20 April Saturday

വിഭാഗീയ പ്രവർത്തനം ആരും ചെയ്താലും അംഗീകരിക്കില്ലെന്ന് വി ഡി സതീശൻ; ലക്ഷ്യമിട്ടത് തരൂരിനെ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

തിരുവനന്തപുരം> ആരായാലും  കോൺഗ്രസിൽ വിഭാഗീയ, സമാന്തര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും അവരവരുടേതായ പ്രാധാന്യമുണ്ട്. അത് കവര്‍ന്നെടുക്കാന്‍ ആരും ശ്രമിക്കില്ലെന്നും സതീശൻ പറഞ്ഞു. മലപ്പുറത്ത് പര്യടനവും സ്വീകരണവുമായി നടക്കുന്ന  കോണ്‍ഗ്രസ് എം പി ശശി തരൂരിനെ ലക്ഷ്യമിട്ടായിരുന്നു വാർത്താമ്മേളനമെന്നാണ് സൂചന.

തകര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസും യുഡിഎഫും ഉയര്‍ന്ന് വരുമ്പോള്‍ തകര്‍ക്കാന്‍ പല കോണുകളില്‍ നിന്നും അജണ്ടകളുണ്ടെന്ന് ആരോപിച്ച സതീശന്‍ അതിനെ നേരിടുമെന്നും പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ ആര് ശ്രമിച്ചാലും അത് സമ്മതിക്കില്ല.ല്ലാ നേതാക്കന്മാരെയും ഉള്‍പ്പെടുത്തി എല്ലാവരും ഒരു ടീമായാണ് ഇപ്പോള്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. എല്ലാ നേതാക്കന്മാര്‍ക്കും കേരളത്തില്‍ പ്രാധാന്യമുണ്ട്. അത് ഞങ്ങളാരും കവര്‍ന്നെടുക്കില്ല. അങ്ങനെ പറ്റില്ല, കാരണം ഇതൊരു കളക്ടീവ് ലീഡര്‍ഷിപ്പാണ്. പക്ഷെ ഒരു തരത്തിലും വിഭാഗീയ പ്രവര്‍ത്തനമോ സമാന്തര പ്രവര്‍ത്തനമോ നടത്താന്‍ അനുവദിക്കില്ല. അത് ആരായാലും. ഇനിയൊരു സമാന്തര പ്രവര്‍ത്തനത്തിനോ വിഭാഗീയ പ്രവര്‍ത്തനത്തിനോ ഉള്ള ആരോഗ്യം സംസ്ഥാനത്തെ കോണ്‍ഗ്രസിനില്ലെന്നും സതീശൻ പറഞ്ഞു.

മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണുകളല്ല ഞങ്ങള്‍ ആരും. ഇല്ലാത്ത വാര്‍ത്തകള്‍ ശൂന്യതയില്‍ നിന്ന് സൃഷ്ടിച്ച് മാധ്യമങ്ങള്‍ കോണ്‍ഗ്രസിനെ അവഹേളിക്കുകയാണ്. മാധ്യമങ്ങളുടെ ചില തലക്കെട്ടുകളിൽ അജൻഡയുണ്ട്. കോൺഗ്രസ് നേതാക്കൾ കൊള്ളരുതാത്തവരാണെന്ന് മാധ്യമങ്ങൾക്ക് വിമർശിക്കാം. മാധ്യമങ്ങൾ മര്യാദയുടെ സീമകൾ ലംഘിക്കുന്നു. സുധാകരന്റെ കത്ത് പേലെ ഇല്ലാത്ത കാര്യങ്ങൾ കൊണ്ടുവന്ന് കോൺഗ്രസിനെ തകർക്കാൻ ചിലര്‍ ശ്രമിക്കുന്നു. തിരുവനന്തപുരത്ത് നടന്ന സമരങ്ങളിൽ എം.പിയായ തരൂർ പങ്കെടുത്തോ എന്ന് പരിശോധിക്കണമെന്നും സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് കഠിനാധ്വാനം ചെയ്ത് കഷ്ടപ്പെട്ട് കൈപിടിച്ചുയര്‍ത്തുകയാണ്. ആ സമയത്ത് ആരായാലും ഇനിയൊരു സമാന്തര പ്രവര്‍ത്തനവും വിഭാഗീയ പ്രവര്‍ത്തനവും അനുവദിക്കില്ല. അതാണ് കെപിസിസി പ്രസിഡന്റും പറഞ്ഞത്. കെ സുധാകരന്‍ സംഘടനാ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞങ്ങള്‍ എല്ലാവരുമായി ആലോചിച്ചാണ്. പാര്‍ട്ടിക്ക് എതിരായ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിലെ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ ഗൗരവമായി കൈകാര്യം ചെയ്യാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top