തിരുവനന്തപുരം
പുനർജനി ഭവനപദ്ധതിയുടെ പേരിൽ അനുമതിയില്ലാതെ വിദേശത്തുപോയി പണപ്പിരിവ് നടത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ പരാതികൾ തള്ളിക്കളയാതെ ഹൈക്കോടതിയും സിബിഐയും. സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അപ്പോൾ ഇടപെടുന്നില്ലെന്നാണ് പരാതിക്കാരന് മറുപടി നൽകിയത്.
സമാനമായ നിരവധി പരാതികളിന്മേൽ സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ ഉള്ളതിനാലും വിജിലൻസ് ഈ പരാതി അന്വേഷിക്കുന്നുവെന്ന് അറിയിച്ചതിനാലും ഇപ്പോൾ ഈ കേസിൽ ഇടപെടുന്നത് അനവസരത്തിലുള്ളതാകുമെന്നാണ് ഇതുസംബന്ധിച്ച ഹർജി തീർപ്പാക്കി ഹൈക്കോടതി ഉത്തരവിട്ടത്. അന്വേഷണം വൈകുന്നുവെന്നോ ഇഴയുന്നുവെന്നോ പരാതിക്കാരന് ആക്ഷേപമുണ്ടെങ്കിൽ അതിന് പരിഹാരം തേടി സമീപിക്കാൻ ഒട്ടേറെ സംവിധാനങ്ങൾ നിലവിലുണ്ടെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അന്ന് വ്യക്തമാക്കിയിരുന്നു.
പരാതിയിൽ കഴമ്പില്ലെന്നോ തെളിവുകൾ വ്യാജമാണെന്നോ ഒരു ഘട്ടത്തിലും കോടതി പറഞ്ഞിട്ടില്ല. എന്നാൽ, കോടതി എല്ലാം തള്ളിയെന്നാണ് വി ഡി സതീശൻ പ്രചരിപ്പിക്കുന്നത്. സിബിഐയും തെളിവുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ട് കത്തു നൽകിയത്. എംഎൽഎ എന്ന നിലയിൽ പദവി ദുരുപയോഗിച്ചാണ് വിദേശത്തുപോയി അനധികൃതമായി വി ഡി സതീശൻ പണം പിരിച്ചത് എന്നതാണ് പരാതിക്കാർ ഉന്നയിക്കുന്ന മുഖ്യ ആരോപണം. ഇതിനുള്ള തെളിവുകളും അവർ അന്വേഷണ ഏജൻസികൾക്കും കോടതിക്കും കൈമാറിയിരുന്നു.

വി ഡി സതീശൻ വിദേശത്തുപോയി പണപ്പിരിവ് നടത്തിയതില്‍ വിജിലൻസിനോട് അന്വേഷിക്കാൻ നിർദേശിച്ച് സിബിഐ നൽകിയ കത്ത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..