20 April Saturday

ഇനി എ, ഐ പോർവിളി ; ഡൽഹി നാടകമെന്ന് ഐ ഗ്രൂപ്പ് ; അഞ്ച്‌ വർഷംമുമ്പ്‌ അരങ്ങേറിയ പരീക്ഷണത്തിന്റെ തനിയാവർത്തനം

കെ ശ്രീകണ‌്ഠൻUpdated: Tuesday Jan 19, 2021


തിരുവനന്തപുരം
രമേശ്‌ ചെന്നിത്തലയെ ചുരുട്ടിക്കൂട്ടിയ ശേഷമാണ്‌ ഉമ്മൻചാണ്ടി ഡൽഹിയിൽനിന്ന്‌ മടങ്ങുന്നത്. അഞ്ച്‌ വർഷംമുമ്പ്‌ കേരളത്തിൽ അരങ്ങേറിയ കോൺഗ്രസ് പരീക്ഷണത്തിന്റെ തനിയാവർത്തനമാണിത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയാണ്‌ ഉമ്മൻചാണ്ടിയുടെ നേതൃപദവി തെറിപ്പിച്ചത്‌.  നേതാവിനെ മാറ്റിയാൽ എല്ലാം ശരിയാകും എന്ന ധാരണയിലാണ് ഹെെക്കമാന്റ്.

കോൺഗ്രസിലെയും യുഡിഎഫിലെയും ചേരിതിരിവ്‌ സങ്കീർണമാണെന്ന്‌ തെളിയിക്കുന്നതാണ്‌ ഇപ്പോഴത്തെ സംഭവം. മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും ഡൽഹിയിൽ വിളിച്ചുവരുത്തി ഉമ്മൻചാണ്ടി, ഹൈക്കമാൻഡിനെ വരുതിയിൽ നിർത്തിയെന്ന പ്രതീതിയാണ്‌ പൊതുവെയുള്ളത്‌.  കൂട്ടായ നേതൃത്വം, ഒറ്റക്കെട്ടായി നീങ്ങും എന്നൊക്കെയുള്ള പ്രതികരണമാണ്‌ എ കെ ആന്റണി അടക്കമുള്ളവർ നടത്തിയത്‌. എന്നാൽ, നേതൃനിരയിലെ അനൈക്യം എത്രത്തോളം രൂക്ഷമാണെന്ന്‌ ചാനലുകളിൽ കണ്ട രമേശ് ചെന്നിത്തലയുടെ ശരീരഭാഷതന്നെ തെളിവ്.

കടിഞ്ഞാൺ ഹൈക്കമാൻഡ്‌ കൈയിലെടുത്തുവെന്ന പ്രതീതിയാണ്‌ യുഡിഎഫ്‌ അനുകൂല മാധ്യമങ്ങൾ ജനിപ്പിക്കുന്നത്‌. ചെന്നിത്തലയെ മാറ്റി പകരം ഉമ്മൻചാണ്ടിയെ നേതൃത്വത്തിൽ അവരോധിക്കാനുള്ള ഡൽഹി നാടകമാണ് നടന്നതെന്നാണ്‌ ഐഗ്രൂപ്പ്‌ വികാരം.

ഉമ്മൻചാണ്ടിയുടെ മടങ്ങിവരവ്‌ പഴയ സോളാർ കാലത്തെയും സജീവമാക്കും എന്നുറപ്പാണ്.  സോളാർ ആരോപണങ്ങളും അഴിമതിയും അത്‌ മൂടാൻ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ്‌ നടത്തിയ   പ്രവർത്തനങ്ങളും ഇപ്പോഴും കേരളത്തിന്‌ മുന്നിലുണ്ട്‌. ജസ്‌റ്റിസ്‌ ജി ശിവരാജൻ കമീഷൻ റിപ്പോർട്ട്‌ നിയമസഭയുടെ മേശപ്പുറത്താണ്‌. ആരോഗ്യപരമായ പ്രശ്‌നങ്ങൾ അലട്ടിയിട്ടും തദ്ദേശ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഉമ്മൻചാണ്ടി ഇറങ്ങി. എന്നിട്ടും സ്വന്തം പഞ്ചായത്തിലടക്കം യുഡിഎഫ് പച്ചതൊട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top