19 April Friday

സോളാറിൽ ഏറ്റുമുട്ടൽ ; കോൺഗ്രസ്‌ നേതാക്കൾ ചേരിതിരിഞ്ഞ്‌ ഏറ്റുമുട്ടലിലേക്ക്‌ , 
ഉന്നം സതീശൻ

പ്രത്യേക ലേഖകൻUpdated: Friday Jun 9, 2023


തിരുവനന്തപുരം
സോളാർ കേസിന്റെ പേരിൽ കോൺഗ്രസ്‌ നേതാക്കൾ ചേരിതിരിഞ്ഞ്‌ ഏറ്റുമുട്ടലിലേക്ക്‌. അവസരം കിട്ടിയിട്ടും വി ഡി സതീശൻ സോളാർ കേസ്‌ ഉപയോഗിച്ചില്ലെന്നാണ്‌ എ ഗ്രൂപ്പിന്റെ ആക്ഷേപം. സോളാർ കേസിലെ അറസ്‌റ്റിന്റെ പേരിൽ തന്നെ ചില കോൺഗ്രസ്‌ നേതാക്കൾ സംശയിച്ചതും ഒറ്റപ്പെടുത്തിയതും തെറ്റായിരുന്നുവെന്ന്‌ തിരുവഞ്ചൂർ സൂചിപ്പിക്കുന്നു. പുനഃസംഘടനയിൽ എ, ഐ ഗ്രൂപ്പുകളെ ചവിട്ടിത്താഴ്ത്തി നേട്ടമുണ്ടാക്കിയ സതീശനെതിരെ കിട്ടിയ അവസരം ഉപയോഗിക്കുകയാണ്‌ ഗ്രൂപ്പ്‌ നേതാക്കൾ.

സിപിഐ നേതാവ്‌ സി ദിവാകരന്റെ ആത്മകഥയിലും സോളാർ കേസ്‌ അന്വേഷിച്ച മുൻ ഡിജിപി എ ഹേമചന്ദ്രന്റെ  സർവീസ്‌ സ്‌റ്റോറിയിലും സോളാർ കേസ്‌ സംബന്ധിച്ച ചില പരാമർശങ്ങളാണ്‌ കോൺഗ്രസിൽ കോളിളക്കമുണ്ടാക്കിയിരിക്കുന്നത്‌. വി ഡി സതീശനും കെ സി വേണുഗോപാലും കെ സുധാകരനും അടങ്ങുന്ന നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്താനാണ്‌ എ, ഐ നേതാക്കൾ അവസരം ഉപയോഗിക്കുന്നത്‌.

കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റുമാരെ നിശ്ചയിച്ചപ്പോൾ തങ്ങളെ തഴഞ്ഞതിലെ പ്രതികാരവും ഇതിലുണ്ട്‌. ദിവസവും വാർത്താസമ്മേളനം വിളിക്കുന്ന വി ഡി സതീശൻ സോളാറിനെക്കുറിച്ച്‌ എന്താണ്‌ മിണ്ടാത്തത്‌ എന്നാണ്‌ എ ഗ്രൂപ്പിന്റെ മുതിർന്ന നേതാവ്‌ കെ സി ജോസഫിന്റെ ചോദ്യം.
എന്നാൽ, കോൺഗ്രസിൽനിന്ന്‌ തനിക്കെതിരെ ഉയർന്നിരുന്ന ഗുരുതരമായ ആരോപണങ്ങളിൽനിന്ന്‌ തടിയൂരാനാണ്‌ തിരുവഞ്ചൂർ ശ്രമിക്കുന്നത്‌. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ വിശ്വസ്തനും ഓഫീസിലെ ജീവനക്കാരനുമായിരുന്ന ടെനി ജോപ്പനെ സോളാർ കേസിൽ അറസ്‌റ്റ്‌ ചെയ്തത്‌ താൻ അറിഞ്ഞില്ലെന്ന്‌ സ്ഥാപിക്കലാണ്‌ തിരുവഞ്ചൂരിന്റെ ലക്ഷ്യം. എന്നാൽ, ഇക്കാര്യം പൂർണമായും വിശ്വാസത്തിലെടുക്കാൻ കെ സി ജോസഫോ മറ്റ്‌ എ ഗ്രൂപ്പ്‌ നേതാക്കളോ തയ്യാറായിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top