18 April Thursday

കൊച്ചി കോര്‍പ്പറേഷന്റെ മാലിന്യവണ്ടി തടഞ്ഞ് പ്രതിഷേധം: യുഡിഎഫിന്റെ നടപടി രാഷ്‌‌ട്രീയ ലക്ഷ്യത്തോടെയെന്ന്‌ മേയർ

വെബ് ഡെസ്‌ക്‌Updated: Thursday May 18, 2023

കൊച്ചി> ബ്രഹ്മപുരത്തേക്കുള്ള കോർപറേഷന്റെ മാലിന്യവണ്ടികൾ തൃക്കാക്കര നഗരസഭയിലെ യുഡിഎഫ്‌ കൗൺസിലർമാരും ചെയർപേഴ്‌‌സണും തടഞ്ഞത്‌ രാഷ്‌‌ട്രീയ ലക്ഷ്യത്തോടെയെന്ന്‌ മേയർ എം അനിൽകുമാർ. ഏപ്രിൽ 30 വരെ തൃക്കാക്കര ഉൾപ്പെടെ നഗരസഭകളിലെ ഭക്ഷ്യമാലിന്യം ബ്രഹ്മപുരത്തേക്ക്‌ കൊണ്ടുപോയിരുന്നു. ആറുമാസത്തേക്ക്‌ കൂടി അതിന്‌ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ്‌ മാലിന്യവണ്ടികൾ തടഞ്ഞത്‌.  മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത്‌ ചേർന്ന യോഗത്തിൽ ഈ ആവശ്യമുന്നയിക്കാതിരുന്ന തൃക്കാക്കര നഗരസഭാ അധികൃതരുടെ പ്രതിഷേധം രാഷ്‌‌ട്രീയ ലക്ഷ്യത്തോടെയാണൈന്ന്‌ മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബ്രഹ്മപുരം തീപിടിത്തത്തിന്‌ ശേഷം കൊച്ചി കോർപറേഷനിലെ ഉൾപ്പെടെ പ്ലാസ്‌‌‌റ്റിക്‌ മാലിന്യം അവിടേക്ക്‌ കൊണ്ടുപോകുന്നില്ല. അതുവരെ എട്ട്‌ സമീപ തദ്ദേശസ്ഥാപനങ്ങളിലെ മുഴുവൻ മാലിന്യവും ബ്രഹ്മപുരത്താണ്‌ തള്ളിയിരുന്നത്‌. തീപിടിത്തത്തിന്‌ ശേഷവും ഇവിടങ്ങളിൽ നിന്നുള്ള ഭക്ഷ്യമാലിന്യം ബ്രഹ്മപുരത്ത്‌ കൊണ്ടുവരാൻ അനുവദിച്ചിരുന്നു. അത്‌ ഏപ്രിൽ 30 വരെ തുടരാനും അനുവദിച്ചു. തുടർന്നും തീയതി നീട്ടി നൽകണോ എന്നതിൽ തീരുമാനമെടുക്കേണ്ടത്‌ സംസ്ഥാന സർക്കാരാണ്‌. എന്നാൽ രണ്ടുമന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത്‌ ഈമാസമാദ്യം ചേർന്ന യോഗത്തിലും തൃക്കാക്കര നഗരസഭാ അധികൃതർ ഈ ആവശ്യം ഉന്നയിച്ചില്ല. മറ്റു തദ്ദേശസ്ഥാപനങ്ങൾ സ്വന്തം സംവിധാനങ്ങൾ ഒരുക്കുകയും ചെയ്‌തു. തൃക്കാക്കരയിൽ അതിന്‌ സാധിക്കാത്ത സാഹചര്യത്തിലാണ്‌ പ്രതിഷേധനാടകം.

ജൂൺ ഒന്നുമുതൽ കോർപറേഷന്റെ ഭക്ഷ്യമാലിന്യമുൾപ്പെടെ ബ്രഹ്മപുരത്ത്‌ എത്തിക്കാനാകില്ല. അതിന്റെ ഭാഗമായി  ബദൽ മാർഗങ്ങൾ നടപ്പാക്കുകയാണ്‌.  തൃക്കാക്കരയിലെ യുഡിഎഫ്‌ നേതൃത്വത്തിന്റെ രാഷ്‌‌ട്രീയനാടകം ജനം തിരിച്ചറിയുമെന്നും മേയർ പറഞ്ഞു. വ്യാഴം രാവിലെയാണ്‌ തൃക്കാക്കര മുനിസിപ്പൽ ഓഫീസിനുമുന്നിൽ ചെയർപേഴ്‌സൺ അജിത തങ്കപ്പന്റെ നേതൃത്വത്തിൽ യുഡിഎഫ്‌ കൗൺസിലർമാർ കോർപറേഷന്റെ രണ്ട്‌ മാലിന്യ വണ്ടികൾ തടഞ്ഞത്‌. പൊലീസ്‌ എത്തിയതോടെ പ്രതിഷേധം അവസാനിപ്പിച്ച്‌ കൗൺസിലർമാർ സ്ഥലംവിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top