29 March Friday
ഭർത്താവ്‌ കൊന്നതുതന്നെ ; വധശിക്ഷനൽകണമെന്ന്‌ പ്രോസിക്യൂഷൻ

ഉത്ര വധക്കേസിൽ സൂരജ്‌ കുറ്റക്കാരനെന്ന്‌ കോടതി; ശിക്ഷാവിധി ബുധനാഴ്‌ച

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

ഉത്ര വധക്കേസിൽ കോടതി കുറ്റക്കാരനെന്ന്‌ കണ്ടെത്തിയശേഷം ഭർത്താവ്‌ 
സൂരജിനെ ജയിലിലേക്ക്‌ കൊണ്ടുപോകുന്നു. ഫോട്ടോ: ആർ സഞ്‌ജീവ്‌


കൊല്ലം
അഞ്ചൽ ഏറത്തെ ഉത്ര (25)യെ മൂർഖനെക്കൊണ്ട്‌ കടിപ്പിച്ചുകൊന്ന കേസിൽ ഭർത്താവ്‌ അടൂർ പറ-ക്കോട്- കാരം-കോട്- ശ്രീസൂര്യയിൽ സൂരജ്- എസ്‌ കുമാർ (28) കുറ്റക്കാരനെന്ന്‌ കോടതി വിധിച്ചു. ഭിന്നശേഷിയുള്ള ഉത്രയെ സ്വത്തിനും സ്വർണത്തിനും വേണ്ടി കൊലപ്പെടുത്തുകയായിരുന്നു എന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.  മനഃസാക്ഷിയെ ഞെട്ടിച്ച കേസിൽ കൊല്ലം ആറാം അഡീഷണൽ സെഷൻസ്‌ കോടതി ജഡ്‌ജി എം മനോജാണ്‌ വിധി പറഞ്ഞത്‌. ശിക്ഷ ബുധനാഴ്‌ച വിധിക്കും.

സൂരജിനെതിരെ ചുമത്തിയ കൊലപാതകം (വകുപ്പ്‌ 302), കൊലപാതക ശ്രമം (307), വിഷം നൽകി പരിക്കേൽപ്പിക്കുക (328), തെളിവുകൾ നശിപ്പിക്കുക (201) എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തി. തിങ്കൾ പകൽ 12നാണ്‌ കോടതിയിൽ ഹാജരാക്കിയത്‌. പ്രതിക്ക്‌ വധശിക്ഷ വിധിക്കണമെന്നും ഇത് നിയമവും സമൂഹവും ആവശ്യപ്പെടുന്നതാണെന്നും കേസ്‌ അപൂർവങ്ങളിൽ അപൂർവമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയുടെ നടപടി ക്രൂരവും വിചിത്രവും നീചവും പൈശാചികവും സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചതുമാണ്‌.  അണലിയെക്കൊണ്ട്‌ കടിപ്പിച്ച വേദനയിൽ ഉത്ര ആശുപത്രിക്കിടക്കയിൽ കരയുമ്പോഴും ഭാര്യയെ കൊലപ്പെടുത്താൻ വീണ്ടും തന്ത്രം മെനയുകയായിരുന്നു സൂരജ്‌. ഇയാൾ ഒരുതരത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്ന്‌ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോൾ കുടുംബത്തെ സംരക്ഷിക്കണമെന്നായിരുന്നു സൂരജിന്റെ മറുപടി.

ഏറം വെള്ളാശ്ശേരിൽ (വിഷു) വി വിജയസേനന്റെയും മണിമേഖലയുടെയും മക-ളായ ഉത്രയെ 2020 മെയ്‌ ഏഴിനു രാവിലെയാണ്‌ ഏറത്തെ വീട്ടിൽ പാമ്പുകടിയേറ്റ്‌ മരിച്ചനിലയിൽ കണ്ടത്‌. സൂരജിന്റെ അസ്വാഭാവിക പെരുമാറ്റത്തിൽ സംശയം തോന്നിയ ഉത്രയുടെ അച്ഛനമ്മമാർ പരാതി നൽകി. കേസ്‌ അന്വേഷിച്ച ക്രൈംബ്രാഞ്ച്‌ 82 –-ാം ദിവസം കുറ്റപത്രം സമർപ്പിച്ചു. സൂരജിന്‌ മൂർഖനെ നൽകിയ പാമ്പുപിടിത്തക്കാരൻ കല്ലുവാതുക്കൽ ചാവരുകാവ്‌ സ്വദേശി സുരേഷ്‌ മാപ്പുസാക്ഷിയാണ്‌.

മുമ്പ്‌ ഉത്രയെ കൊലപ്പെടുത്താനായി അണലിയെക്കൊണ്ട്‌ കടിപ്പിച്ചിരുന്നു. സൂരജിന്റെ അച്ഛൻ സുരേന്ദ്രപ്പണിക്കർ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവർ പ്രതികളായ ഗാർഹിക പീഡനക്കേസ്‌ അടൂർ കോടതിയിലുണ്ട്‌. സൂരജ്‌ ഒന്നാംപ്രതിയും സുരേഷ്‌ രണ്ടാംപ്രതിയുമായി വനംവകുപ്പ്‌ കേസ്‌ പുനലൂർ കോടതിയിലുമുണ്ട്‌.

പാമ്പിനെക്കൊണ്ട്‌ കടിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവം പൊലീസ്‌ അന്വേഷിക്കുന്നത്‌ കേരളത്തിലാദ്യമാണ്‌. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എ അശോകന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ. ജി മോഹൻരാജ്‌ ഹാജരായി. അഡ്വ. ജിത്തു എസ്‌ നായരാണ്‌ പ്രതിക്കുവേണ്ടി ഹാജരായത്‌. ഉത്രയുടെ അച്ഛനും സഹോദരൻ വിഷു വിജയനും കോടതിയിൽ എത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top