26 April Friday
സഹ. സംഘങ്ങളിൽ കോഴയും ബന്ധു നിയമനവും

യുഡിഎഫിൽ പ്രതിഷേധം, തമ്മിൽത്തല്ല്‌

വേണു കെ ആലത്തൂർUpdated: Friday Nov 25, 2022

പാലക്കാട്‌
സഹകരണ സംഘങ്ങളിൽ വൻതോതിൽ കോഴ വാങ്ങി നിയമനം നടത്താനുള്ള യുഡിഎഫ്‌ ഭരണസമിതി നീക്കങ്ങൾ മുന്നണിയിൽ പരസ്യമായ വാക്‌പോരിനും രാജിക്കും ഇടയാക്കി. കോഴ വാങ്ങിയതിനുപുറമെ ഭരണസമിതി അംഗങ്ങളുടെ മക്കളെ നിയമിച്ചതും കോൺഗ്രസിൽ പൊട്ടിത്തെറിക്ക്‌ കാരണമായി. അടുത്തിടെ മൂന്ന്‌ സഹകരണ ബാങ്കിലാണ്‌ ഇത്തരം നിയമനങ്ങൾ പരസ്യ പ്രതിഷേധത്തിന്‌ വഴിവച്ചത്‌. കുഴൽമന്ദത്തെ കുത്തനൂർ സർവീസ്‌ സഹകരണ ബാങ്കിൽ പ്രസിഡന്റ്‌, ഭരണസമിതി അംഗം എന്നിവരുടെ മക്കളെയാണ്‌ പ്യൂൺ തസ്‌തികയിൽ നിയമിച്ചത്‌. എന്നാൽ ഭരണസമിതി അംഗങ്ങളുടെ ബന്ധുക്കളെ അതേ സംഘങ്ങളിൽ നിയമിക്കരുതെന്ന സഹകരണ നിയമം മറികടക്കാൻ മക്കളെ നിയമിക്കുന്നതിന്‌ ഒരു ദിവസം മുമ്പ്‌ കോൺഗ്രസ്‌ നേതാക്കളായ പ്രസിഡന്റും ഡയറക്ടറും സ്ഥാനം രാജിവച്ചു. ഇതിനെതിരെ ഉദ്യോഗാർഥികൂടിയായ  കോൺഗ്രസ്‌ പ്രവർത്തകൻ ഹൈക്കോടതിയെ സമീപിക്കുകയും രണ്ട്‌ നിയമനവും റദ്ദാക്കാൻ സഹകരണ ജോയിന്റ്‌ രജിസ്‌ട്രാറോട്‌ ഹൈക്കോടതി നിർദേശിക്കുകയും ചെയ്‌തു. തുടർന്ന്‌, രണ്ട്‌ നിയമനവും റദ്ദാക്കി.

കിഴക്കഞ്ചേരി സർവീസ്‌ സഹകരണ ബാങ്കിൽ മൂന്ന്‌ തസ്‌തികയിലെ നിയമനത്തിന്‌ 30 ലക്ഷം രൂപയാണ്‌ യുഡിഎഫ്‌ ഭരണസമിതി കോഴ വാങ്ങിയത്‌. ഒരു തസ്‌തികയിൽപോലും നിയമനം നടത്താൻ അവസരം നൽകാത്തതിൽ പ്രതിഷേധിച്ച്‌ മുസ്ലിംലീഗ്‌ അംഗം രാജിവച്ചു. തൊട്ടുപിന്നാലെ കോൺഗ്രസ്‌ നേതാവുകൂടിയായ വൈസ്‌ പ്രസിഡന്റും രാജിവച്ചു. കോഴപ്പണം വീതംവയ്‌ക്കുന്നതിലെ തർക്കമാണ്‌ ഇതിനുകാരണം. ശനിയാഴ്‌ചയാണ്‌ ഇവിടെ പരീക്ഷ. കോഴവിവാദം അന്വേഷിക്കാൻ ഡിസിസി സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.

മണ്ണാർക്കാട്‌ പൊറ്റശേരി സർവീസ്‌ സഹകരണ ബാങ്കിൽ മൂന്ന്‌ തസ്‌തികയിൽ നിയമനം നടത്താൻ ഭരണസമിതി യോഗം തീരുമാനിക്കുകയും പ്രസിഡന്റിന്റെ അഭാവത്തിൽ അഞ്ച്‌ തസ്‌തിക എന്ന്‌ എഴുതിച്ചേർക്കുകയും അതിനായി ഉദ്യോഗാർഥികളെ ക്ഷണിക്കുകയും ചെയ്‌തു. ഇത്‌ കോൺഗ്രസിലും പൊട്ടിത്തെറിക്ക്‌ കാരണമായി. കഴിഞ്ഞദിവസം പരീക്ഷയ്‌ക്ക്‌ എത്തിയ ഉദ്യോഗാർഥികളെ കോൺഗ്രസ്‌ നേതാവിന്റെ നേതൃത്വത്തിൽ തടഞ്ഞ്‌ തിരിച്ചയച്ചു. അഞ്ച്‌ തസ്‌തികയ്‌ക്ക്‌ 60 ലക്ഷം രൂപ  കോഴവാങ്ങി നേരത്തേതന്നെ ഉദ്യോഗാർഥികളെ നിശ്‌ചയിച്ചുവെന്നും കോൺഗ്രസ്‌ പ്രവർത്തകർ ആരോപിച്ചു. മുന്ന്‌ തസ്‌തികയ്‌ക്കാണ്‌ സഹകരണ വകുപ്പ്‌ അനുമതി നൽകിയത്‌. എന്നാൽ, രണ്ട്‌ തസ്‌തികയ്‌ക്ക്‌ പിന്നീട്‌ അനുമതി വാങ്ങാമെന്ന ഉറപ്പിലാണ്‌ കോഴ കൈപ്പറ്റിയതെന്നും ആരോപണമുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top