01 December Friday

"ചോദ്യം എന്നോടല്ല, പ്രസിഡന്റിനോടാ...'; സുധാകരനെ മാധ്യമപ്രവർത്തകയുടെ മുന്നിൽ കുഴക്കി സതീശന്റെ പ്രതികാരം

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023

കോട്ടയം > കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും തമ്മിലുള്ള അഭിപ്രായവ്യത്യാസം വാർത്താസമ്മേളന വേദിയിലേക്കും എത്തിയതിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ കഴിഞ്ഞശേഷം കോട്ടയം ഡിസിസി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇരുവരും തമ്മിലിടയുന്ന ദൃശ്യമാണ്‌ വ്യാപകമായി പ്രചരിച്ചത്‌. സംഭവത്തിൽ സതീശന്റെ ദേഷ്യം അവിടെയും തീർന്നില്ല എന്ന്‌ വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ്‌ ഇപ്പോൾ പുറത്തുവരുന്നത്‌.

തനിക്ക്‌ ആദ്യം സംസാരിക്കണമെന്ന സുധാകരന്റെ ആവശ്യം അംഗീകരിക്കാതിരുന്ന സതീശൻ താൽപര്യമില്ലാതെ മൈക്ക്‌ നീക്കിവയ്‌ക്കുന്നത്‌ കഴിഞ്ഞ ദിവസം വന്ന ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. വാർത്താസമ്മേളനത്തിനിടെ സതീശനോടുള്ള ചോദ്യങ്ങളിൽ "എല്ലാം പ്രസിഡന്റ്‌ പറഞ്ഞപോലെ' എന്ന്‌ ആവർത്തിക്കുകയായിരുന്നു. പലവട്ടം ചോദ്യങ്ങൾ വന്നെങ്കിലും സതീശൻ മറുപടി പറയാൻ കൂട്ടാക്കിയില്ല. ആദ്യം സംസാരിക്കാൻ അവസരം കിട്ടാതിരുന്ന സതീശൻ വാർത്താസമ്മേളനം കഴിയുന്നവരെ ക്ഷോഭത്തോടെ  പെരുമാറുന്നത്‌ വീഡിയോയിൽ വ്യക്തമാണ്‌. പിന്നീട്‌ ഒരു മാധ്യമപ്രവർത്തകയുടെ ചോദ്യം മനസ്സിലാകാതെ കുഴഞ്ഞ സുധാകരൻ സഹായത്തിനായി സതീശനോട്‌ തിരിയുന്ന ദൃശ്യങ്ങളാണ്‌ പുതിയതായി പുറത്തുവന്നിട്ടുള്ളത്‌. ഇംഗ്ലീഷിലുള്ള ചോദ്യം സുധാകരന്‌ പെട്ടെന്ന്‌ മനസ്സിലായില്ല, ആവർത്തിച്ച്‌ ചോദിച്ചപ്പോഴും മനസ്സിലാകാതിരുന്നുപ്പോൾ സതീശൻ സഹായിക്കുമെന്ന്‌ കരുതി നോക്കുന്നത്‌ കാണാം. എന്നാൽ പരിഹാസഭാവത്തിൽ "ചോദ്യം എന്നോടല്ല, ചേട്ടനോടാ' എന്ന് പറഞ്ഞ്‌ സതീശൻ സുധാകരനെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു.

മുതിർന്ന നേതാവ്‌ തിരുവഞ്ചൂർ രാധാകൃഷ്‌ണനും വേദിയിലുണ്ടായിരുന്നു. ചോദ്യം സുധാകരന്‌ മനസ്സിലാകുന്നില്ല എന്ന്‌ കണ്ടപ്പോൾ തിരുവഞ്ചൂർ "സതീശനോടാ' എന്ന്‌ പറഞ്ഞ്‌ രംഗം കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നുണ്ട്‌. എന്നാൽ പരിഹാസ ചിരിയോടെ ഒഴിഞ്ഞുമാറുകയായിരുന്നു സതീശൻ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top