ്ഥരാണ്‌. സുധീരനോട്‌  ഹൈക്കമാൻഡ്‌ സൗമനസ്യം കാട്ടാനുള്ള  സാധ്യത വിരളമാണ്‌. രാഹുൽ ഗാന്ധിയുടെ സമീപനത്തിൽ നേരത്തേതന്നെ സുധീരൻ അസംതൃപ്‌തനാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top