06 December Wednesday

വി ഡി സതീശൻ വസ്‌തുത മറച്ചുവച്ച്‌ പുകമറ സൃഷ്‌ടിക്കുന്നു; ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത്‌ നികുതി വരുമാനം കുറഞ്ഞത്‌ എന്തുകൊണ്ട്‌?: തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023

തിരുവനന്തപുരം > സംസ്ഥാന സർക്കാർ 50,000 മുതൽ 75,000 കോടി രൂപ വരെ നികുതി പിരിക്കാതെ നഷ്‌ടപ്പെടുത്തിയെന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ ആക്ഷേപത്തിന്‌ മറുപടിയുമായി മുൻ ധനകാര്യ മന്ത്രി ഡോ. തോമസ്‌ ഐസക്‌. ജിഎസ്‌ടി ഒരു പുതിയ നികുതി സമ്പ്രദായമാണ്. അതുകൊണ്ട് ആ നികുതി പിരിവിന്റെ സാധ്യത പൂർണ്ണതോതിൽ പ്രയോജനപ്പെടുത്തുന്നതിന് അഞ്ച് വർഷമെങ്കിലും കാലതാമസം ഉണ്ടാകുമെന്നതുകൊണ്ടാണ് അഞ്ച് വർഷത്തേക്കു നഷ്‌ടപരിഹാരം നൽകുമെന്ന തീരുമാനമെടുത്തത്. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നതിനു പകരം സംസ്ഥാന സർക്കാരിനുമേൽ കുതിരകയറുകയാണ് പ്രതിപക്ഷനേതാവ്. ജിഎസ്‌ടിയുടെ ഒന്നാംവർഷം മുതൽ കേരളത്തിനു ലഭിക്കേണ്ടുന്ന ജിഎസ്‌ടി വരുമാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അനുമാന തുകയിൽ നിന്ന് കേരളത്തിനു യഥാർത്ഥത്തിൽ ലഭിച്ച തുക കിഴിച്ച് ബാക്കിയെല്ലാം നഷ്‌ടത്തിന്റെ കണക്കിൽ കൂട്ടിയിരിക്കുകയാണ്. അതിൽ നിന്നും നഷ്‌ടപരിഹാര തുകപോലും കുറയ്‌ക്കാൻ അദ്ദേഹം തയ്യാറല്ല. വളരെ വിചിത്രമായൊരു വാദമാണിത് - ഐസക്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

തോമസ്‌ ഐസകിന്റെ കുറിപ്പ്‌ പൂർണരൂപം:

നഷ്‌ടപരിഹാരം കിട്ടുമല്ലോ. അതുകൊണ്ട് നികുതി പിരിക്കണ്ടായെന്ന നിലപാട് ഒരിക്കലും കേരളം സ്വീകരിച്ചിട്ടില്ല. മറിച്ച്, ജിഎസ്‌ടി കൗൺസിലുകളിൽ നിങ്ങളുടെ നഷ്‌ടപരിഹാരത്തിനുവേണ്ടി കാത്തുനിൽക്കാനല്ല ഉദ്ദേശമെന്നു വ്യക്തമാക്കിയിട്ടുണ്ട്. നികുതി വരുമാനം വർദ്ധിപ്പിച്ച് നഷ്‌ടപരിഹാരത്തിന്റെ ആവശ്യം ഇല്ലാതാക്കാനാണു ആഗ്രഹിക്കുന്നത്. അതിന് അനിവാര്യമായിട്ടും വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വലിയ വീഴ്‌ച കേന്ദ്ര സർക്കാർ വരുത്തിയെന്നു കേരളം തുടർച്ചയായി കുറ്റപ്പെടുത്തുകയാണു ചെയ്‌തിട്ടുള്ളത്.

ജിഎസ്‌ടി പൂർണ്ണമായും ഓൺലൈനായുള്ള ഒരു നികുതി പിരിവ് സമ്പ്രദായമാണ്. എന്നാൽ അഞ്ചാം വർഷമാണ് ജിഎസ്‌ടിയുടെ ഐറ്റി സംവിധാനം പൂർണ്ണമായും പ്രവർത്തനക്ഷമമായത്. കേരളത്തെ സംബന്ധിച്ചിടത്തോളം അന്തർസംസ്ഥാന വ്യാപാരത്തിന് ഇവേ - ബില്ലുകൾ ഉണ്ടാകുകയെന്നതു പരമപ്രധാനമാണ്. കാരണം കേരളത്തിൽ ഉപയോഗിക്കുന്ന ചരക്കുകളുടെ 60 - 70 ശതമാനം പുറത്തുനിന്നും വരുന്നവയാണ്. അവയ്ക്കെല്ലാം ഇവേ - ബില്ലുകൾ ഉണ്ടെങ്കിൽ മാത്രമേ ഈ ചരക്കുൾ വാങ്ങിയപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ കൊടുത്ത ഐജിഎസ്‌ടി കേരളത്തിനു ലഭിക്കൂ. ഇത്തരത്തിൽ കേരളത്തിലേക്കു വരുന്ന ചരക്കു വണ്ടികളിൽ ഇവേ - ബില്ലുകൾ ഉണ്ടോയെന്നു തത്സമയം മനസിലാക്കാനുള്ള സൗകര്യം രണ്ട് വർഷം മുമ്പ് മാത്രമാണു കേന്ദ്ര സർക്കാർ ലഭ്യമാക്കിയത്.

സമീപകാലത്ത് സ്വർണ്ണം സംബന്ധിച്ചുണ്ടായ ജിഎസ്‌ടി കൗൺസിൽ തീരുമാനം ഈ അവസരത്തിൽ ഓർക്കുന്നതു നന്നായിരിക്കും. താല്‌പര്യമുള്ള സംസ്ഥാനങ്ങൾക്കു സ്വർണ്ണത്തിന് ഇവേ - ബില്ല് ഏർപ്പെടുത്താമെന്ന് ജിഎസ്‌ടി കൗൺസിൽ തീരുമാനിച്ചു. കേരളത്തിന്റെ നിർബന്ധംമൂലം ഇതിനുവേണ്ടി മന്ത്രിമാരുടെ ഒരു സബ് കമ്മിറ്റി 2020-ൽ രൂപീകരിച്ചതാണ്. ഇപ്പോഴാണു തീരുമാനം ഉണ്ടാകുന്നത്. കേന്ദ്രവും ചില ബിജെപി സംസ്ഥാനങ്ങളുമായിരുന്നു എതിര്. സ്വർണ്ണത്തിന് ഇവേ - ബില്ല് ഇല്ലാത്തതുകൊണ്ട് ഈ മേഖലയിലെ നികുതി വെട്ടിപ്പ് ഭീമമായിരുന്നു. ജിഎസ്‌ടിക്കു മുമ്പ് പിരിച്ചിരുന്നതിന്റെ നാലിലൊന്ന് നികുതിപോലും സ്വർണ്ണത്തിൽ നിന്നും ലഭിക്കാത്ത അവസ്ഥയായിരുന്നു. ഈ സ്ഥിതിവിശേഷത്തിന് ഉത്തരവാദികളായ കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നതിനു പകരം സംസ്ഥാന സർക്കാരിനുമേൽ കുതിരകയറുകയാണ് പ്രതിപക്ഷനേതാവ്. ജിഎസ്‌ടിയുടെ ഒന്നാംവർഷം മുതൽ കേരളത്തിനു ലഭിക്കേണ്ടുന്ന ജിഎസ്‌ടി വരുമാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അനുമാന തുകയിൽ നിന്ന് കേരളത്തിനു യഥാർത്ഥത്തിൽ ലഭിച്ച തുക കിഴിച്ച് ബാക്കിയെല്ലാം നഷ്‌ടത്തിന്റെ കണക്കിൽ കൂട്ടിയിരിക്കുകയാണ്. അതിൽ നിന്നും നഷ്‌ടപരിഹാര തുകപോലും കുറയ്‌ക്കാൻ അദ്ദേഹം തയ്യാറല്ല. വളരെ വിചിത്രമായൊരു വാദമാണിത്.

വി ഡി സതീശനോട് ഒരു ലളിതമായ ചോദ്യം ചോദിച്ചുകൊള്ളട്ടെ. വി എസ് സർക്കാരിന്റെ കാലത്ത് കേരളത്തിന്റെ നികുതി വരുമാനം പ്രതിവർഷം 18-19 ശതമാനംവച്ച് വളർന്നു. തുടർന്നുവന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ ആദ്യ രണ്ട് വർഷങ്ങളിൽ ഇതേ വളർച്ച തന്നെ നിലനിന്നു. പിന്നീടുള്ള മൂന്ന് വർഷവും 10 ശതമാനം വീതമായിരുന്നു വളർച്ച. എന്തുകൊണ്ട് ഇതു സംഭവിച്ചൂവെന്ന് പ്രതിപക്ഷനേതാവ് വിശദീകരിക്കുമോ?.

ഇതിനു യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥത മാത്രമല്ല കാരണം. നമ്മുടെ നികുതി സമ്പ്രദായത്തിൽ വലിയൊരു മാറ്റം വന്നു. കേരളത്തിനു പുറത്തുനിന്നും വരുന്ന ഏതാണ്ട് എല്ലാ ചരക്കുകളുടെമേലും വാറ്റ് നികുതിക്കു തുല്യമായ എൻട്രി ടാക്സ് ഏർപ്പെടുത്തിയിരുന്നു. അതുകൊണ്ട് അന്തർസംസ്ഥാന വ്യാപാരത്തിൽ നിന്നും നികുതി പിരിക്കാൻ കഴിഞ്ഞു. എന്നാൽ സുപ്രിംകോടതി എൻട്രി ടാക്സ് റദ്ദാക്കിയതോടെ അന്തർസംസ്ഥാന വ്യാപാരത്തിലെ നികുതി ചോർച്ച വലിയ തോതിലായി. നമ്മുടെ നികുതി വരുമാന വർദ്ധനയും ഇടിഞ്ഞു.
എൽഡിഎഫ് സർക്കാർ വന്നിട്ടും ഈ സ്ഥിതിയിൽ മാറ്റമുണ്ടായില്ല. ജി.എസ്.ടിയുടെ നേട്ടം അന്തർസംസ്ഥാന വ്യാപാര ഇറക്കുമതിയുടെമേൽ ഐ.ജി.എസ്.ടി നികുതി കേരളത്തിനു ലഭിക്കുമെന്നുള്ളതാണ്. എന്നാൽ ഇതിനു ഫലപ്രദമായ ഇവേ-ബിൽ സമ്പ്രദായം അനിവാര്യമാണ്. അതു പ്രാവർത്തികമാക്കാൻ കേന്ദ്ര സർക്കാരിന് അഞ്ചാം വർഷമാണു കഴിഞ്ഞത്. ഈ വസ്‌തുത മറച്ചുവച്ച് എന്തിനാണു പുകമറ സൃഷ്ടിക്കുന്നത്?.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top