26 April Friday
നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ഇനി 52 ദിവസം യന്ത്രവൽക്കൃത മീൻപിടിത്തമില്ല; ഇൻബോർഡ് വള്ളങ്ങൾക്കും പരമ്പരാഗത 
വള്ളങ്ങൾക്കും കടലിൽ പോകാം

സ്വന്തം ലേഖികUpdated: Friday Jun 9, 2023

ഒന്നരമാസം നീളുന്ന ട്രോളിങ് നിരോധനത്തിന് ശനി പുലർച്ചെ മുതൽ തുടക്കമാകുകയാണ്. വെള്ളിയാഴ്ച രാവിലെ സജീവമായ തോപ്പുംപടി ഹാർബറിലെ ദൃശ്യം / ഫോട്ടോ: മനു വിശ്വനാഥ്

കൊച്ചി > യന്ത്രവൽക്കൃത മീൻപിടിത്ത മേഖല നിശ്ചലമാകുന്ന ട്രോളിങ് നിരോധനം നിലവിൽവന്നു. 52 ദിവസം നീളുന്ന നിരോധനം ജൂലൈ 31 നാണ്‌ അവസാനിക്കുന്നത്‌. നിരോധനം ലംഘിച്ച് കടലില്‍ മീൻപിടിക്കുന്ന യാനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

സംസ്ഥാനത്തിന്റെ പരിധിയിലുള്ള 12 നോട്ടിക്കൽ മൈൽ കടലിൽ അടിത്തട്ടിൽ മീൻപിടിക്കുന്ന ബോട്ടുകൾക്കാണ് നിരോധനം. എറണാകുളം ജില്ലാ പ്രവര്‍ത്തന മേഖലയാക്കിയിട്ടുള്ള ഇതരസംസ്ഥാന യാനങ്ങള്‍ മടങ്ങിപ്പോകണമെന്ന് കലക്ടര്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. യാനങ്ങളുടെ അറ്റകുറ്റപ്പണിക്കും മറ്റുമായി കടലിലൂടെ സഞ്ചരിക്കേണ്ട സാഹചര്യമുള്ളവര്‍ ഫിഷറീസ് വകുപ്പിന്റെ യാത്രാനുമതി നേടണം.  
അതേസമയം, ഇൻബോർഡ് വള്ളങ്ങൾക്കും പരമ്പരാഗത വള്ളങ്ങൾക്കും കടലിൽ പോകാൻ തടസ്സമില്ല.

കടലിൽപോയ ബോട്ടുകൾ തീരത്തെത്തി. നിരോധന കാലയളവിൽ വൈപ്പിനുപുറമെ മുനമ്പം കേന്ദ്രീകരിച്ചും കലക്ടറേറ്റിൽ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലും കൺട്രോൾ റൂമുകൾ ആരംഭിച്ചു. ചെറുമീൻപിടിത്തത്തിനെതിരെ കർശനനടപടി സ്വീകരിക്കാൻ ക്രമീകരണങ്ങളായിട്ടുണ്ട്‌. നിയമാനുസൃത കണ്ണിവലിപ്പമുള്ള വലകൾമാത്രമെ മീൻപിടിത്തത്തിന് ഉപയോഗിക്കാവൂ എന്ന നിർദേശം നൽകിയിട്ടുണ്ട്‌. വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിലും മുനമ്പം കൺട്രോൾ റൂമിലും പൊലീസിനെ നിയോഗിച്ചിട്ടുണ്ട്‌. രക്ഷാപ്രവർത്തനങ്ങളിൽ കോസ്റ്റ് ഗാർഡ് എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റൽ പൊലീസ് എന്നിവയുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്‌. രക്ഷാപ്രവർത്തനങ്ങൾക്കും പട്രോളിങ്ങിനുമായി  ‘പ്രത്യാശ’ മറൈൻ ആംബുലൻസിനുപുറമെ രണ്ട് പട്രോൾ ബോട്ടുകളും തയ്യാറാണ്‌. 12 ലൈഫ് ഗാർഡുമാരെ നിയമിക്കുകയും സൗജന്യ റേഷൻ വിതരണം ആരംഭിക്കുകയും ചെയ്‌തു.

നിരോധനസമയത്ത് കടലിൽ പോകുമ്പോൾ മത്സ്യത്തൊഴിലാളികൾ ആധാർകാർഡ് കരുതണം. കളർ കോഡിങ്‌ പൂർത്തിയാക്കാത്ത ബോട്ടുകളും ഇൻബോർഡ് വള്ളങ്ങളും ട്രോളിങ്‌ നിരോധനം കഴിയുംമുമ്പ്‌ പൂർത്തിയാക്കണം. നിരോധനസമയത്ത് കടലിൽ പോകുന്ന ഇൻബോർഡ് വള്ളത്തിൽ ഒരു കാരിയർ വള്ളംമാത്രമേ അനുവദിക്കൂ. അതേസമയം, സിഐഎഫ്എൻഇടി, സിഎംഎഫ്ആർഐ, സിഐആർഎഫ് എന്നീ സ്ഥാപനങ്ങളുടെ റിസർച്ച് വെസലുകൾക്ക് ഇളവുണ്ടാകും.

പരമ്പരാഗത യാനങ്ങൾക്ക്‌ ഇന്ധനം നൽകാം
ട്രോളിങ്‌ നിരോധന കാലയളവിൽ പരമ്പരാഗത യാനങ്ങളായ താങ്ങുവള്ളം, മുറിവള്ളം, ഫൈബർ വള്ളം, ഒബിഎം എന്നിവയ്ക്ക് തടസ്സമില്ലാതെ ഇന്ധനം മത്സ്യഫെഡിന്റെ ബങ്കുകളിൽനിന്ന് നൽകണമെന്ന് കലക്ടർ അറിയിച്ചു. എന്നാൽ, ഈ സമയത്ത്‌ മീൻപിടിത്ത യാനങ്ങൾക്ക് ഡീസൽ നൽകുന്നത് കുറ്റകരമാണ്.

വിവരങ്ങൾക്ക് വിളിക്കാം
ഡിസാസ്റ്റർ മാനേജ്‌മെന്റ് സെൽ, കലക്ടറേറ്റ്,
എറണാകുളം (24 മണിക്കൂർ): 0484 2423513, 8547610077.
കോസ്റ്റ് ഗാർഡ് കൺട്രോൾ റൂം നമ്പർ (24 മണിക്കൂർ):
1554 (ടോൾ ഫ്രീ)
ഫിഷറീസ് കൺട്രോൾ റൂം, വൈപ്പിൻ: 0484 2502768
ഫിഷറീസ് കൺട്രോൾ റൂം, മുനമ്പം: 8304010855


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top