26 April Friday
അഴിമതിയിൽ മുങ്ങി കോൺഗ്രസ്‌; മറുപടിയില്ലാതെ നേതൃത്വം

യാത്രയ്‌ക്ക്‌ അനുമതിയില്ല ; 
പണാഭ്യർഥന നിയമം ലംഘിച്ച്‌ ; വി ഡി സതീശനെതിരെ തെളിവ്‌

പ്രത്യേക ലേഖകൻUpdated: Friday Jun 2, 2023


തിരുവനന്തപുരം
പറവൂരിലെ പുനർജനി പദ്ധതിക്കുവേണ്ടി അനുവാദമില്ലാതെ വിദേശത്തു പോയതും അവിടെ നടന്ന ചടങ്ങിൽ പണം ആവശ്യപ്പെട്ടതും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‌ കുരുക്കാകും. രണ്ടിനും തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ ഇതിനായി പദവി ദുരുപയോഗം ചെയ്‌തതിലും നിയമലംഘനത്തിലും ഊന്നിയാകും വിജിലൻസ്‌ അന്വേഷണം.

പ്രളയബാധിതർക്കായി വിദേശത്തു പോയി പണം പിരിക്കാൻ വി ഡി സതീശന്‌ അനുവാദം കൊടുത്തിട്ടില്ലെന്ന്‌ വിദേശ മന്ത്രാലയം 2020 ഒക്ടോബർ 21ന്‌ ജയ്‌സൺ പാനിക്കുളങ്ങരയ്ക്ക്‌ വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയിട്ടുണ്ട്‌. കേരളത്തിലെ പ്രളയബാധിതർക്കായി നിങ്ങൾ 500 പൗണ്ട്‌ വീതം സംഭാവന നൽകണമെന്ന്‌ ബർമിങ്‌ഹാമിൽ പ്രസംഗിക്കുന്ന വീഡിയോ സതീശൻ തന്നെ  ഫെയ്‌സ്‌ബുക്കിൽ ഇട്ടിരുന്നു. യാത്ര വിവാദമായപ്പോൾ പണം പിരിച്ച കാര്യം വാർത്താസമ്മേളനത്തിൽ സമ്മതിക്കുകയും  ചെയ്‌തു.

പ്രളയബാധിതരെ സഹായിക്കാനായി ആരും വിദേശത്തു പോയി പണം പിരിക്കേണ്ട എന്ന്‌ കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും പ്രഖ്യാപിച്ചിരുന്നു. ഒട്ടേറെ വാഗ്ദാനം ഉണ്ടായിട്ടും സംസ്ഥാന സർക്കാർ പ്രതിനിധികൾ പോയതുമില്ല. പ്രവാസികൾ അറിഞ്ഞു നൽകിയ സഹായമാണ്‌ സ്വീകരിച്ചത്‌. എന്നാൽ, വി ഡി സതീശൻ ഇതെല്ലാം മറികടന്ന്‌ വിദേശത്തു പോയി പണം ആവശ്യപ്പെടുകയായിരുന്നു.

നിയമസഭയിൽ ഇതുസംബന്ധിച്ച ചർച്ചയിൽ 81 തവണ വിദേശയാത്ര നടത്തിയത്‌ എന്തിനെന്നും പിരിച്ച പണം എത്രയെന്നും ചെലവഴിച്ചത്‌ എങ്ങനെയെന്നും ചോദ്യമുയർന്നിരുന്നു. കാലാവസ്ഥാവ്യതിയാനം പഠിക്കാനാണ്‌ പോയത്‌ എന്നായിരുന്നു സതീശന്റെ മറുപടി.

‘പുനർജനി’സതീശന്റെ തട്ടിപ്പ് പദ്ധതി
പ്രളയത്തിൽ വീട്‌ നഷ്‌ടപ്പെട്ടവർക്ക്‌ വീടുവയ്‌ക്കാനെന്നപേരിൽ സ്വന്തം പദ്ധതി പ്രഖ്യാപിക്കുക. അനുമതിയില്ലാതെ വിദേശപര്യടനം നടത്തി പണം സ്വരൂപിക്കുക. പദ്ധതിയിൽ വീട്‌ നിർമിക്കാതെ, സന്നദ്ധസംഘടനകൾ സ്‌പോൺസർ ചെയ്‌ത്‌ നിർമിച്ച വീടുകൾക്കുമുന്നിൽ പദ്ധതിയുടെ ബോർഡ്‌ വയ്‌ക്കുക. പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ സ്വന്തം മണ്ഡലമായ പറവൂരിൽ പ്രഖ്യാപിച്ച പുനർജനി പദ്ധതിക്കെതിരെ ഉയർന്ന പരാതികളുടെ ചുരുക്കം ഇതാണ്‌.

 പുനർജനി പദ്ധതിയിൽ ഫ്ലാറ്റ്‌ നിർമിക്കാൻ എളന്തിക്കരയിൽ കല്ലിട്ടെങ്കിലും പണി തുടങ്ങിയില്ല. 217 വീട്‌ നിർമിച്ചുനൽകിയെന്ന്‌ എംഎൽഎ അവകാശപ്പെട്ടെങ്കിലും വിവിധ സംഘടനകൾ സ്‌പോൺസർ ചെയ്‌തവയായിരുന്നു വീടുകൾ. യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിയായിരുന്ന പി എസ്‌ രാജേന്ദ്രപ്രസാദ്‌, കാതിക്കൂടം ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ്‌ ജയ്‌സൺ പാനികുളങ്ങര എന്നിവർ വിജിലൻസിനു പരാതിയും ഹൈക്കോടതിയിൽ ഹർജിയും നൽകി. സിപിഐ നേതാവ്‌ പി രാജു വിജിലൻസിന്‌ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ വിജിലൻസ്‌ പ്രാഥമികാന്വേഷണം നടത്തിയത്‌.

നുണപൊളിച്ചത് വീഡിയോകൾ
പദ്ധതിക്ക്‌ ഫണ്ട്‌ ചോദിച്ച്‌ ബർമിങ്‌ഹാമിൽ പ്രസംഗിച്ചിട്ടില്ലെന്ന്‌ വി ഡി സതീശൻ 2020 ആഗസ്‌തിൽ നിയമസഭയിൽ പറഞ്ഞത്‌ പച്ചക്കള്ളമെന്ന്‌ തെളിയിച്ച്‌ അദ്ദേഹത്തിന്റെതന്നെ രണ്ട്‌ വീഡിയോകൾ പുറത്തുവന്നിരുന്നു. 2018 ഒക്ടോബർ 28ന്‌ ബർമിങ്‌ഹാമിൽ പണം അഭ്യർഥിച്ച്‌ പ്രസംഗിക്കുന്നതിന്റെയും 2020 മെയ്‌ ഒമ്പതിന്‌ പറവൂരിലെ വാർത്താസമ്മേളനത്തിന്റെയും വീഡിയോകളാണ്‌ പുറത്തുവന്നത്‌. ‘‘നിങ്ങൾ ഓരോരുത്തരും 500 പൗണ്ട്‌ നൽകുമ്പോൾ അഞ്ചു കുടുംബങ്ങളിൽ ഓരോ തയ്യൽ മെഷീൻ നൽകാനാണ്‌ അതുപയോഗിക്കുക. ഗുണഭോക്താക്കളെ തദ്ദേശസ്ഥാപനങ്ങളാണ്‌ തെരഞ്ഞെടുക്കുക.’’ എന്നും ബിർമിങ്‌ഹാമിൽ പ്രസംഗിക്കുന്നത്‌ വീഡിയോയിലുണ്ട്‌. ഈ വീഡിയോ ജയിംസ്‌ മാത്യു നിയമസഭയിൽ വച്ചതും എസ്‌ ശർമയും എം സ്വരാജും വിഷയം ഉന്നയിക്കുകയും ചെയ്‌തപ്പോഴാണ്‌ സതീശൻ കാലാവസ്ഥാ ഉച്ചകോടിക്ക്‌ പോയതാണെന്നു പറഞ്ഞ്‌ രക്ഷപ്പെട്ടത്‌. ‘‘ഞാൻ ബർമിങ്‌ഹാമിൽ പ്രസംഗിച്ചിട്ടുണ്ട്‌; എന്റെ നാട്ടുകാർക്കുവേണ്ടിയാണത്‌. ലണ്ടനിലും ഗൾഫ്‌ രാജ്യങ്ങളിലും ഞാൻ പോയി പ്രസന്റേഷൻ നടത്തി സഹായം മേടിച്ചിട്ടുണ്ട്‌. തിരുവനന്തപുരം സ്വദേശിനിയാണ്‌ ബിർമിങ്‌ഹാമിൽ ലഞ്ച്‌ മീറ്റിങ്‌ നടത്തി അവിടത്തെ സഹായങ്ങൾ ക്രോഡീകരിച്ചത്‌. അവർ പറവൂർ ടൗൺഹാളിൽ വന്നാണ്‌ ചെക്കുകൾ കൈമാറിയത്‌.’’ പറവൂരിൽ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്‌ ഇങ്ങനെ. സർക്കാർ ഓഡിറ്റിങ്‌ ആവശ്യമില്ലെന്നും സോഷ്യൽ ഓഡിറ്റിങ്‌ മതിയെന്നും ലഭിച്ച ഫണ്ടും ചെലവാക്കിയ വിവരവും അർഹരായവരുടെ ലിസ്‌റ്റും 2019 ഡിസംബറിൽ പ്രസിദ്ധീകരിക്കുമെന്നും പറവൂരിൽ ആദ്യം പ്രഖ്യാപിച്ചിരുന്നു. ഒന്നും നടന്നില്ലെന്നു മാത്രം.

 

വി ഡി സതീശന്‌ വിദേശയാത്രയ്ക്ക്  
അനുമതി നൽകിയിട്ടില്ലെന്ന്‌ 
വ്യക്തമാക്കുന്ന വിവരാവകാശ രേഖ

വി ഡി സതീശന്‌ വിദേശയാത്രയ്ക്ക് 
അനുമതി നൽകിയിട്ടില്ലെന്ന്‌ 
വ്യക്തമാക്കുന്ന വിവരാവകാശ രേഖ

 

അഴിമതിയിൽ മുങ്ങി കോൺഗ്രസ്‌; മറുപടിയില്ലാതെ നേതൃത്വം
പ്രതിപക്ഷ നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമടക്കമുള്ളവർ നടത്തിയ അനധികൃത പണപ്പിരിവും അഴിമതിയും ഓരോന്നായി പുറത്തുവരുമ്പോൾ മറുപടിയില്ലാതെ നേതൃത്വം. പുനർജനിയും പുൽപ്പള്ളിയും നിരണവും മഞ്ഞുമലയുടെ അറ്റമേയാകുന്നുള്ളൂ. കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം പുൽപ്പള്ളി സഹകരണ ബാങ്ക്‌ പ്രസിഡന്റായിരിക്കേയാണ്‌ വായ്പാതട്ടിപ്പ്‌ നടത്തിയത്‌. കോൺഗ്രസ്‌ അഴിമതിയുടെ രക്തസാക്ഷിയാണ്‌ തട്ടിപ്പിനിരയായി ജീവനൊടുക്കിയ രാജേന്ദ്രൻ. ഇവിടെ  7.26 കോടി രൂപയുടെ അഴിമതി നടന്നതായാണ്‌ ആരോപണം. അബ്രഹാമിന്റെ ബിനാമി കൊല്ലപ്പിള്ളി സജീവന്റെ അക്കൗണ്ടിലേക്ക് ചിലരുടെ വായ്പാത്തുക മാറ്റിയത്‌ ചോദ്യം ചെയ്‌തവരെ മർദിക്കുകയുംചെയ്‌തു. തട്ടിയെടുത്ത പണം തിരിച്ചുപിടിക്കാനുള്ള നടപടികളിലാണ്‌ സഹകരണ വകുപ്പ്‌. നിരന്തരം കോടതികളെ സമീപിച്ച്‌ നടപടികൾ തടസ്സപ്പെടുത്താനായിരുന്നു പ്രതികളുടെ ശ്രമം. കേസിൽ അബ്രഹാം റിമാൻഡിലാണ്‌.

പത്തനംതിട്ട നിരണത്ത്‌ എംബിബിഎസ്‌ സീറ്റ്‌ വാഗ്‌ദാനം ചെയ്‌ത്‌ 25 ലക്ഷം രൂപയാണ്‌ പഞ്ചായത്ത്‌ പ്രസിഡന്റും കോൺഗ്രസ്‌ നേതാവുമായ കെ പി പുന്നൂസ്‌ തട്ടിയെടുത്തത്‌. ഇയാളും ജയിലിലാണ്. ഇതിനിടെ ബൈക്കിന്റെ ടയർ മോഷ്‌ടിച്ചതിന്‌ കടവല്ലൂർ പഞ്ചായത്ത്‌ മൂന്നാംവാർഡ്‌ കോൺഗ്രസ്‌ അംഗം കല്ലുംപുറം കാണക്കോട്ടയിൽ നാസറിനെ കുന്നംകുളം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

അഴിമതി, തട്ടിപ്പുകേസുകളിൽ ചീഞ്ഞുനാറുമ്പോഴും നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ നേതൃത്വത്തിന്‌ ധൈര്യമില്ല. വിദേശത്തുനിന്ന്‌ അനധികൃത പണപ്പിരിവ്‌ നടത്തുന്ന പ്രതിപക്ഷ നേതാവുൾപ്പെടുന്ന നേതൃത്വം തങ്ങൾക്കെതിരെ നടപടിയെടുക്കില്ലെന്ന  ഉറപ്പിലാണിവർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top