27 April Saturday

വി കെ അബ്‌ദുല്‍ ഖാദര്‍ മൗലവി എആര്‍ നഗര്‍ ബാങ്ക് കുംഭകോണത്തിന്റെ രക്തസാക്ഷി; കുഞ്ഞാലിക്കുട്ടി അറിയാതെ തട്ടിപ്പ് നടക്കില്ല: കെ ടി ജലീല്‍

വെബ് ഡെസ്‌ക്‌Updated: Sunday Oct 3, 2021

കൊച്ചി > എആര്‍ നഗര്‍ ബാങ്ക് കുംഭകോണത്തിന്റെ ആദ്യത്തെ രക്തസാക്ഷിയാണ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന വി കെ അബ്‌ദുല്‍ ഖാദര്‍ മൗലവിയെന്ന് ഡോ. കെ ടി ജലീല്‍. തന്റെ പേരില്‍ രണ്ട് കോടിയുടെ കള്ളപ്പണ ഇടപാട് എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ നടന്നിട്ടുണ്ടെന്നറിഞ്ഞ നിമിഷം മുതല്‍ മൗലവി വലിയ മാനസിക വിഷമത്തിലായിരുന്നു. ഇത് അദ്ദേഹത്തിന്റെ ബന്ധുമിത്രാതികളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞുവെന്നും ജലീല്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

അബ്‌ദുല്‍ ഖാദര്‍ മൗലവിയുടെ അറിവോ സമ്മതമോ കൂടാതെ അദ്ദേഹത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കാനും രണ്ട് കോടിയോളം രൂപയുടെ ഇടപാടുകള്‍ ബാങ്കില്‍ നടത്താനും സാധിക്കില്ല. പി കെ കുഞ്ഞാലിക്കുട്ടിയുടെ അറിവും പ്രേരണയും ഇല്ലാതെ വെറും ഒരു ബാങ്ക് സെക്രട്ടറിയായ ഹരികുമാറിന് മാത്രം ഇത് കഴിയുമെന്ന് അരിയാഹാരം കഴിക്കുന്ന ഒരാളും വിശ്വസിക്കില്ല. തന്റെ പൊതുജീവിതം കളങ്കപ്പെട്ടുവെന്ന തോന്നലില്‍ നിന്നുളവായ മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് അബ്‌ദുല്‍ഖാദര്‍ മൗലവി ഹൃദയാഘാതം മൂലം മരണപ്പെട്ടത്. അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള വേര്‍പാടിന്റെ  ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ കാരണക്കാരായവര്‍ക്ക് സാധിക്കില്ലെന്നും ജലീല്‍ പറഞ്ഞു.

ഡോ. കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

AR നഗര്‍ ബാങ്ക് കുംഭകോണത്തിന്റെ ആദ്യത്തെ രക്ത സാക്ഷിയാണ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും പൊതുജീവിതത്തില്‍ അഴിമതിയുടെ കറ പുരളാത്ത വ്യക്തിയുമായ വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി. തന്റെ പേരില്‍ രണ്ട് കോടിയുടെ കള്ളപ്പണ ഇടപാട്  AR നഗര്‍ സഹകരണ ബാങ്കില്‍ നടന്നിട്ടുണ്ടെന്നറിഞ്ഞ നിമിഷം മുതല്‍ മൗലവി വലിയ മാനസിക വിഷമത്തിലായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ബന്ധുമിത്രാതികളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.

മൗലവി സാഹിബിന്റെ അറിവോ സമ്മദമോ കൂടാതെ അദ്ദേഹത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കാനും രണ്ട് കോടിയോളം രൂപയുടെ ഇടപാടുകള്‍ ബാങ്കില്‍ നടത്താനും പി.കെ കുഞ്ഞാലിക്കുട്ടിയുടെ അറിവും പ്രേരണയും ഇല്ലാതെ വെറും ഒരു ബാങ്ക് സെക്രട്ടറിയായ ഹരികുമാറിന് മാത്രം കഴിയുമെന്ന് അരിയാഹാരം കഴിക്കുന്ന ഒരാളും വിശ്വസിക്കില്ല.  തന്റെ പൊതുജീവിതം കളങ്കപ്പെട്ടുവെന്ന തോന്നലില്‍ നിന്നുളവായ മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് അബ്ദുല്‍ഖാദര്‍ മൗലവി ഹൃദയാഘാതം മൂലം മരണപ്പെട്ടത്. സാത്വികനും നിഷ്‌കളങ്കനുമായിരുന്ന മൗലവി സാഹിബിന്റെ പൊടുന്നനെയുള്ള വേര്‍പാടിന്റെ  ഉത്തരവാദിത്വത്തില്‍ നിന്ന്  ഒഴിഞ്ഞ് മാറാന്‍ അതിന് കാരണക്കാരായവര്‍ക്ക് എങ്ങിനെയാണ് കഴിയുക?

ഐസ്‌ക്രീം പാര്‍ലര്‍ കേസ് തുമ്പില്ലാതാക്കിയത് ആ കേസിലെ രണ്ടു സാക്ഷികളുടെ അസ്വാഭാവിക അപകട മരണങ്ങളാണ്. AR നഗര്‍ ബാങ്കിലെ എല്ലാ കള്ളപ്പണ ഇടപാടിന്റെയും സൂത്രധാരനും ഏക സാക്ഷിയുമാണ് ഹരികുമാര്‍. അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാണെന്ന് ഞാന്‍ ബലമായി സംശയിക്കുന്നു.

AR നഗര്‍ ബാങ്കില്‍ നടന്ന ആയിരം കോടിയുടെ വന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിക്കുന്നത് വരെ ഹരികുമാറിന്റെ ജീവന് പൂര്‍ണ്ണസംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top