24 April Wednesday

യുഡിഎഫ്‌ സമരം ; ജനങ്ങൾ 
ആട്ടിപ്പായിച്ചതിന്റെ 
രോഷം

വെബ് ഡെസ്‌ക്‌Updated: Saturday May 20, 2023


തിരുവനന്തപുരം
മാധ്യമങ്ങളുടെ കൈയയഞ്ഞ സഹായത്തോടെ എൽഡിഎഫ്‌ സർക്കാരിനെതിരെ പലവട്ടം ആരോപണ പ്രളയമുണ്ടാക്കിയിട്ടും വിശ്വസിക്കാത്ത കേരള ജനതയ്ക്കു മുന്നിൽ സമരാഭാസവുമായി യുഡിഎഫ്‌. ജനരോഷം പ്രതിഫലിപ്പിക്കാനാണ്‌ യുഡിഎഫ്‌ ശനിയാഴ്ച സെക്രട്ടറിയറ്റ്‌ വളയുന്നത്‌ എന്നാണ്‌ നേതാക്കൾ പറയുന്നത്‌. എന്നാൽ, തുടർച്ചയായി അധികാരത്തിൽനിന്ന്‌ ആട്ടിപ്പായിച്ച ജനങ്ങളോടുള്ള രോഷംമാത്രമാണിത്‌. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടിയുടെ ഓഫീസുതന്നെ അനധികൃത കരാറുകളുടെയും സ്ഥാനക്കയറ്റത്തിന്റെയും സ്ഥലംമാറ്റ അഴിമതികളുടെയും കൂത്തരങ്ങായിരുന്നു. മന്ത്രിമാർക്ക്‌ എഴുനൂറിനടുത്ത്‌ സ്റ്റാഫുകളെ നിയമിച്ചതുമുതൽ തുടങ്ങുന്നു 2011–-2016ലെ അഴിമതി. ആരോഗ്യമന്ത്രിക്കുമാത്രം ആറ്‌ ഡ്രൈവർമാർ. വില്ലേജിൽ ചെയ്യേണ്ട ജോലികൾക്കായി  ‘ജനസമ്പർക്ക പരിപാടി’ നടത്തി 20 കോടി ധൂർത്തടിച്ചു. ഒരു രൂപ നിക്ഷേപവുമെത്താത്ത എമർജിങ്‌ കേരളയ്‌ക്ക്‌ 20 കോടിയോളം ചെലവഴിച്ചതിൽ പകുതിയും പോയത്‌ പലരുടെയും പോക്കറ്റിലേക്ക്‌. നാടിന്‌ പ്രയോജനമുണ്ടായില്ലെങ്കിലും 243 തവണ യുഡിഎഫ്‌ മന്ത്രിമാർ വിദേശത്ത്‌ കറങ്ങി. സന്തോഷ്‌ മാധവൻ എന്ന ഭൂമാഫിയ തലവൻ നിരങ്ങിയകാലം കോടതി ഇടപെടലിലാണ്‌ അവസാനിച്ചത്‌. കുടുംബശ്രീയെവരെ അഴിമതി നടത്താനുള്ള മാർഗമാക്കി. സംസ്ഥാന ജില്ലാ ഓഫീസുകൾ വെട്ടിപ്പ്‌ കേന്ദ്രങ്ങളാക്കി.

ബാർ കോഴ, പാലാരിവട്ടം പാലം, ടൈറ്റാനിയം, സിവിൽ സപ്ലൈസിൽ നടന്ന 27 കോടി, ദേശീയ ഗെയിംസിൽ നൂറുകോടി, മണിപ്പാലിലെ സ്വകാര്യ പ്രസിൽ പാഠപുസ്തകം അച്ചടിക്കാൻ കൊടുത്ത കോടികൾ അടക്കം പുറത്തുവന്ന അഴിമതികൾ പലത്‌. മൂന്നു മന്ത്രിമാർക്ക്‌ അനധികൃത സ്വത്തെന്ന്‌ വിജലൻസ്‌ കണ്ടെത്തി. ബാർ കോഴ വാദിക്കാൻ കോൺഗ്രസ്‌ നേതാവായ അഭിഭാഷകൻ കപിൽ സിബലിന്‌ കൊടുത്തത്‌ രണ്ടുകോടി. ഒടുവിൽ പ്രതിച്ഛായ നന്നാക്കാൻ പരസ്യം 166 കോടി. ഇതിന്റെ ബാധ്യത തീർത്തത്‌ ഒന്നാം പിണറായി സർക്കാരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top