16 April Tuesday

ഉഡുപ്പി-കരിന്തളം വൈദ്യുതി ലൈന്‍; കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം: സി എച്ച് കുഞ്ഞമ്പു

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

കാസര്‍കോട്> വടക്കേ മലബാറിന്റെ വൈദ്യുതി പ്രശ്നം പരിഹരിക്കുന്നതിന് ഉഡുപ്പിയില്‍നിന്ന് കരിന്തളം വരെ നീളുന്ന 400 കെ വി വൈദ്യുതി ലൈന്‍ പോകുന്ന വഴിയിലുള്ള കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്ന് സി എച്ച് കുഞ്ഞമ്പു എംഎല്‍എ. ഭൂവുടമകളുടെ അനുമതിയില്ലാതെ തെങ്ങിനും കവുങ്ങിനും റബറിനുമൊക്കെ ചുവപ്പും മഞ്ഞയും നിറത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്നു. ഏകപക്ഷീയമായ ഇത്തരം നടപടി അംഗീകരിക്കാനാവില്ല.

  കര്‍ഷകരുടെയും ഭൂവുടമകളുടെയും പരാതികള്‍ക്ക് പരിഹാരമുണ്ടാകണം. തുച്ഛമായ തുകയാണ് നിലവില്‍ നഷ്ടപരിഹാരമായി കണക്കാക്കിയിട്ടുള്ളത്. ഇതാകട്ടെ മാര്‍ക്ക്ചെയ്ത മരങ്ങള്‍ക്ക് മാത്രവുമാണ്. മാര്‍ക്ക് ചെയ്ത മരങ്ങള്‍ മുറിച്ചു നീക്കിയാണ് ലൈന്‍ വലിക്കുന്നത്. എന്നാല്‍ ലൈന്‍ കടന്നുപോകുന്ന ഭാഗത്ത് വലിയ തോതില്‍ മരങ്ങള്‍ മുറിച്ചുമാറ്റേണ്ടി വരുന്നു. ഇതിനൊന്നും നഷ്ടപരിഹാരം കിട്ടാത്ത അവസ്ഥയുമുണ്ട്. കേന്ദ്രത്തിന്റെ പദ്ധതിയാണെന്നുപറഞ്ഞ് കരാര്‍ ഏറ്റെടുത്ത ഡല്‍ഹിയില്‍ നിന്നുള്ള സ്വകാര്യ കമ്പനി അധികാരികള്‍ കര്‍ഷകരെ ഭീഷണിപ്പെടുത്തുന്നതും പതിവാണ്.

 വടക്കന്‍ കേരളത്തിലെ വൈദ്യുതി ക്ഷാമം ശാശ്വതമായി പരിഹരിക്കാനുതകുന്ന പവര്‍ ഹൈവേ പോലൊരു പദ്ധതിക്ക് ആരും എതിരല്ല. പക്ഷെ ഹൈടെന്‍ഷന്‍ ലൈന്‍ കടന്നുപോകുന്ന വഴികളിലെ കര്‍ഷകരുടെയും ഭൂവുടമകളുടെയും ആശങ്കകള്‍ പരിഹരിക്കണം. ഇക്കാര്യത്തില്‍ മുഖം തിരിക്കാതെ അടിയന്തര നടപടി ആവശ്യമാണ്. ജില്ലയുടെ മലയോര മേഖലയിലെ കൃഷിയിടങ്ങള്‍ക്കും ജനവാസകേന്ദ്രങ്ങള്‍ക്കും മുകളിലൂടെയാണ് ലൈന്‍ കടന്നുപോകുന്നത്. ഇവിടങ്ങളില്‍ ബഫര്‍ സോണ്‍ അടക്കം 50 മീറ്ററോളം വീതിയില്‍ ദീര്‍ഘകാല വിളകള്‍ നടത്താനോ കെട്ടിടങ്ങള്‍ നിര്‍മിക്കാനോ കഴിയില്ല.

കൊച്ചി- ഇടമണ്‍ 400 കെ വി പവര്‍ ഹൈവേയുടെ ലൈന്‍ വലിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രദേശവാസികളുമായി ചര്‍ച്ച നടത്തി പ്രത്യേക നഷ്ട പരിഹാര പാക്കേജിന് രൂപം നല്‍കിയിരുന്നു. ശേഷമാണ് പണി പൂര്‍ത്തീകരിച്ചത്. ഇതേ മാതൃക ഉഡുപ്പി--കരിന്തളം പവര്‍ ഹൈവേയുടെ കാര്യത്തിലും പിന്തുടരണം. അതിന് കേന്ദ്രസര്‍ക്കാരും കരാര്‍ ഏറ്റെടുത്ത കമ്പനി അധികൃതരും തയ്യാറാകണമെന്നും സി എച്ച് കുഞ്ഞമ്പു എംഎല്‍എ ആവശ്യപ്പെട്ടു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top