08 December Friday
കോൺഗ്രസ്‌ പുനഃസംഘടന വഴിയിൽ തട്ടിനിൽക്കെ യുഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി രൂപീകരിക്കാൻ ഇറങ്ങിത്തിരിച്ചു

പാർടിയെ സൈഡാക്കി 
മുന്നണിക്കായി സതീശൻ ;കെ സി വേണുഗോപാൽ അടക്കം അമർഷത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 10, 2023


തിരുവനന്തപുരം
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ വിജയം സ്വന്തം  നേട്ടമാക്കാൻ ശ്രമിക്കുന്ന  പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ യുഡിഎഫിനെ തനിക്കൊപ്പം നിർത്താനുള്ള തന്ത്രങ്ങളും തുടങ്ങി. കോൺഗ്രസ്‌ പുനഃസംഘടന വഴിയിൽ തട്ടിനിൽക്കെ യുഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി രൂപീകരിക്കാൻ സതീശൻ ഇറങ്ങിത്തിരിച്ചത്‌ ഈ ലക്ഷ്യം മുൻനിർത്തി.  താഴെത്തട്ടുവരെ ഇറങ്ങിച്ചെന്ന്‌ മുന്നണി കമ്മിറ്റികൾ രൂപീകരിക്കുന്നതിന്‌ നേതൃത്വം നൽകാനാണ്‌ നീക്കം. പാർടിയെ  അരുക്കാക്കി  മുന്നണിയിൽ ഏക നേതാവ്‌ ചമയാനുള്ള സതീശന്റെ നീക്കത്തിൽ മുതിർന്ന നേതാക്കൾക്കടക്കം കടുത്ത പ്രതിഷേധമുണ്ട്‌. ഉമ്മൻചാണ്ടിയെക്കുറിച്ചുള്ള ഓർമകൾക്കും സഹതാപത്തിനും മീതേയായിരുന്നു തന്റെ ‘ടീം വർക്ക്‌’ എന്നുവരുത്താനുള്ള സതീശന്റെ ശ്രമങ്ങളിൽ കെ സി വേണുഗോപാൽ അടക്കം അമർഷത്തിലാണ്‌. ഇതിനിടയിലാണ്‌ യുഡിഎഫ്‌ കമ്മിറ്റി രൂപീകരണ നടപടികൾക്കായി സതീശൻ ഇറങ്ങുന്നത്‌. കോൺഗ്രസ്‌ പുനഃസംഘടന തനിക്ക്‌ ദോഷം ചെയ്യുമെന്ന തോന്നലിലാണത്രേ പുതിയ നീക്കം.

കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി പുനഃസംഘടന എങ്ങുമെത്തിയിട്ടില്ല. പാലക്കാട്‌ മണ്ഡലം പ്രസിഡന്റ്‌ പട്ടിക, പുറത്തിറക്കി മണിക്കൂറിനുള്ളിൽ മരവിപ്പിച്ചു. പത്തനംതിട്ടയിൽ പ്രഖ്യാപിച്ച പട്ടികയെച്ചൊല്ലി കലാപം തുടരുന്നു. തിരുവനന്തപുരത്ത്‌ പ്രഖ്യാപന ഘട്ടംവരെ എത്തിയ പട്ടിക പ്രതിഷേധം ഭയന്ന്‌ പൂഴ്‌ത്തി. മറ്റ്‌ ജില്ലകളിൽ ഒരു തീരുമാനത്തിലും എത്തിയില്ല. ബൂത്തുതലംവരെ ഭാരവാഹികളെ നിശ്ചയിക്കാനായിട്ടില്ല. മുന്നണി സ്വീകാര്യത തനിക്കില്ലെന്ന തിരിച്ചറിവിലാണ്‌ പുതിയ തന്ത്രമെന്ന്‌ എതിർപക്ഷം ആരോപിക്കുന്നു. അതിനാലാണ്‌ ഘടകകക്ഷികളെ ഒപ്പം കൂട്ടാൻ ഇറങ്ങിത്തിരിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top