26 April Friday
ചാലക്കുടി കാതിക്കുടം ആക്‌ഷൻ കൗൺസിൽ 
നൽകിയ പരാതിയിലാണ്‌ അന്വേഷണം

പറവൂർ പുനർജനി തട്ടിപ്പ്‌ ; വി ഡി സതീശനെതിരെ വിജിലൻസ്‌ അന്വേഷണം

പ്രത്യേക ലേഖകൻUpdated: Friday Jun 9, 2023


തിരുവനന്തപുരം
പറവൂർ മണ്ഡലത്തിലെ പുനർജനി ഭവനപദ്ധതിയുടെ പേരിൽ നിയമം ലംഘിച്ച്‌ വിദേശത്തുനിന്ന്‌ പണംപിരിച്ചെന്ന പരാതിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ വിജിലൻസ്‌ അന്വേഷണം. വിദേശ സംഭാവന നിയന്ത്രണനിയമം (എഫ്‌സിആർഐ) ലംഘിച്ചിട്ടുണ്ടോ എന്നായിരിക്കും പ്രാഥമിക അന്വേഷണം. രഹസ്യാന്വേഷണത്തിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ്‌ അന്വേഷണത്തിന്‌ സർക്കാർ ഉത്തരവിട്ടത്‌.

പുനർജനി പദ്ധതിക്കായി വിദേശത്തുപോയി പണപ്പിരിവ് നടത്തിയതിൽ നിയമലംഘനം നടന്നുവെന്നാരോപിച്ച് ചാലക്കുടി കാതിക്കുടം ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ്‌ ജയ്സൺ പാനികുളങ്ങര വിജിലൻസ് ഡയറക്ടർക്കു നൽകിയ പരാതിയിലാണ്‌ ഉത്തരവ്‌. സതീശൻ നടത്തിയ വിദേശയാത്രകൾ, പണപ്പിരിവ്, പുനർജനി പദ്ധതിയിലൂടെ വിദേശത്തുനിന്നു ലഭിച്ച പണം ചെലവഴിച്ചതിലെ ക്രമക്കേടുകൾ എന്നിവയാണ് അന്വേഷിക്കുക.

2018ലെ പ്രളയബാധിതർക്ക്‌ വീട്‌ നിർമിക്കുന്നതിനാണ്‌  ‘പുനർജനി’ പദ്ധതി സതീശൻ പ്രഖ്യാപിച്ചത്‌. വിദേശത്തുനിന്ന്‌ വൻ പണപ്പിരിവ്‌ നടത്തിയെങ്കിലും പദ്ധതി എങ്ങുമെത്തിയിരുന്നില്ല. തുടർന്ന്‌ നാട്ടുകാർ ചോദ്യംചെയ്തതോടെ വിവിധ ഏജൻസികളുടെ സ്പോൺസർഷിപ്പിൽ ഏതാനും വീടുകൾ നിർമിച്ചു. അതിനു മുന്നിൽ പുനർജനി എന്ന ബോർഡും വച്ചു. വിദേശത്തുനിന്ന്‌ പിരിച്ച പണം എന്തുചെയ്‌തെന്ന സംശയം വ്യാപകമായി. തുടർന്നാണ്‌ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ രാജേന്ദ്രപ്രസാദ്‌ അടക്കം രംഗത്തുവന്ന്‌ പരാതി നൽകിയത്‌. ഇതുസംബന്ധിച്ച്‌ സിബിഐക്കു നൽകിയ പരാതിയും പ്രാഥമിക പരിശോധനയ്ക്കുശേഷം വിജിലൻസിന്‌ കൈമാറിയിരുന്നു.

വിദേശ രാജ്യങ്ങളിൽ പോയി പണപ്പിരിവ്‌ നടത്താൻ 2017–-2020 കാലത്ത്‌ സതീശന്‌ അനുമതി നൽകിയിട്ടില്ലെന്ന്‌ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്‌. പണം ആവശ്യപ്പെട്ട്‌ ബർമിങ്ഹാമിൽ സതീശൻ പ്രസംഗിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. വിവാദമായപ്പോൾ നടത്തിയ വാർത്താസമ്മേളനത്തിൽ, താൻ വിദേശത്തുനിന്ന്‌ പണം പിരിച്ചുകൊണ്ടുവന്നിട്ടുണ്ടെന്ന്‌ സതീശൻ സമ്മതിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top