24 April Wednesday

ലക്ഷ്യം സതീശൻ, എഐപിസി കോൺക്ലേവ്‌ കൊച്ചിയിൽ

സ്വന്തം ലേഖകൻUpdated: Saturday Nov 26, 2022

കൊച്ചി > കോൺഗ്രസ്‌ പോരിന്‌ എണ്ണ പകർന്ന്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശന്റെ തട്ടകത്തിൽ ശശിതരൂർ വിഭാഗം  പരിപാടി . ഞായറാഴ്‌ച കൊച്ചിയിലാണ്‌ ശശി തരൂൾ എം പി നയിക്കുന്ന ഓൾ ഇന്ത്യ പ്രൊഫഷണൽസ്‌ കോൺഗ്രസിന്റെ (എഐപിസി) കോൺക്ലേവിന്‌ വേദിയൊരുങ്ങുന്നത്‌. ഡീകോഡ്‌ എന്നുപേരിട്ട കോൺക്ലേവിൽ വിഡി സതീശനും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പങ്കെടുക്കുമെന്നാണ്‌ സംഘാടകർ അറിയിച്ചത്‌.

രാവിലെ ഒമ്പതുമുതൽ സ്വകാര്യ ഹോട്ടലിൽ നടക്കുന്ന കോൺക്ലേവിന്റെ ഉദ്‌ഘാടകൻ കെ സുധാകരനാണ്‌. എഐപിസി ചെയർമാൻ ശശി തരൂരാണ്‌ മുഖ്യപ്രഭാഷകൻ. തരൂർ വിഷയത്തിൽ കോൺഗ്രസിലും യുഡിഎഫിലും ഒറ്റപ്പെട്ട സതീശൻ, പരിപാടിയിൽ തരൂരിനൊപ്പം വേദി പങ്കിടുമോ എന്നതിൽ സ്ഥിരീകരണമായിട്ടില്ല.

കോൺക്ലേവിലെ ലീഡേഴ്‌സ്‌ മീറ്റിന്റെ ഉദ്‌ഘാടകനായ സതീശൻ, തരൂരുമായുള്ള ഭിന്നത  രൂക്ഷമായ സാഹചര്യത്തിൽ വിട്ടുനിൽക്കാനാണ്‌ സാധ്യത. എന്നാൽ, സ്വന്തം ജില്ലയിലെ പരിപാടിയിൽനിന്ന് വിട്ടുനിൽക്കുന്നത്‌ സതീശന്‌ ക്ഷീണമാകുമെന്ന ചർച്ചയും സജീവം. വ്യാഴാഴ്‌ച തിരുവനന്തപുരത്ത്‌ സ്വകാര്യ ഹോട്ടൽ ഉദ്‌ഘാടനച്ചടങ്ങിൽ തരൂരും സതീശനും രണ്ടുമണിക്കൂറോളം അടുത്തടുത്ത സീറ്റിൽ ഒന്നിച്ചുണ്ടായിട്ടും പരസ്‌പരം കണ്ട ഭാവംപോലും നടിച്ചില്ല. നേരത്തെ ഒരേ വിമാനത്തിൽ യാത്രചെയ്‌തിട്ടും രണ്ടുപേരും സൗഹൃദം ഒരു അഭിവാദ്യത്തിൽ ഒതുക്കിയെന്നും വാർത്തയുണ്ടായിരുന്നു.

അതിനിടെ സതീശനൊപ്പം നിൽക്കുന്നവരെ, അദ്ദേഹത്തിന്റെ സ്വാധീനമേഖലയിൽനിന്നുതന്നെ വശത്താക്കാനാണ്‌ തരൂരിന്റെ നീക്കമെന്നും കൊച്ചിയിലെ പരിപാടി അതിന്‌ വഴിയിടുന്നതാണെന്നും വിലയിരുത്തുന്നു. ഹൈബി ഈഡൻ എംപി, എഐപിസി മുൻ പ്രസിഡന്റ്‌ മാത്യു കുഴൽനാടൻ എംഎൽഎ, റോജി എം ജോൺ എംഎൽഎ എന്നിവരും പരിപാടിയുടെ സംഘാടകരാണ്‌. ഇവരെ അണിനിരത്തി ഒരു ശക്തിപ്രകടനംതന്നെയാണ്‌ തരൂർ അനുകൂലികൾ ലക്ഷ്യമിടുന്നതെന്നും വ്യക്തം.

തരൂരിന്റെ പരിപാടി അറിഞ്ഞില്ലെന്ന്‌ യൂത്ത്‌ കോൺഗ്രസിലെ ഒരുവിഭാഗം

ശശി തരൂരിനെ പങ്കെടുപ്പിച്ച്‌ ഡിസംബർ മൂന്നിന്‌ ഈരാറ്റുപേട്ടയിൽ നടത്തുന്ന വർഗീയവിരുദ്ധ സമ്മേളനത്തെക്കുറിച്ച്‌ അറിഞ്ഞിട്ടില്ലെന്ന്‌ യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗം. പരിപാടിയുടെ സംഘാടനത്തിന്‌ മുന്നോടിയായി പാലായിൽ ചേർന്ന യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി യോഗത്തിൽ ഭാരവാഹികൾക്കെതിരെ വിമർശനമുയർന്നു. ഔദ്യോഗികമായി ചർച്ച നടത്താതെ പരിപാടി തീരുമാനിച്ചെന്നായിരുന്നു പ്രധാന ആരോപണം.

ജില്ലാ കമ്മിറ്റി കൂട്ടായി എടുത്ത തീരുമാനമാണെന്ന വാദം ഇതോടെ പൊളിഞ്ഞു. പരിപാടിയെ പറ്റി  വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പുകളിൽ മാത്രമാണ്‌ ചർച്ച നടന്നത്‌. ഡിസിസിയെ അറിയിച്ചിട്ടുമില്ല. ഉമ്മൻചാണ്ടി വിഭാഗക്കാർ നടത്തുന്ന പരിപാടിക്കെതിരെ ഡിസിസി പ്രസിഡന്റും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയും അടക്കമുള്ള നേതാക്കൾക്ക്‌ കടുത്ത എതിർപ്പുണ്ട്‌. സമ്മേളനത്തിന്റെ ഫ്‌ളക്‌സ്‌ ബോർഡിൽനിന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനെയും രമേശ്‌ ചെന്നിത്തലയെയും ഒഴിവാക്കിയതും നേരത്തേ വിവാദമായിരുന്നു.

സൗകര്യം ലീഡേഴ്‌സ്‌ മീറ്റിന്‌

ഡീകോഡ്‌ ക്ലോൺക്ലേവ്‌ ഉദ്‌ഘാടനച്ചടങ്ങിനുപകരം വൈകിട്ടത്തെ ലീഡേഴ്‌സ്‌ മീറ്റിൽ പങ്കെടുക്കാനാണ്‌ വി ഡി സതീശന്‌ സൗകര്യമെന്ന്‌ പ്രൊഫഷണൽസ്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഡോ. എസ്‌ എസ്‌ ലാൽ.  സമ്മേളനത്തിന്‌ ഡിസിസി അനുമതി ആവശ്യമില്ല.
പ്രൊഫഷണൽസ്‌ കോൺഗ്രസ്‌ എഐസിസിയുടെ ഘടകമാണെന്നും ലാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top