29 March Friday

മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ മഹാനായ കലാകാരൻ; വി എം കുട്ടിയുടെ വേർപാടിൽ എ വിജയരാഘവന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

തിരുവനന്തപുരം > മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ മഹാനായ കലാകാരനെയാണ്‌ വി എം കുട്ടിയുടെ വേര്‍പാടിലൂടെ നഷ്‌ടമായതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഏറനാടിന്റെ മതനിരപേക്ഷ സാംസ്‌കാരിക ജീവിതത്തിന്റെ ഉജ്വലമായ പ്രതീകമായിരുന്നു കുട്ടി മാഷ്‌. വിവാഹവേദികളില്‍ മാത്രം ഒതുങ്ങിപ്പോയിരുന്ന, വിപുലമായ ചരിത്രമുള്ള മാപ്പിളപ്പാട്ട്‌ എന്ന കലാരൂപത്തെ കാലാനുസൃതമായി പരിഷ്‌കരിച്ച്‌ ജനങ്ങളിലേക്കെത്തിക്കാന്‍ വി എം കുട്ടിയും സംഘവും നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിസ്‌തുലമാണ്‌. ആയിരക്കണക്കിന്‌ പാട്ടുകളാണ്‌ അദ്ദേഹം ചിട്ടപ്പെടുത്തിയത്‌. മാപ്പിളപ്പാട്ട്‌ പോലെ തന്നെ മറ്റ്‌ നാടോടി സംഗീത മേഖലകളിലും പാണ്ഡിത്യമുണ്ടായിരുന്നു.

സിനിമാ സംഗീത മേഖലയിലും സാന്നിധ്യമറിയിച്ച അദ്ദേഹം ജീവിതത്തിലുടനീളം ഇടതുപക്ഷ പ്രസ്ഥാനവുമായി വിശേഷിച്ച്‌ സിപിഐ എമ്മുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. കമ്യൂണിസ്റ്റ്‌ പാര്‍ട്ടി യോഗങ്ങളില്‍ ഒരു കാലത്ത്‌ വി എം കുട്ടിയുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതായിരുന്നു. ഗായകനായും ഗ്രന്ഥകര്‍ത്താവായും സംഘാടകനായുമെല്ലാം തിളങ്ങിയ അദ്ദേഹത്തിന്റെ നിര്യാണം ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്‌ അപരിഹാര്യമായ നഷ്‌ടമാണ്‌. വി എം കുട്ടിയുടെ കുടുംബാംഗങ്ങളുടെയും സംഗീത പ്രേമികളുടെയും വേദനയില്‍ എ വിജയരാഘവന്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top