24 April Wednesday

യുഎഇ കോണ്‍സുലേറ്റ് ജനറലും അറ്റാഷെയും വന്‍തോതില്‍ വിദേശ കറന്‍സി കടത്തി; സ്വപ്‌നയുടെ മൊഴി

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020

കൊച്ചി> യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് വന്‍തോതില്‍ വിദേശ കറന്‍സി കടത്തിയതായി കസ്റ്റംസ് റിപ്പോര്‍ട്ട്. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും പി എസ് സരിത്തിനെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് നല്‍കിയ അപേക്ഷയിലാണ് യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നടന്ന കറന്‍സി കടത്തിന്റെ വിവരങ്ങള്‍ വ്യക്തമാക്കിയത്.

യുഎഇ കോണ്‍സുലേറ്റ് ജനറല്‍ ജമാല്‍ അല്‍ സാബി, അറ്റാഷെ റഷീദ് ഖമീസ് അലി മുസൈഖ്രി എന്നിവര്‍ വന്‍തോതില്‍ വിദേശ പണം കടത്തിയെന്ന് സ്വപ്ന സുരേഷാണ് കസ്റ്റംസിന് മൊഴി നല്‍കിയത്.തിരുവനന്തപുരം വിമാനത്താവളത്തിലെ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി പി എസ് സരിത്ത് ഇവര്‍ക്ക് കറന്‍സിയുമായി പുറത്ത് കടക്കാന്‍ എല്ലാ ഒത്താശയും ചെയ്ത് കൊടുത്തു.
\ ഇന്ത്യന്‍ രൂപ വിദേശ കറന്‍സിയാക്കി വന്‍തോതില്‍ ഒളിച്ച് കടത്തി. നിയമ വിരുദ്ധമായാണ് വിദേശ കറന്‍സികള്‍ സംഘടിപ്പിച്ചതെന്ന് ഇത് ഫെമ നിയമപ്രകാരം കുറ്റകരമാണെന്നും കസ്റ്റംസ് വ്യക്തമാക്കി. കോണ്‍സുലേറ്റിലെ വിദേശീയരായ ജീവനക്കാരില്‍ പലരും ഇത്തരത്തില്‍ വന്‍തോതില്‍ പണം കടത്തിയിട്ടുണ്ടെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

 90 ലക്ഷം യുഎസ് ഡോളര്‍ കടത്തുന്നതിന് മുമ്പ് യുഎഇ കോണ്‍സുലേറ്റ് മുന്‍ അക്കൗണ്ടന്റ് ഖാലിദ് മുഹമ്മദ് അലി ഷൗക്രി കോണ്‍സുലേറ്റിലെ എക്സ്റേ മെഷീനില്‍ ഹാന്‍ഡ് ബാഗ് കടത്തിവിട്ട് പരീക്ഷണം നടത്തിയിരുന്നു. വിമാനത്താവളത്തിലെ പരിശോധനയില്‍ ഹാന്‍ഡ് ബാഗിലെ കറന്‍സി കണ്ടു പിടിക്കപ്പെടില്ലെന്ന് ഉറപ്പാക്കാനായിരുന്നു ഇത്. പരീക്ഷണം നടത്തിയ കാര്യം സരിത്തും സമ്മതിച്ചിരുന്നുവെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടി.

വിമാനത്താവളത്തിലെ പരിശോധനകള്‍ ഒഴിവാക്കി വിദേശ പണം കടത്താന്‍ ജമാല്‍, റഷീദ്, ഖാലിദ് എന്നിവര്‍ക്ക് എല്ലാ സഹായവും ചെയ്ത് കൊടുത്തത് സ്വപ്നയും സരിത്തുമായിരുന്നു. പണം കടത്തിയ കേസില്‍ വിശദ അന്വേഷണത്തിനായി ഇരുവരെയും ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ കസ്റ്റംസ് ആവശ്യപ്പെട്ടു. അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top