25 April Thursday

മാലിന്യസംസ്‌കരണം സ്വന്തം മണ്ഡലത്തിൽ നടപ്പാക്കാൻ ഉമ തോമസിനോട്‌ കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023

കൊച്ചി> സ്വന്തം മണ്ഡലത്തിൽ മാലിന്യസംസ്കരണം മികച്ചരീതിയിൽ നടപ്പാക്കുകയാണ്‌  വേണ്ടതെന്ന്‌ യുഡിഎഫ്‌ എംഎൽഎ ഉമാ തോമസിന്‌  ഹൈകോടതിയുടെ വാക്കാൽ നിർദേശം. മികച്ച രീതിയിൽ മാലിന്യം സംസ്‌കരിച്ചശേഷം അറിയിച്ചാൽ വന്നുകാണുമെന്നും കോടതി പറഞ്ഞു. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം നിയന്ത്രിക്കാൻ ദേശീയ ദുരന്തനിവാരണ നിയമപ്രകാരം ദുരന്ത പ്രതികരണസേനയെ അടിയന്തരമായി നിയോഗിക്കാൻ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം.  

രാഷ്‌ട്രീയ മുതലെടുപ്പ്‌ ലക്ഷ്യമിട്ട്‌ ഉമ തോമസ്‌ നൽകിയ ഹർജി ഫയലിൽ സ്വീകരിക്കാനോ, തള്ളാനോ, എതിർകക്ഷികൾക്ക്‌ നോട്ടീസ്‌ അയക്കാനോ ജസ്റ്റിസ്‌ എസ്‌ വി ഭാട്ടി, ജസ്റ്റിസ്‌ ബസന്ത്‌ ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്‌ തയ്യാറായില്ല. കൊച്ചി നഗരത്തെയും സമീപപ്രദേശങ്ങളെയും ബാധിക്കുന്ന വിഷയമായിട്ടും  ഗുരുതരസാഹചര്യം നേരിടുന്നതിൽ സംസ്ഥാന സർക്കാരും കോർപറേഷനും പരാജയപ്പെട്ടുവെന്നാണ്‌ ഹർജിയിലെ ആരോപണം.  

എന്നാൽ 10 ദിവസത്തിനുള്ളിൽ തീ 100 ശതമാനവും അണയ്ക്കാനായത്‌ അഗ്നി രക്ഷാസേനാ ഉദ്യോഗസ്ഥരുടെയും സിവിൽ ഡിഫൻസ്‌ വളന്റിയേഴ്‌സിന്റെയും പരിശ്രമത്തിന്റെ ഫലമാണെന്നും തുടർപ്രവർത്തനങ്ങൾക്ക്‌ ജില്ലാ ഭരണവിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ദുരന്തനിവാരണസേന പര്യാപ്തമാണെന്നും കോടതി വ്യക്തമാക്കി. ഹർജിയിൽ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും കോടതി പറഞ്ഞു. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിനൊപ്പമാണ്‌ ഈ ഹർജിയും പരിഗണിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top