26 April Friday

കേന്ദ്ര ബജറ്റിൽ കേരളത്തോട് ക്രൂരമായ അവഗണന: ധനമന്ത്രി കെ എൻ ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023


തിരുവനന്തപുരം
കേന്ദ്രബജറ്റിൽ കേരളത്തെ  ക്രൂരമായി അവഗണിച്ചുവെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനം മുന്നോട്ടുവച്ച ഒരാവശ്യവും പരിഗണിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. കേന്ദ്രബജറ്റിൽ വരവിന്റെ  41 ശതമാനവും കടമാണ്‌. ഇത്‌ 17,55,319 കോടി രൂപയാണ്‌. എന്നാൽ, കേരളത്തിന്റെ കടമെടുപ്പ്‌ പരിധിയായ 3.5 ശതമാനത്തിൽ മാറ്റം വരുത്തിയിട്ടില്ല. വലിയ പ്രഖ്യാപനങ്ങളല്ലാതെ താഴെ തട്ടിലെ ജനങ്ങൾക്ക്‌ അതിന്റെ പ്രയോജനമുണ്ടാകുമെന്ന്‌ തോന്നുന്നില്ല.

തൊഴിലുറപ്പ്‌പോലുള്ള പദ്ധതികളാണ്‌ സാധാരണ ജനങ്ങൾക്ക്‌ സഹായകരമാകുന്നത്‌. പദ്ധതിക്കായി 22–-23ൽ 89,400 കോടി രൂപയാണ് ചെലവിട്ടത്‌. 2023–--24ൽ ബജറ്റിൽ വകയിരുത്തിയത്  60,000 കോടി രൂപ മാത്രം. രാജ്യത്ത്‌ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ ഭക്ഷ്യസബ്‌സിഡിക്കായി കഴിഞ്ഞവർഷം 2,87,194 കോടിയാണ്‌ നീക്കിവെച്ചത്‌ .ഈ വർഷം 1,87,207 കോടി രൂപ .  കർഷകരിൽനിന്ന്‌ നെല്ലും ഗോതമ്പും സംഭരിക്കുന്നതിന്‌ 2022–-23ൽ 72,283 കോടി രൂപയാണ്‌ ചെലവഴിക്കുന്നത്‌. പുതിയ ബജറ്റിൽ 13,000 കോടിയുടെ കുറവുണ്ട്‌. കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ ഇനി മുതൽ തുക അനുവദിക്കുന്നത്‌ റിസൾട്ട്‌ അടിസ്ഥാനത്തിലാണെന്ന്‌ പറയുന്നതിൽ ആശങ്കയുണ്ട്‌. ആരാണ്‌ പദ്ധതികൾ വിലയിരുത്തി മാർക്കിടുന്നത്‌ എന്നതിൽ വ്യക്തതയില്ല.

കൂടുതൽ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കമാണോയെന്ന്‌ സംശയമുണ്ട്‌. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ലഭിക്കുന്നതിൽ  ക്രൂരമായ അവഗണനയാണ്‌.  കുറഞ്ഞ ജനസംഖ്യയുള്ള സംസ്ഥാനങ്ങൾക്ക്‌ ലഭിക്കുന്നതിലും കുറവ്‌ പദ്ധതികളേ കേരളത്തിന്‌ കിട്ടുന്നുള്ളൂ.  സാധാരണക്കാർക്കിടയിൽ പ്രവർത്തിക്കുന്ന സഹകരണമേഖലയെ തകർക്കാൻ ലക്ഷ്യംവച്ചുള്ള സ്‌കീമുകൾ ബജറ്റിലുണ്ട്‌. ആദ്യമായാണ്‌ ഇത്തരത്തിൽ പദ്ധതി വരുന്നത്‌. പ്ലാന്റേഷൻ മേഖലയെ സംരക്ഷിക്കുന്നതിന്‌ പദ്ധതി വേണമെന്ന്‌ കേരളം ആവശ്യപ്പെട്ടിരുന്നതായും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top