കോതമംഗലം
നെല്ലിക്കുഴി പഞ്ചായത്ത് സെക്രട്ടറിയെ ഓഫീസിൽ കയറി അസഭ്യം പറഞ്ഞ് ജോലി തടസ്സപ്പെടുത്തിയ കേസിൽ 15–-ാം വാർഡ് യുഡിഎഫ് അംഗം എം വി റെജിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലാണ് കോതമംഗലം പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
നെല്ലിക്കുഴി 13–-ാം വാർഡ് കമ്പനിപ്പടിയിലെ പഞ്ചായത്ത് റോഡ് പുറമ്പോക്കിൽ കെഎസ്ഇബി ട്രാൻസ്‌ഫോർമർ സ്ഥാപിക്കാൻ കണ്ടെത്തിയ സ്ഥലത്തോടുചേർന്നുള്ള സ്ഥലം വ്യക്തി കൈയേറി മണ്ണിട്ട് നികത്തിയിരുന്നു. സമീപവാസികളുടെ പരാതിയെത്തുടർന്ന് മണ്ണ് മാറ്റി ഒഴിയണമെന്ന് പഞ്ചായത്ത് സെക്രട്ടറി സി ജെ സാബു രണ്ടുതവണ നോട്ടീസ് നൽകിയെങ്കിലും തീരുമാനമായില്ല. തിങ്കളാഴ്‌ച സ്ഥലത്തെത്തിയ സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും എം വി റെജിയുടെയും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിയുടെയും നേതൃത്വത്തിൽ തടഞ്ഞു. ബുധൻ രാവിലെ 10.30ന് ഓഫീസിലെത്തിയ റെജി സെക്രട്ടറിയുമായി വാക്കേറ്റമുണ്ടാകുകയും ജോലി തടസ്സപ്പെടുത്തുകയുമായിരുന്നു.
തന്റെ വാർഡല്ലാത്ത സ്ഥലത്തുചെന്ന് എം വി റെജിയും കോൺഗ്രസ് നേതാവും സെക്രട്ടറിയെ തടയുകയായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് വാർത്താക്കുറിപ്പിൽ പറഞ്ഞു. സെക്രട്ടറിയോട് അസഭ്യം പറയുന്ന വീഡിയോ എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും പ്രസിഡന്റ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..