06 December Monday

ഉത്ര കേസ്‌ ഡയറി ഇനി അക്കാദമിക്‌ ഫയൽ ; പൊലീസിന്‌ ബിഗ്‌ സല്യൂട്ട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021


ഉത്ര വധക്കേസ്‌ കേരള പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ നാഴികക്കല്ലാണ്‌. അഞ്ചൽ സ്റ്റേഷനിലെ ക്രൈം നമ്പർ 1540/2020 എന്ന കേസ്‌ പൊലീസിന്‌ ഇനി അക്കാദമിക്‌ ഫയൽ. കേസ്‌ ഡയറി കുറ്റാന്വേഷണത്തിൽ പൊലീസിന്‌ പാഠപുസ്‌തകമാകും. അപൂർവങ്ങളിൽ അപൂർവമായ കേസിൽ എത്രയും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കുകയും കുറ്റപത്രം സമർപ്പിക്കുകയുംചെയ്‌ത പൊലീസിന്‌ പ്രശംസ ചൊരിയുകയാണ്‌ നാട്‌. അന്വേഷക സംഘത്തിൽ ഉൾപ്പെട്ടവർക്ക്‌ മുഖ്യമന്ത്രിയുടെ പൊലീസ്‌ മെഡലും ലഭിച്ചിരുന്നു.

അടിച്ചുകൊന്ന്‌ കുഴിച്ചുമൂടിയ പാമ്പിനെ പുറത്തെടുത്ത്‌ പോസ്റ്റ്‌മോർട്ടം നടത്തിയതും അതിന്റെ ഡിഎൻഎ പരിശോധനയും ഡമ്മി പരീക്ഷണവും എല്ലാം കേസിനെ വേറിട്ടതാക്കി.

റൂറൽ ക്രൈംബ്രാഞ്ച്‌ അന്വേഷണം ഏറ്റെടുത്ത്‌ ദിവസങ്ങൾക്കുള്ളിൽ പ്രതികളെ അറസ്റ്റ്ചെയ്‌തു. ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, മൊബൈല്‍ ഫോണ്‍ പരിശോധനാ ഫലം, സൈബര്‍ ഫോറന്‍സിക് റിപ്പോര്‍ട്ട്, കംപ്യൂട്ടറുകളുടെയും ഹാര്‍ഡ് ഡിസ്‌കുകളുടെയും പരിശോധനാ ഫലം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട്, ഡിഎന്‍എ പരിശോധനാ ഫലം തുടങ്ങി 230 തരം ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തിലാണ്‌ കുറ്റപത്രം തയ്യാറാക്കിയത്‌.

ദൃക്‌സാക്ഷിയില്ലാത്ത കൊലപാതകം, സാധാരണയില്‍നിന്നു വ്യത്യസ്തമായി പാമ്പിനെ ആയുധമാക്കിയുള്ള കൊലപാതകം എന്നിവ പൊലീസിനെ പുതിയ അന്വേഷണവഴികൾ തുറക്കാൻ പ്രേരിപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ചൈനയില്‍ ഗവേഷണം നടത്തുന്ന വിദഗ്ധന്റെയും ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ ശര്‍മയുടെയും ഹൈദരാബാദടക്കം രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധരുടെ അഭിപ്രായങ്ങളും അന്വേഷക സംഘം തേടിയിരുന്നു.

പാമ്പിന്‍ വിഷത്തെപ്പറ്റിയും പാമ്പുകളെപ്പറ്റിയും വിശദമായ പഠന റിപ്പോര്‍ട്ടും തയ്യാറാക്കി. വ്യത്യസ്തതയുള്ള കൊലപാതകത്തിന് വ്യത്യസ്തതയുള്ള അന്വേഷണ രീതിയാണ്‌ സ്വീകരിച്ചതെന്ന്‌ അന്ന്‌ കൊല്ലം റൂറൽ പൊലീസ്‌ മേധാവിയായിരുന്ന ഹരിശങ്കർ പറഞ്ഞു.

ഡമ്മി പരീക്ഷണം ‘നിർണയിച്ചു’
ഉത്രകേസിൽ നിർണായക തെളിവായത്‌ സൂരജ്‌ പാമ്പിനെക്കൊണ്ട്‌ കടുപ്പിക്കുന്നതിന്റെ ഡമ്മി പരീക്ഷണം. മൂർഖനെയും അണലിയെയും ഉപയോഗിച്ചു വനംവകുപ്പിന്റെ അരിപ്പ ഓഫീസിലായിരുന്നു ഡമ്മി പരീക്ഷണം. മൂർഖൻ കടിക്കുന്നതിന്റെ പുനരാവിഷ്‌കാരം 2020 ജൂലൈ 27നും അണലിയുടേത്‌ ആഗസ്ത് അഞ്ചിനുമാണ്‌ നടത്തിയത്‌.

അന്വേഷണ ഉദ്യോഗസ്ഥനായ റൂറൽ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എ അശോകൻ, പുനലൂർ തഹസിൽദാർ ഡി സുരേഷ്‌, അരിപ്പ ഫോറസ്റ്റ്‌ ഓഫീസർ മുഹമ്മദ്‌ അൻവർ, പാമ്പ്‌ വിദഗ്‌ധൻ കാസർകോട്‌ സ്വദേശി മവീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസിന്റെ വിധിയെഴുതിയ ഡമ്മി പരീക്ഷണം.  ഉത്രയെ അണലിയെയും മൂർഖനെയും കൊണ്ട്‌ കടിപ്പിച്ചെന്നായിരുന്നു സൂരജിന്റെ മൊഴി. 

മുറിപ്പാടുകളുടെ അകലം
സൂരജ്‌ രണ്ടുതവണ പാമ്പിനെക്കൊണ്ട്‌ കടിപ്പിച്ചതിന്റെ മുറിപ്പാടുകൾ തമ്മിലുള്ള അകലം തെളിയിക്കുക എന്നതായിരുന്നു ഡമ്മി പരീക്ഷണത്തിന്റെ ലക്ഷ്യം. മൂർഖനെക്കൊണ്ട്‌ ബലമായി കടിപ്പിച്ചതാണെന്ന്‌ തെളിയിക്കാനുമായി. ഉത്രയുടെ ഉയരത്തിലും ഭാരത്തിലുമുള്ള ഡമ്മിയാണ്‌ തയ്യാറാക്കിയിരുന്നത്‌. അതിൽ കോഴി ഇറച്ചി കെട്ടിവച്ച്‌ മൂർഖനെക്കൊണ്ട്‌ കടിപ്പിക്കുകയായിരുന്നു. സാധാരണ മൂർഖൻ കടിച്ചാൽ പല്ലുകൾ തമ്മിലുള്ള അകലം 1.7 സെന്റിമീറ്ററെ ഉണ്ടാകൂ. എന്നാൽ, ബലമായി കടിപ്പിച്ചാൽ ഇത്‌ 2.8 സെന്റിമീറ്ററാകും. ഉത്രയുടെ ശരീരത്തിലുള്ള മുറിവുകളുടെ വ്യത്യാസം യഥാക്രമം 2.5, 2.8 ആയിരുന്നു. പാമ്പിനെക്കൊണ്ട്‌ ബലമായി കടിപ്പിച്ചാലേ ഇങ്ങനെയാകൂ.

പ്ലാസ്റ്റിക്‌ നിർമിതമായ കൈയിൽ കെട്ടിയ കോഴിയിറച്ചിയിൽ അണലി പൊടുന്നനെ കടിക്കുന്നതും മൂർഖൻ കടിക്കാതെ പുറത്തുകൂടി ഇഴഞ്ഞുപോകുന്നതുമായ വീഡിയോയും പുറത്തായിരുന്നു. ഇതിലും മൂർഖനെ പ്രകോപിപ്പിച്ചപ്പോൾ മാത്രമാണ്‌ കോഴിയിറച്ചിയിൽ കടിക്കുന്നത്‌. മനുഷ്യന്റെയോ മൃഗങ്ങളുടെയോ ചൂട്‌ അനുഭവപ്പെട്ടാൽ അണലി കടിക്കുമെന്നും എന്നാൽ, പ്രകോപനമുണ്ടായാലേ മൂർഖൻ കടിക്കൂ എന്നും ഡമ്മി പരീക്ഷണത്തിലൂടെ തെളിയിക്കാനായി. 

പാമ്പിനും ഡിഎൻഎ പരിശോധന
ഉത്രയെ കടിപ്പിച്ച പാമ്പിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും നിർണായകമായി. ഏഴു ദിവസമായി പട്ടിണികിടന്ന പാമ്പാണിതെന്നും തെളിഞ്ഞിരുന്നു. പാമ്പിനെ പ്ലാസ്റ്റിക്‌ ഭരണിയിൽ സൂക്ഷിച്ചിരുന്നതാണെന്ന നിഗമനവും ഇതോടെ ശരിയായി. പാമ്പിന്റെ ശൽക്കങ്ങൾ ഡിഎൻഎ പരിശോധന നടത്തിയതും കേസന്വേഷണ ചരിത്രത്തിൽ അപൂർവം.

കേസിന്റെ നാൾവഴി
2018 മാർച്ച്‌ 25–-സൂരജും ഉത്രയും തമ്മിലുള്ള വിവാഹം

2020 ഫെബ്രുവരി 28–-ഭർത്താവ്‌ സൂരജിന്റെ അടൂർ പറക്കോട്‌ വീട്ടിൽ ഗോവണിപ്പടിയിൽ വച്ച്‌ അണലിയുടെ കടിയേൽക്കാതെ ഉത്ര രക്ഷപ്പെട്ടു.

മാർച്ച്‌ 2–-  സൂരജിന്റെ വീട്ടിൽ വച്ച്‌  ഉത്രയ്‌ക്ക്‌ അണലിയുടെ കടിയേറ്റു.

ഏപ്രിൽ 22 വരെ തിരുവല്ല പുഷ്‌പഗിരി ആശുപത്രിയിൽ ചികിത്സ. ആശുപത്രിയിൽനിന്ന്‌ ഉത്ര അഞ്ചൽ ഏറത്തെ വീട്ടിൽ. 

മെയ്‌ 6–- സൂരജ്‌ ഉത്രയുടെ വീട്ടിലെത്തി. ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന ഉത്രയ്‌ക്ക്‌ മൂർഖന്റെ കടിയേൽക്കുന്നു. ഏഴിന്‌ രാവിലെ സൂരജ്‌ മുറിക്കു പുറത്തിറങ്ങി.  ചായയുമായി എത്തിയ അമ്മ മകൾ മരിച്ചുകിടക്കുന്നതായി കണ്ടു.

മെയ്‌ 7–- സൂരജിനെതിരെ ഉത്രയുടെ കുടുംബത്തിന്റെ ആരോപണം. അസ്വാഭാവിക മരണത്തിന്‌ അഞ്ചൽ പൊലീസ്‌ കേസെടുത്തു. 

മെയ്‌ 19–- ഉത്രയുടെ അച്ഛൻ വി വിജയസേനൻ കൊല്ലം റൂറൽ ജില്ലാ പൊലീസ്‌ മേധാവി ഹരിശങ്കറിന്‌ പരാതി നൽകി.

മെയ്‌ 20–- ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എ അശോകന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷക സംഘം. 

മെയ്‌ 23–-ഒളിവിലായിരുന്ന സൂരജും പാമ്പുപിടിത്തക്കാരൻ കല്ലുവാതുക്കൽ ചാവരുകാവ്‌ സുരേഷും അറസ്റ്റിൽ.  

ആഗസ്‌ത്‌ 14–- പ്രത്യേക അന്വേഷക സംഘം പുനലൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

ആഗസ്‌ത്‌ 22–- ഗാർഹിക പീഡനക്കേസിൽ സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും അറസ്‌റ്റിൽ.

ഡിസംബർ 1–- കൊല്ലം ആറാം നമ്പർ അഡീഷണൽ സെഷൻസ്‌ കോടതി ജഡ്‌ജി എം മനോജ്‌ മുമ്പാകെ വിചാരണ തുടങ്ങി. 

2021 ഒക്‌ടോബർ 4–- വിചാരണ പൂർത്തിയായി.

ഒക്‌ടോബർ 11–  കോടതിവിധി.

അന്വേഷണ മികവിന്‌ തെളിവ്
ഉത്ര വധക്കേസിൽ ശാസ്‌ത്രീയവും പ്രൊഫഷണലുമായ അന്വേഷണമാണ്‌ നടത്തിയതെന്ന്‌ സംസ്ഥാന പൊലീസ്‌ മേധാവി അനിൽകാന്ത്‌ പറഞ്ഞു. നേതൃത്വം നൽകിയ എസ്‌പി ഹരിശങ്കർ, ഡിവൈഎസ്‌പി അശോകൻ തുടങ്ങി എല്ലാ ഉദ്യോഗസ്ഥരെയും ഡിജിപി അഭിനന്ദിച്ചു. കേരള പൊലീസിന്റെ അന്വേഷണ മികവിനു തെളിവാണ്‌ ഇരുവർക്കും കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ മെഡൽ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടായ്മയുടെ  വിജയം
ഉത്ര വധക്കേസിൽ പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന്‌ അന്വേഷണത്തിന്‌ നേതൃത്വം നൽകിയ മുൻ എസ്‌പി ഹരിശങ്കർ. കൂട്ടായ പ്രവർത്തനത്തിലൂടെയാണ്‌ കേസ്‌ തെളിയിക്കാനായത്‌. ശിക്ഷിക്കപ്പെടാതെ പോയ സമാനകേസുകൾ വിശകലനം ചെയ്‌ത്‌ പോരായ്‌മ കണ്ടെത്തി പരിഹരിച്ചു. പ്രോസിക്യൂട്ടർ മോഹൻരാജ്‌ ആത്മാർഥതയോടെ കേസ്‌ വാദിച്ചു. എല്ലാവർക്കും നന്ദി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top