20 April Saturday

‘കെ സുധാകരനോട്‌ കളിക്കേണ്ട’; വി എം സുധീരനെതിരെ രൂക്ഷ സൈബർ ആക്രമണം

ദിനേശ്‌വർമUpdated: Monday Sep 27, 2021

തിരുവനന്തപുരം > കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽനിന്ന്‌ രാജിവച്ച വി എം സുധീരനെതിരെ പാർടി പ്രവർത്തകരുടെ രൂക്ഷ സൈബർ ആക്രമണം. ‘പാർടിയെ നശിപ്പിക്കാൻ നാണംകെട്ട്‌ കൂട്ടുനിൽക്കാതെ പുറത്തുപോകാൻ ’ ആവശ്യപ്പെട്ടാണ്‌ ആക്രമണം. സൈബർ ആക്രമണത്തിനുപിന്നിൽ  കെ സുധാകരനാണെന്ന ആക്ഷേപവും പിന്നാലെ ഉയർന്നു. അച്യുതമേനോൻ–-കരുണാകരൻ മന്ത്രിസഭയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച്‌ സുധീരൻ ഇട്ട ഫെയ്‌സ്‌ബുക്‌ പോസ്‌റ്റിനടിയിലാണ്‌  പൊങ്കാല.
കോൺഗ്രസിന്റെ ചരിത്രം ഓർമപ്പെടുത്തി സുധീരനെതിരെയുള്ള കുറ്റപത്രമാണെല്ലാം.

പാർടിയിൽ ചർച്ചയുടെ പ്രാധാന്യം സുധീരൻ പോസ്‌റ്റിൽ എടുത്തു പറഞ്ഞിരുന്നു. ‘മുൻകൂട്ടിയുള്ള ചർച്ചകളിലൂടെ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള ക്രമീകരണവും അഥവാ പ്രശ്നങ്ങൾ ഉയർന്നുവന്നാൽ അതെല്ലാം ചർച്ചകളിലൂടെ പരിഹരിക്കുന്ന പ്രവർത്തനശൈലിയും ആ മന്ത്രിസഭയെ വേറിട്ടതാക്കുന്നു.’ എന്നാണ്‌ കുറിച്ചത്‌.

കെ സുധാകരനും വി ഡി സതീശനും വ്യക്തമായ സന്ദേശമാണ്‌ ഇതിലൂടെ നൽകിയത്‌. എന്നാൽ, കമന്റ്‌ബോക്സിൽ സുധീരന്റെ രാജിയോടുള്ള കനത്ത പ്രതികരണമാണുണ്ടായത്‌. ‘അസ്ഥാനത്ത്‌ താങ്കൾ നടത്തിയ പ്രതികരണങ്ങളാണ്‌  കോൺഗ്രസിന്‌ ഈ ഗതി വരുത്തിയത്‌. താങ്കളുടെ മദ്യനയത്താലാണ്‌ 2016ൽ യുഡിഎഫിന്‌ തുടർഭരണം നഷ്ടമായത്‌. ഉപദ്രവിക്കാതെ പോയിത്തരണം. കരുണാകരനെ നിയമസഭയിൽ വച്ച്‌ കുത്തിയതിന്റെ തിക്തഫലമാണ്‌ ഇപ്പോൾ അനുഭവിക്കുന്നത്‌. ഉമ്മൻചാണ്ടിയെ നിങ്ങൾ കുതികാൽ വെട്ടിയില്ലേ’ എന്നിങ്ങനെ നീളുന്നതാണ്‌ പ്രതികരണങ്ങൾ. ‘കെ സുധാകരനോട്‌ കളിക്കേണ്ട’ എന്ന ഭീഷണി കമന്റുകളുമുണ്ട്‌.

കൃത്യമായ ലക്ഷ്യത്തോടെ കരുതിക്കൂട്ടിയുള്ള പ്രതികരണങ്ങളാണ്‌ ഏറെയും.  സുധീരൻപോയാലും ഇത്രയേ ഉള്ളൂവെന്ന്‌ സൂചിപ്പിക്കുന്ന സുധാകരന്റെ നിലപാടും സൈബർആക്രമണവും കൂട്ടിവായിക്കുമ്പോൾ ലക്ഷ്യം വ്യക്തമാണ്‌.  
ഏറ്റവും ശക്തമായ സൈബർ സംഘമുള്ള നേതാവാണ്‌ സുധാകരൻ. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക്‌ മറ്റാരുടെയും പേര്‌ ഉയർന്നുവരാതെ നോക്കിയതും ഈ സൈബർ സംഘമായിരുന്നു. കെപിസിസിയുടെ വർക്കിങ് പ്രസിഡന്റ്‌ കൊടിക്കുന്നിൽ സുരേഷ്‌ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top