29 March Friday

ജിയോളജിസ്‌റ്റ് ചമഞ്ഞ് ക്വാറി ഉടമയിൽ നിന്ന് 5 ലക്ഷം തട്ടി: 2 പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 17, 2023

നീതു എസ് പോൾ, പി ആർ രാഹുൽ

കൊല്ലം> ജിയോളജിസ്‌‌റ്റ് ചമഞ്ഞ് ജില്ലയിലെ ക്വാറി ഉടമയിൽനിന്ന് അഞ്ചുലക്ഷം രൂപ തട്ടിയ യുവതിയും യുവാവും പിടിയിലായി. നെയ്യാറ്റിൻകര ആനാവൂർ എം ആർ സദനത്തിൽ പി ആർ രാഹുൽ (31), കോഴിക്കോട് ചെലാവൂർ സ്വദേശിനി നീതു എസ് പോൾ (34)എന്നിവരാണ് കോഴിക്കോട്ടുനിന്ന് കൊല്ലം സിറ്റി സൈബർ പൊലീസിന്റെ പിടിയിലായത്. കൊല്ലം ജില്ലാ ജിയോളജിസ്‌റ്റിന്റെ ചിത്രവും മറ്റൊരാളുടെ രേഖകൾ ഉപയോ​ഗിച്ച് എടുത്ത സിം കാർഡും ഉപയോഗിച്ച് വ്യാജ വാട്‌സാപ് അക്കൗണ്ട് സൃഷ്‌ടിച്ചാണ് ക്വാറി ഉടമയെ ബന്ധപ്പെട്ടത്. വാട്‌സാപ്പ് വഴി സംസാരിച്ച് ക്വാറി ലൈസൻസ് പുതുക്കി നൽകാമെന്ന് വാഗ്‌ദാനം നൽകി അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടു.

പണം വാങ്ങാൻ യുവതിയെ കാറിൽ അയക്കുമെന്ന് ക്വാറി ഉടമയെ അറിയിച്ചു. തുടർന്ന് കൊട്ടിയത്ത് ടാക്‌സി കാറിലെത്തിയ നീതു പണം വാങ്ങി. പിന്നീട് ഇവർ സിം ഒഴിവാക്കി. വാട്‌സാപ്പും ഡിലീറ്റാക്കി. ബന്ധപ്പെടാനാകാതെ വന്നതോടെ യഥാർഥ ജിയോളജിസ്‌റ്റിന്റെ നമ്പരിൽ വിളിച്ചപ്പോഴാണ് തട്ടിപ്പ് വിവരം അറിയുന്നത്. തുടർന്ന് ക്രഷർ ഉടമ കൊല്ലം സിറ്റി സൈബർ പൊലീസിനെ സമീപിച്ചു.  ജിയോളജിസ്‌റ്റും പൊലീസിൽ പരാതി നൽകി. ഒന്നാം പ്രതി രാഹുൽ ബീമാപ്പള്ളിയിലുള്ള ഒരു കടയിൽ നിന്ന് സെക്കൻഡ് ഹാൻഡ്‌ ഫോൺ വാങ്ങി. മെഡിക്കൽ കോളേജ് പരിസരത്തുള്ള ഒരാളെ സമീപിച്ച് തന്റെ അമ്മ ആശുപത്രിയിലാണെന്നും ഫോൺ നഷ്‌ടപ്പെട്ടു എന്നും മറ്റ് രേഖകളൊന്നും കൈവശമില്ലാത്തതിനാൽ ഒരു സിം കാർഡ് എടുത്തു നൽകണമെന്നും ആവശ്യപ്പെട്ടു.

തുടർന്ന് അയാളുടെ പേരിൽ സിം കാർഡ് കൈക്കലാക്കി. ഈ നമ്പരുപയോ​ഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ഈ നമ്പരിലെ കോൾ വിവരങ്ങളും പരാതിക്കാരനെ ബന്ധപ്പെടാൻ പ്രതികൾ ഉപയോഗിച്ച വാട്സാപ് സന്ദേശങ്ങളും ഐപി വിലാസങ്ങളും യാത്രചെയ്‌ത കാറും മറ്റും പിന്തുടർന്ന് സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് നിന്ന് പ്രതികൾ പിടിയിലായത്. സൈബർ പൊലീസ് ഇൻസ്പെക്ടർ എ ജയകുമാർ, ഇൻസ്പെക്‌ടർ എ അബ്‌ദുൽ മനാഫ്, എസ്‌ഐ അജിത്‌ കുമാർ, എഎസ്‌ഐ നിയാസ്, സീനിയർ സിപിഒ ഗായത്രി ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top