25 April Thursday

മണ്ഡലം കാക്കാൻ ട്വന്റി–-20യുടെ കാലുപിടിച്ച്‌ കോൺഗ്രസ്‌ നേതൃത്വം ; കിഴക്കമ്പലത്ത്‌ കോൺഗ്രസിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Jan 8, 2021


കൊച്ചി
കിറ്റെക്‌സ്‌ ഗ്രൂപ്പിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന ട്വന്റി–-20 ക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെ കമ്പനി ഉടമ സാബു ജേക്കബ്ബുമായി കോൺഗ്രസ്‌ നേതാക്കളുടെ രഹസ്യ കൂടിക്കാഴ്‌ച. ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും എംഎൽഎമാരായ വി ഡി സതീശൻ, വി പി സജീന്ദ്രൻ എന്നിവരുമാണ്‌ സാബുജേക്കബ്ബിന്റെ കിഴക്കമ്പലത്തെ വീട്ടിലെത്തി കൂടിക്കാഴ്‌ച നടത്തിയത്‌. കഴിഞ്ഞദിവസം രാത്രി എട്ടിന്‌ വന്ന നേതാക്കൾ പന്ത്രണ്ടോടെയാണ്‌ തിരികെപ്പോയത്‌. കിറ്റെക്‌സ്‌ കമ്പനി മലിനീകരണമുൾപ്പെടെ പ്രശ്‌നങ്ങളിൽ സമരരംഗത്തുള്ള പഞ്ചായത്തിലെ കോൺഗ്രസ്‌ പ്രവർത്തകർക്കിടയിൽ രഹസ്യകൂടിക്കാഴ്‌ച പ്രതിഷേധമുയർത്തിയിട്ടുണ്ട്‌.

മൂന്നു പഞ്ചായത്തുകളിൽക്കൂടി ഭരണത്തിലെത്തിയ ട്വന്റി–-20 വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ കുന്നത്തുനാട്‌ മണ്ഡലത്തിൽ മത്സരിക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ കോൺഗ്രസ്‌ നേതൃത്വം സാബു ജേക്കബ്ബിനെ കാണാനെത്തിയതെന്നാണ്‌ സൂചന. പ്രാദേശിക നേതൃത്വത്തെ അറിയിക്കാതെയായിരുന്നു നേതാക്കളുടെ വരവ്‌. കിറ്റെക്‌സിലെ തൊഴിലാളി പ്രശ്‌നങ്ങളുടെയും മലിനീകരണത്തിന്റെയും പേരിൽ പ്രാദേശിക കോൺഗ്രസ്‌ നേതൃത്വം സാബു ജേക്കബ്ബുമായി നല്ല ബന്ധത്തിലല്ല. നേതാക്കളുടെ സംഘത്തിൽ ചാലക്കുടി മണ്ഡലം എംപി ബെന്നി ബഹനാനെ ഉൾപ്പെടുത്തിയില്ല എന്നതും ശ്രദ്ധേയമാണ്‌. സംഘത്തിലുണ്ടായിരുന്ന ബെന്നി ബഹനാനെ സാബു ജേക്കബ്ബിന്റെ നിർദേശപ്രകാരം പിന്നീട്‌ ഒഴിവാക്കിയെന്നാണ്‌ വിവരം. നേരത്തെ കിറ്റെക്‌സിലുണ്ടായ തൊഴിൽ പ്രശ്‌നത്തിൽ ബെന്നി ഇടപെട്ടതിലുള്ള അതൃപ്‌തിയാണ്‌ കാരണം.

കൊൺഗ്രസ്‌ നേതാക്കളുടെ രഹസ്യസന്ദർശന വിവരം പ്രാദേശിക കോൺഗ്രസ്‌ നേതാവുതന്നെയാണ്‌ സാമൂഹ്യമാധ്യമത്തിലൂടെ ആദ്യം പരസ്യമാക്കിയത്‌. ട്വന്റി–-20ക്കെതിരെ മത്സരിച്ച്‌ വീരമൃത്യു വരിച്ച യുഡിഎഫ്‌ സ്ഥാനാർഥികളെ മാപ്പ്‌ എന്നാണ്‌ ഇദ്ദേഹം ഫെയ്‌സ്‌ബുക്കിലിട്ട പോസ്‌റ്റിന്റെ അവസാന വരിയിൽ കുറിച്ചത്‌. നേതാക്കളുടെ നടപടിയിൽ കിഴക്കമ്പലത്തെ കോൺഗ്രസ്‌ പ്രവർത്തകർ കടുത്ത പ്രതിഷേധത്തിലാണെന്ന്‌ മണ്ഡലം നേതാക്കളിലൊരാൾ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top