26 April Friday

തിരിച്ചുവരവിന്‌ വഴികാണാതെ ഇബ്രാഹിംകുഞ്ഞ്‌ ; ലീഗ്‌ സംസ്ഥാന നേതൃത്വവും കൈവിട്ടു

വെബ് ഡെസ്‌ക്‌Updated: Monday Jan 10, 2022


കൊച്ചി
കളമശേരി മണ്ഡലത്തിലെ തോൽവിയുടെ ഉത്തരവാദിത്വം എതിർവിഭാഗത്തിനുമേൽ ചാർത്താനുള്ള വി കെ ഇബ്രാഹിംകുഞ്ഞിന്റെ നീക്കത്തിന്‌ തിരിച്ചടി. തെരഞ്ഞെടുപ്പ്‌ തോൽവിയുടെ പേരിൽ വിമതപക്ഷത്തിനെതിരെ കടുത്ത നടപടി വേണമെന്ന ഇബ്രാഹിംകുഞ്ഞിന്റെ ആവശ്യം  സംസ്ഥാന ഉന്നതാധികാരസമിതി പരിഗണിച്ചില്ല. എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്ത്‌ മകൻ വി ഇ അബ്‌ദുൾ ഗഫൂറിനെ പുനഃസ്ഥാപിക്കാനുള്ള ഇബ്രാഹിംകുഞ്ഞിന്റെ ശ്രമവും പരാജയപ്പെട്ടു. ഉന്നതാധികാര സമിതി തീരുമാനം തിങ്കളാഴ്‌ച ചേർന്ന സംസ്ഥാന പ്രവർത്തക സമിതിയോഗമാണ്‌ പ്രഖ്യാപിച്ചത്‌. കളമശേരിയിലെ തോൽവിയോടെ ജില്ലയിൽ ഒറ്റപ്പെട്ട ഇബ്രാഹിംകുഞ്ഞിനെ ഇതോടെ സംസ്ഥാന നേതൃത്വവും  കൈവിട്ടിരിക്കുകയാണ്‌. 

എംഎൽഎമാരായ കുറുക്കോളി മൊയ്‌തീൻ, പി അബ്‌ദുൾ ഹമീദ്‌ എന്നിവർ അംഗമായ സമിതി തയ്യാറാക്കിയ കളമശേരിയിലെ തോൽവിയുടെ റിപ്പോർട്ടാണ്‌ ഉന്നതാധികാരസമിതിയിലെത്തിയത്‌. ഇരുപക്ഷത്തെയും മൊഴിയും മറ്റു തെളിവുകളും ശേഖരിച്ചാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. റിപ്പോർട്ട്‌ പരിഗണിച്ച ഉന്നതാധികാരസമിതി ജില്ലാ പ്രസിഡന്റ്‌ കെ എം അബ്‌ദുൾ മജീദിനെ താക്കീത്‌ ചെയ്യാൻ മാത്രമാണ്‌ തീരുമാനിച്ചത്‌. എന്നാൽ, വി ഇ അബ്‌ദുൾ ഗഫൂറിനെ ജില്ലാ ജനറൽ സെക്രട്ടറിയായി തിരിച്ചുകൊണ്ടുവരണമെന്ന ഇബ്രാഹിംകുഞ്ഞിന്റെ ആവശ്യം തള്ളി. പകരം അധികാരമൊന്നുമില്ലാത്ത ജില്ലാ ആക്ടിങ്  പ്രസിഡന്റാക്കി. ജില്ലാ പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ ടി എ അഹമ്മദ്‌ കബീർ വിഭാഗക്കാരാണ്‌. 15 അംഗ ജില്ലാ കമ്മിറ്റിയിൽ ആറുപേർ മാത്രമാണ്‌ ഇബ്രാഹിംകുഞ്ഞിനൊപ്പമുള്ളത്‌.

അന്വേഷണ സമിതി തെളിവെടുപ്പിനെത്തിയപ്പോൾ തോൽവിയുടെ ഉത്തരവാദിത്വം മുഴുവൻ വിമതപക്ഷത്തിനുമേൽ കെട്ടിവയ്‌ക്കാനാണ്‌ ഇബ്രാഹിംകുഞ്ഞ്‌ ശ്രമിച്ചത്‌. എന്നാൽ, അദ്ദേഹത്തിനൊപ്പമുള്ള ചിലരും എതിരായി മൊഴി നൽകിയത്‌ തിരിച്ചടിയായി. പാലാരിവട്ടം പാലം അഴിമതിക്കേസിൽ പ്രതിയായി സീറ്റ്‌ നിഷേധിക്കപ്പെട്ടപ്പോൾ സ്വന്തം പക്ഷത്തെതന്നെ മുതിർന്ന നേതാക്കളെ തഴഞ്ഞ്‌ ഇബ്രാഹിംകുഞ്ഞ്‌ മകനെ സ്ഥാനാർഥിയാക്കിയതാണ്‌ കാരണം.

പ്രചാരണരംഗത്തുനിന്ന്‌ തങ്ങളെ  മാറ്റിനിർത്തിയതും പരസ്യമായി അപമാനിച്ചതുമെല്ലാം വിമതപക്ഷം ചൂണ്ടിക്കാട്ടി. ജുമ കൂടാനുള്ള ആളുപോലും വിമതപക്ഷത്തില്ലെന്ന്‌ ഇബ്രാഹിംകുഞ്ഞ്‌ പരിഹസിച്ചു. ഗഫൂറിന്റെ സ്ഥാനാർഥിത്വത്തെ എതിർത്തതിന്റെ പേരിൽ തങ്ങളുടെ വോട്ടുപോലും വേണ്ടെന്ന രീതിയിൽ പെരുമാറി. എതിർപ്പുകൾ പരിഹരിക്കാനല്ല കൂടുതൽ വഷളാക്കാനാണ്‌ ഇബ്രാഹിംകുഞ്ഞ്‌ ശ്രമിച്ചതെന്നും വിമതപക്ഷം മൊഴി നൽകി. ഇബ്രാഹിംകുഞ്ഞ്‌ തെരഞ്ഞെടുപ്പുകാലത്ത്‌ നടത്തിയ പ്രസ്‌താവനകളുടെ പത്രവാർത്തകളും വീഡിയോ ക്ലിപ്പിങ്ങുകളും വിമതർ കമീഷന്‌ കൈമാറിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top