19 April Friday

അരുവിക്കരയിൽ സ‍്തുതി തൃക്കാക്കരയിൽ പഴി; യുഡിഎഫിന്റെയും മാധ്യമങ്ങളുടെയും ഇരട്ടത്താപ്പ് പുറത്ത്

എം വി പ്രദീപ്‌Updated: Sunday May 22, 2022

തിരുവനന്തപുരം
തൃക്കാക്കരയിൽ പ്രചാരണത്തിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതിനെ വിമർശിക്കുന്ന കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും ഉമ്മൻചാണ്ടിയും   വിസ്‌മരിച്ചത്‌  നെയ്യാറ്റിൻകര , അരുവിക്കര ഉപതെരഞ്ഞെടുപ്പുകൾ.    2012ൽ ഭൂരിപക്ഷം കുറവായിരുന്ന ഉമ്മൻചാണ്ടി പ്രതിപക്ഷ എംഎൽഎയെ ചാക്കിട്ടുപിടിച്ചതിനെ തുടർന്നാണ്‌ നെയ്യാറ്റിൻകരയിൽ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. വീടുവീടാന്തരം കയറി വോട്ടുപിടിച്ചത്‌ അന്ന്‌ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിതന്നെ.  
  
ജി കാർത്തികേയന്റെ നിര്യാണത്തെ തുടർന്നായിരുന്നു 2015ൽ അരുവിക്കര ഉപതെരഞ്ഞെടുപ്പ്‌. മുഴുവൻ സമയവും മണ്ഡലത്തിൽ തമ്പടിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാവിലെ വീടുകയറിയശേഷം വൈകിട്ട്‌ കുടുംബയോഗങ്ങളിൽവരെ പങ്കെടുത്തു. ‘നയിക്കുന്നത്‌ ഉമ്മൻചാണ്ടി’യെന്ന്‌ മനോരമ വാർത്ത നൽകി. കുടുംബയോഗങ്ങളിൽ പങ്കെടുത്ത ഉമ്മൻചാണ്ടിക്ക്‌ സ്‌തുതിയുമായി ‘കുടുംബയോഗങ്ങൾ നയിച്ച്‌ മുഖ്യമന്ത്രി’യെന്ന തലക്കെട്ടിലും വാർത്ത പ്രസിദ്ധീകരിച്ചു.  

    ഇതെല്ലാം മറച്ചുവച്ചാണ്‌ സിപിഐ എം മത്സരിക്കുന്ന തൃക്കാക്കരയിൽ പാർടി പൊളിറ്റ്‌ ബ്യൂറോ അംഗംകൂടിയായ പിണറായി വിജയൻ പ്രചാരണത്തിന്‌ എത്തിയതിനെ യുഡിഎഫും അനുകൂല മാധ്യമങ്ങളും വിമർശിക്കുന്നത്‌.
മുഖ്യമന്ത്രിക്ക്‌ തൃക്കാക്കരയിൽ എന്തുകാര്യം എന്നായിരുന്നു കെ സുധാകരന്റെ ചോദ്യം. ഉമ്മൻചാണ്ടിയാകട്ടെ മുൻകാലം സൗകര്യപൂർവം മറന്ന്‌ ‘മുഖ്യമന്ത്രിയും മന്ത്രിമാരും ക്യാമ്പുചെയ്യുന്നത്‌ ഭയംകൊണ്ടെന്ന്‌ അഭിമുഖവും നൽകി. ഇതും ഏശുന്നില്ലെന്നു കണ്ടപ്പോഴാണ്‌ നവകേരള സൃഷ്ടി, ഉൾനാടൻ ജലഗതാഗതം, കെ ഫോൺ തുടങ്ങിയവ പണിതീരാത്ത പദ്ധതികളാണെന്ന്‌ ശനിയാഴ്‌ച മനോരമ പ്രത്യേക വാർത്ത നൽകിയത്‌. ഉമ്മൻചാണ്ടി ഭരണകാലത്ത്‌ എങ്ങുമെത്താത്ത ദേശീയപാത വികസനം, ഗെയിൽ പൈപ്പ്‌ലൈൻ, കൊച്ചി–- ഇടമൺ പവർ ഹൈവേ എന്നിവ യാഥാർഥ്യമാക്കിയത്‌ പിണറായി സർക്കാരാണെന്ന വസ്‌തുത തമസ്‌കരിച്ചാണ്‌ യുഡിഎഫ്‌ പത്രത്തിലെ വാർത്ത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top