25 April Thursday

കേന്ദ്രബജറ്റിലേത്‌ പാഴ്‌ പ്രഖ്യാപനങ്ങൾ: ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

തിരുവനന്തപുരം> യുവജനവിരുദ്ധവും പൂർണമായും കേരളത്തെ അവഗണിക്കുന്നതുമായ കേന്ദ്ര ബജറ്റ് പാഴ്‌പ്രഖ്യാപനങ്ങളുടേത്‌ മാത്രമാണെന്ന്‌ ഡിവൈഎഫ്‌ഐ. കേന്ദ്രം പുതിയ ബജറ്റിലൂടെ നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങൾ ഒട്ടും ആത്മാർത്ഥതയില്ലാത്തതാണ്. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ തൊഴിലില്ലായ്മയെ സംബന്ധിച്ച പരാമർശം പോലും ബജറ്റിലില്ല.

പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിലൂടെ നഷ്ടപ്പെട്ട തൊഴിലവസരങ്ങൾ പുനഃസ്ഥാപിക്കുവാനോ പുനഃസൃഷ്ടിക്കുവാനോ ബജറ്റ് ഒരു നിർദേശവും മുന്നോട്ടുവയ്ക്കുന്നില്ല. ദേശീയ വിദ്യാഭ്യാസ നയം എന്ന പേരിൽ വിദ്യാഭ്യാസ മേഖല വർഗീയവൽക്കരിക്കാനും സ്വകാര്യവൽക്കരിക്കാനുമുള്ള ശ്രമവും യുവജനത്തിനെതിരാണ്.

കേരളം വർഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന എയിംസും സിൽവർ ലൈൻ പോലെയുള്ള പദ്ധതികളും നിരാകരിച്ച നിരാശജനകമായ ഒരു ബജറ്റാണിത്‌. സാധാരണക്കാർക്ക് വരുമാനം ലഭ്യമാക്കാനുള്ള ഒരു പദ്ധതിയും ബജറ്റിലില്ലെന്ന് മാത്രമല്ല സബ്സിഡിയും മറ്റും ലഭ്യമായിരുന്ന പല പദ്ധതികളുടെയും വിഹിതവും വെട്ടിക്കുറച്ചു.

അതിസമ്പന്നരെയും സമ്പന്നരെയും മാത്രം പരിഗണിച്ചുള്ള ബജറ്റ്  യുവജനവിരുദ്ധവും തെരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യംവച്ച് രാഷ്ട്രീയ പക്ഷപാതത്തോടുകൂടി അവതരിപ്പിച്ചിട്ടുള്ളതുമാണ്‌. കേന്ദ്ര ബജറ്റിലെ യുവജന വിരുദ്ധതയ്‌ക്കും കേരളത്തിനെതിരെയുളള  അവഗണനക്കുമെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top