തിരുവനന്തപുരം
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സമയത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരനെ മണ്ഡലത്തിൽനിന്ന് അകറ്റിനിർത്താൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശ്രമിച്ചെന്ന് കോൺഗ്രസിൽ പുതിയ വിവാദം. സതീശൻ മണ്ഡലത്തിന്റെ കേന്ദ്രമായ പാമ്പാടിയിൽ താമസിച്ചപ്പോൾ സുധാകരനെ മണ്ഡലത്തിൽനിന്ന് ഏറെ ദൂരത്തുള്ള റിസോർട്ടിൽ താമസിപ്പിച്ചു. ‘ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ അവിടെ താമസിച്ചാൽ മതിയെന്നും ആവശ്യമുണ്ടെങ്കിൽ തങ്ങൾ വിളിക്കാ’മെന്നും പറഞ്ഞാണ് റിസോർട്ടിൽ താമസിപ്പിച്ചത്. സുധാകരൻ അത് അംഗീകരിക്കുകയും ചെയ്തു.
എന്നാൽ, തുടർന്ന് ‘കെപിസിസി പ്രസിഡന്റ് റിസോർട്ടിൽ സുഖവാസം നടത്തുന്നു, പ്രതിപക്ഷ നേതാവ് മണ്ഡലത്തിൽ മരിച്ച് പണിയെടുക്കുന്നു ’ എന്ന പ്രചാരണത്തിന് പാർടിക്കാർക്കിടയിൽ ചിലർ തുടക്കമിട്ടു. ഇതോടെ, കെണി തിരിച്ചറിഞ്ഞ സുധാകരന്റെ ഉറ്റ അനുയായികൾ കാര്യം ബോധ്യപ്പെടുത്തുകയും മണ്ഡലത്തിലേക്ക് താമസം മാറ്റുകയുമായിരുന്നു. ജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലത്തിലെ ഫലം വരുമ്പോൾ തന്റെ വിജയമായി പ്രഖ്യാപിക്കാനായിരുന്നു സതീശന്റെ പദ്ധതിയെന്നാണ് മറുപക്ഷം പറയുന്നത്. ഇതാണ് പത്രസമ്മേളനത്തിൽ സുധാകരൻ പൊളിച്ചുകൊടുത്തത്. ഇപ്പോൾ തുടരെ പുറത്തുവരുന്ന പത്രസമ്മേളന ദൃശ്യങ്ങളും സുധാകരനോട് സതീശൻ കാണിച്ച വിദ്വേഷവും പുച്ഛവും വ്യക്തമാക്കുന്നതാണ്.
‘മുതിർന്ന ഒരു നേതാവ്, കെപിസിസി അധ്യക്ഷൻ എന്ന പരിഗണനപോലും മൈക്ക് പിടിച്ചുമാറ്റുന്ന സമയത്തോ ഇംഗ്ലീഷിലുള്ള ചോദ്യത്തിന് മറുപടി നിഷേധിക്കുന്ന ഘട്ടത്തിലോ സതീശൻ കാണിച്ചില്ല. ഒരു കോൺഗ്രസ് നേതാവും ഇങ്ങനെ ചെയ്യില്ല’–- സുധാകരന്റെ അനുയായിയായ ജനപ്രതിനിധി പറഞ്ഞു.
കെ സി ജോസഫ് അടക്കമുള്ള പല മുതിർന്ന നേതാക്കളും തങ്ങളെ അവഗണിച്ചെന്ന പരാതി ഉപതെരഞ്ഞെടുപ്പ് സമയത്ത് പ്രകടിപ്പിച്ചിരുന്നു. പൊതുയോഗങ്ങളിൽ ആരൊക്കെ പോകണമെന്നതുൾപ്പെടെ നിശ്ചയിച്ചത് സതീശനാണ്. സുധാകരൻ അടക്കം ചില നേതാക്കൾ മണ്ഡലത്തിൽ നിന്നാൽ ശരിയാകില്ലെന്ന് തീരുമാനിച്ച് സതീശൻതന്നെയാണ് തന്ത്രങ്ങൾ മെനഞ്ഞതെന്നും മറ്റ് ഗ്രൂപ്പ് നേതാക്കൾ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..