20 April Saturday

നഗരസഭയില്‍ ഹോമം നടത്തി യുഡിഎഫ്; ഉണ്ണാവ്രതവുമായി ബിജെപി; തിരുവനന്തപുരത്ത് സമരപ്രഹസനം

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ അങ്കണത്തില്‍ ഹോമം നടത്തുന്നു

തിരുവനന്തപുരം > സോണല്‍ ഓഫീസുകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭയില്‍ യുഡിഎഫിന്റെയും ബിജെപിയുടെയും സമരപ്രഹസനം. ക്രമക്കേട് കണ്ടെത്തിയതോടെ സാധ്യമായ എല്ലാ നടപടിയും നഗരസഭാ ഭരണസമിതി എടുത്തിരുന്നു. മറ്റു പ്രതികള്‍ക്കായി അന്വേഷണവും ഊര്‍ജിതമാണ്. എന്നാല്‍, ക്രമക്കേടുകള്‍ കണ്ടെത്തിയത് തങ്ങളാണെന്നും ഭരണസമിതി ഒന്നും ചെയ്യുന്നില്ലെന്നും വരുത്താനാണ് യുഡിഎഫ്-- ബിജെപി ശ്രമം.

ശ്രീകാര്യം, നേമം സോണല്‍ ഓഫീസുകളിലെ ക്രമക്കേടുകള്‍ ആദ്യം കണ്ടെത്തിയത് നഗരസഭാ ഭരണസമിതിയാണ് എന്നിരിക്കെയാണ് പ്രഹസനം. നികുതി അടച്ച ഒരാള്‍ക്കുപോലും പണം നഷ്ടമാകില്ലെന്ന് നഗരസഭ വ്യക്തമാക്കിയിരുന്നു. നികുതി കുടിശ്ശിക ഉള്ളവരുടെ പട്ടിക പുറത്തിറക്കി അതില്‍ പരാതിയുള്ളവര്‍ക്കായി അദാലത്ത് നടത്താനാണ് തീരുമാനം. വസ്തുതകള്‍ ഇതായിരിക്കെയാണ് സമരാഭാസം.

ഹോമം നടത്തി യുഡിഎഫ്

സമരത്തിന്റെ പേരില്‍ യുഡിഎഫ് അംഗങ്ങള്‍ നഗരസഭയില്‍ ഹോമം നടത്തിയത് വിവാദമായി. നഗരസഭയെ പിടികൂടിയിരിക്കുന്ന അഴിമതി ബാധയെ ഒഴിപ്പിക്കാന്‍ എന്നപേരിലാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ അങ്കണത്തില്‍ ഹോമം നടത്തിയത്. ഉത്തരവാദപ്പെട്ട കൗണ്‍സിലര്‍മാര്‍ നടത്തിയ ഹോമം കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും കേരളത്തിന്റെ മതേതര സ്വഭാവത്തെയും അട്ടിമറിക്കുന്നതിനുവേണ്ടി ബോധപൂര്‍വ്വം നടത്തിയ ഇടപെടലാണെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. ഇത്തരം പ്രവണതകള്‍ വെച്ചു പുലര്‍ത്തുന്നത് ചില പ്രത്യേക ലക്ഷ്യത്തോടു കൂടി കേരളത്തെ വര്‍ഗ്ഗീയ കലാപത്തിന്റെ വേദിയാക്കുന്നതിന് കൂടി വേണ്ടിയാണ്. നഗരസഭയുടെ മതേതരപാരമ്പര്യം തകര്‍ക്കാനുള്ള ഏത് നീക്കത്തെയും ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്തുകയും ചെയ്യുമെന്നും മേയര്‍ പ്രതികരിച്ചു.

 

ബിജെപിക്ക് 'ഉണ്ണാവ്രതം'

അനിശ്ചിതകാല രാപകല്‍ സമരം ചീറ്റിപ്പോയതോടെ 'ഉണ്ണാവ്രത' സമരവുമായി ബിജെപി കൗണ്‍സിലര്‍മാര്‍. ജില്ല മഴക്കെടുതി അഭിമുഖീകരിക്കുമ്പോഴാണ് ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കേണ്ട ജനപ്രതിനിധികളുടെ രാഷ്ട്രീയ നാടകം. സോണല്‍ ഓഫീസ്  ക്രമക്കേട് കണ്ടെത്തിയത് മുതല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതടക്കമുള്ള ഭരണ സമിതിയുടെ വിട്ടുവീഴ്ചയില്ലാത്ത സമീപനം തലസ്ഥാനവാസികള്‍ക്ക് ബോധ്യമായിട്ടുണ്ട്. ക്രമക്കേട് കരുവാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനും നഗരവികസനം അട്ടിമറിക്കാനുമാണ് ബിജെപി ശ്രമിക്കുന്നതെന്നും നാട്ടുകാര്‍ തിരിച്ചറിഞ്ഞു. ഇതോടെയാണ് ജനങ്ങളെ കബളിപ്പിക്കാനുള്ള അവസാന ശ്രമമെന്ന നിലയില്‍ നിരാഹാരം തുടങ്ങിയത്. പൊടുന്നനെ സമരം ആരംഭിച്ചതിലും അനന്തമായി നീട്ടുന്നതിലും ബിജെപിയിലെ ഒരുവിഭാഗം അസ്വസ്ഥരാണ്. ജില്ലാ നേതൃത്വത്തിന്റെ പക്വതയില്ലാത്ത സമീപനത്തിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

കൗണ്‍സില്‍ യോഗത്തിനിടെ ഡെപ്യൂട്ടി മേയറെ ആക്രമിച്ചതിലുള്‍പ്പെടെ വിവിധ വിഷയത്തില്‍ ജനവികാരം എതിരാണെന്ന തിരിച്ചറിവിലാണ് സമരവുമായി ബിജെപി രംഗത്തെത്തിയത്. ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പിന് കൂട്ടുനില്‍ക്കുകയാണ് യുഡിഎഫും. നഗരസഭയുടെ സുതാര്യമായ നടത്തിപ്പിനെയും വികസനത്തെയും അട്ടിമറിക്കാനാണ് ഇരുകൂട്ടരുടെയും ശ്രമം. സമരം പൊളിഞ്ഞതോടെ അനിശ്ചിതകാല നിരാഹാരമെന്ന നാടകവുമായി എത്തിയിരിക്കുകയാണ് ബിജെപി.

വികസനമാണ് ലക്ഷ്യം: മേയര്‍

നഗരസഭയുടെ ലക്ഷ്യം വികസന പ്രവര്‍ത്തനമാണെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. ആ ലക്ഷ്യത്തിലേക്കാണ് മുന്നോട്ട് പോകുന്നത്. ബിജെപിയുടെയും -യുഡിഎഫിന്റെയും സമരം അതിനെ ബാധിക്കില്ല. സോണല്‍ ഓഫീസിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് നഗരസഭ ചെയ്യാനുള്ളത് എല്ലാം ചെയ്തു. പൊലീസാണ് മറ്റു നടപടികള്‍ സ്വീകരിക്കേണ്ടത്. അന്വേഷണം നടക്കുകയാണ്. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു-- മേയര്‍ പറഞ്ഞു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top