18 September Thursday

‘‘മര്യാദയ്‌ക്ക്‌ ഇരുന്നോണം...’’ ഉറഞ്ഞുതുള്ളി വി ഡി സതീശൻ

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

 

കൽപ്പറ്റ
മര്യാദയ്‌ക്ക്‌ ഇരുന്നോണം... അല്ലെങ്കിൽ പുറത്തിറക്കിവിടുമെന്ന്‌ വാർത്താസമ്മേളനത്തിൽ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റ ഭീഷണി. ‘‘ഇതുപോലുള്ള ചോദ്യം കൈയിൽ വച്ചാൽ മതി. ഇങ്ങോട്ടുവരണ്ട. ഇത്തരം ചോദ്യം ആ പിണറായി വിജയനോട്‌ പോയി ചോദിച്ചാൽ മതി. ഇമ്മാതിരി ചോദ്യംചോദിച്ചാൽ പുറത്തിറക്കിവിടും ഞാൻ. എന്നെക്കൊണ്ടത്‌ ചെയ്യിക്കരുത്‌. അതുകൊണ്ട്‌ നിർത്തിക്കോ....’’

ഗാന്ധിചിത്രം ഉയർത്തിയുള്ള കള്ളത്തരം പൊളിഞ്ഞതിന്റെ ദേഷ്യത്തിൽ വാർത്താസമ്മേളനത്തിൽ സതീശൻ  ഉറഞ്ഞുതുള്ളി.    ശനിയാഴ്‌ച രാവിലെ വയനാട്‌ ഡിസിസി ഓഫീസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു  ഭീഷണി.

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിനുനേരെ വെള്ളിയാഴ്‌ചയുണ്ടായ അതിക്രമത്തിൽ മഹാത്മ ഗാന്ധിയുടെ ചിത്രം വിദ്യാർഥികൾ തകർത്തെന്ന്‌ പ്രതിപക്ഷ നേതാവ്‌ ആരോപിച്ചതോടെയാണ്‌ തുടക്കം. എന്നാൽ, സംഘർഷശേഷം ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും ലൈവ്‌ നൽകിയ വാർത്തയിൽ എംപി ഓഫീസിന്റെ ചുമരിൽ ഗാന്ധിജിയുടെ ഫോട്ടോ ഉള്ളതായി കാണുന്നുണ്ടല്ലോ എന്ന്‌  മാധ്യമപ്രവർത്തകൻ ചൂണ്ടിക്കാണിച്ചതോടെ പ്രതിപക്ഷ നേതാവ്‌ നിലവിട്ടു. ഇത്‌ അസംബന്ധമാണെന്നും ദേശാഭിമാനിയും കൈരളിയും കലാപാഹ്വാനം നടത്തുകയാണെന്നും സതീശൻ ആരോപിച്ചു. തുടർന്നായിരുന്നു ‘അസംബന്ധം  പറയാതെ മര്യാദയ്‌ക്ക്‌ ഇരുന്നോണം ഇല്ലെങ്കിൽ ഇറക്കിവിടുമെന്ന’ ഭീഷണി.

വാർത്താസമ്മേളനം കഴിഞ്ഞിറങ്ങിയതിനു പിന്നാലെ ‘സുപ്രഭാതം’ പത്രത്തിന്റെ ലേഖകനും പത്രപ്രവർത്തക യൂണിയൻ വയനാട്‌ ജില്ലാ സെക്രട്ടറിയുമായ നിസാം കെ അബ്ദുള്ളയെ കൈയേറ്റം ചെയ്യാനും സതീശനൊപ്പമെത്തിയ കോൺഗ്രസ്‌ നേതാക്കൾ ശ്രമിച്ചു.

‘കോൺഗ്രസിനുനേരെ കൈചൂണ്ടിയാൽ ആ കൈ അറുത്തുകളയും’ എന്ന്‌ ആക്രോശിച്ചുകൊണ്ട്‌ എത്തിയ ഡിസിസി അംഗം നജീബ്‌ പിണങ്ങോട്‌ നിസാമിനെ പിടിച്ചുതള്ളുകയായിരുന്നു. കൈയേറ്റം തടയാനെത്തിയ  പൊലീസുകാരെ എംഎൽഎമാരായ ടി സിദ്ദിഖ്‌, ഐ സി ബാലകൃഷ്‌ണൻ എന്നിവർ ഓഫീസിൽനിന്ന്‌ ഇറക്കിവിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top