19 April Friday

അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന സതീശന്റെ ന്യായീകരണം പ്രതിഷേധാർഹം: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

കൊച്ചി > തൃക്കാക്കര മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി ഡോ ജോ ജോസഫിനെതിരായി അശ്ലീലവിഡിയോ പ്രചരിപ്പിച്ചതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ പ്രസ്‌താവന തികച്ചും നിരുത്തരവാദപരമായതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി.

വീഡിയോ കിട്ടിയാൽ ചിലപ്പോൾ പ്രചരിപ്പിച്ചേക്കും എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. സതീശനെപ്പോലെ ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്ത് ഇരിക്കുന്ന നേതാവ് ഇത്തരം ന്യായീകരണം നടത്താൻ പാടില്ലാത്തതാണ്. കോൺഗ്രസുകാരാണ് ഇത് പ്രചരിപ്പിച്ചതെന്ന് പരോക്ഷമായി അംഗീകരിക്കലാണ് സതീശൻറെ ഈ പ്രതിരോധം. ഈ വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ച കോൺഗ്രസുകാരെ സതീശൻ തള്ളിപ്പറയുകയായിരുന്നു വേണ്ടിയിരുന്നത്. ഡോ. ജോ ജോസഫിനെ വ്യക്തിഹത്യ ചെയ്യാൻ ഇവർ നടത്തുന്ന ശ്രമം അങ്ങേയറ്റം അപലപനീയമാണ്. ഇത്തരത്തിലുള്ള അപവാദപ്രചാരണങ്ങൾ കോൺഗ്രസുകാർ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അവരുടെ ഒരു പ്രവർത്തനരീതി തന്നെയാണിത്. പ്രത്യേകിച്ചും തോൽക്കുന്ന തെരഞ്ഞെടുപ്പുകളിൽ.

ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരെയും അവഹേളിക്കാം എന്ന ഒരു പ്രവണത കേരളത്തിൽ ഉണ്ടായിവരുന്നു. ചില ഓൺലൈൻ മഞ്ഞപ്പത്രങ്ങളും കൂടെ ആയാൽ ചിത്രം പൂർണമായി.  മലയാളിമനസ്സിൻറെ ഒരു വൃത്തികെട്ട മുഖമാണ് ഇവയിലൂടെ തെളിയുന്നത്. എവിടെയെങ്കിലും ഒളിച്ചിരുന്ന് ആർക്കെതിരെയും ചെളി വാരിയെറിയുന്നതിൽ അർമാദിക്കുന്ന തരംതാണ ഒരു കൂട്ടം ഉണ്ട്. നമ്മുടെ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിൽ താല്പര്യമുള്ള എല്ലാവരും ചേർന്ന് ഈ അധമവിഭാത്തെ ചെറുക്കേണ്ടതാണ്; അപലപിക്കേണ്ടതാണ്. നിന്ദ്യമായ ഈ കുറ്റകൃത്യത്തെ ന്യായീകരിച്ച പ്രതിപക്ഷ നേതാവിന്റെ സമീപനം ഏറ്റവും മിതമായിപ്പറഞ്ഞാൽ ദുഖ:കരമാണ്. പ്രതിപക്ഷ നേതാവ് എന്ന ഉത്തരവാദപ്പെട്ട പദവിയിലിരിക്കുമ്പോൾ ഒരിക്കലും ആലോചിക്കാൻപോലും പാടില്ലാത്തതായിരുന്നു. ആർക്കെതിരെയായാലും ഇത്തരം ഹീനമായ സൈബർഅക്രമം പാടില്ല എന്ന് കർശന നിലപാട് ഉള്ള പാർട്ടിയാണ് സിപിഐ എം. ഞങ്ങളുടെ കൂട്ടത്തിലുള്ള ആരെങ്കിലും ഇത്തരം പ്രവർത്തനങ്ങൾ നിരുത്തരവാദപരമായി നടത്തിയതായി തെളിഞ്ഞാൽ ഉടൻതന്നെ കർശന നടപടി എടുക്കും എന്ന കാര്യം ഉറപ്പാണ് - എം എ ബേബി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top