19 April Friday

മരംമുറി: ഇരുട്ടിൽ തപ്പി മാധ്യമങ്ങൾ

പ്രത്യേക ലേഖകൻUpdated: Sunday Nov 14, 2021

തിരുവനന്തപുരം > മുല്ലപ്പെരിയാറിൽ മരംമുറിക്ക്‌ ഉദ്യോഗസ്ഥൻ അനധികൃതമായി അനുമതി നൽകിയതിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള മാധ്യമശ്രമവും പാളി. ചീഫ്‌ വൈൽഡ്‌ ലൈഫ്‌ വാർഡൻ ബെന്നിച്ചൻ തോമസിന്റെ ഉത്തരവ്‌ നിയമപരമായും നയപരമായും തെറ്റാണെന്ന്‌ ബോധ്യപ്പെട്ടാണ്‌ സർക്കാർ നടപടി. ഉത്തരവിനു പിന്നിൽ രാഷ്ട്രീയതീരുമാനമുണ്ടെന്ന്‌ തെളിയിക്കാൻ ആർക്കും  കഴിഞ്ഞിട്ടില്ല. പക്ഷേ, ജാള്യം മറയ്‌ക്കാൻ മരംമുറിയിൽ കടിച്ചുതൂങ്ങുന്നു.     

മരം മുറിക്കാൻ 2015ൽ തമിഴ്‌നാട്‌ അനുമതി ചോദിച്ചതുമുതൽ ഈ വിഷയം സർക്കാരിന്റെ മുന്നിലുണ്ട്‌. ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്‌മൂലമാണ്‌ എല്ലാ തിരിച്ചടികൾക്കും കാരണം. അക്കാര്യം തുറന്നുപറയാൻ പല മാധ്യമങ്ങളും മറന്നുപോകുന്നു. മുല്ലപ്പെരിയാർ പൊട്ടിയാലും ആ വെള്ളം ഇടുക്കി അണക്കെട്ട്‌ താങ്ങിക്കൊള്ളുമെന്നും അതുകൊണ്ട്‌ ആ പ്രദേശത്തെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സർക്കാരിന്‌ കഴിയുമെന്നുമാണ്‌ അന്ന്‌ അഡ്വക്കറ്റ്‌ ജനറൽ വാദിച്ചത്‌. 2006ലെ വിധിയിൽ ‘അണക്കെട്ട്‌ ശക്തിപ്പെടുത്തുന്നതിന്‌ കേരളം തടസ്സം നിൽക്കേണ്ട സാഹചര്യം ഇപ്പോൾ കാണുന്നില്ല’ എന്ന്‌ പ്രത്യേകം പരാമർശിച്ചതും അതുകൊണ്ടാണ്‌. എന്നാൽ, എൽഡിഎഫ്‌ വന്ന ശേഷം ഒടുവിൽ ജനുവരിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിലടക്കം എണ്ണിപ്പറഞ്ഞിട്ടുള്ളത്‌ കേരളത്തിന്റെ താൽപ്പര്യം സംരക്ഷിക്കുന്ന അടിയുറച്ച നിലപാടാണ്‌. ജലനിരപ്പ്‌ ഉയർത്തുന്നത്‌ അപകടമാണ്‌, പുതിയ അണക്കെട്ട്‌ അത്യാവശ്യമാണ്‌, അണക്കെട്ട്‌ പരിസരത്തെ ഏത്‌ നിർമാണവും ആശങ്കയുണ്ടാക്കുന്നു, നിയമപ്രകരമുള്ള അനുമതികൾ വാങ്ങണം എന്നിവ.  അതുകൊണ്ട്‌ പഴയ ഉടമ്പടിയിൽ പിടിച്ച്‌ ഉത്തരവിടാൻ ആർക്കും അധികാരമില്ല.

ബെന്നിച്ചൻ തോമസ്‌ സർക്കാരിന്‌ നൽകിയ വിശദീകരണത്തിലും കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറെ പരാമർശിച്ചത്‌ ‘നിയമപരമായി സാധ്യമെങ്കിൽ അനുവദിക്കാമെന്ന്‌ പറഞ്ഞു ’ എന്നാണ്‌. സർക്കാരിനെ ഉന്നമിട്ട്‌, ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ ചില മാധ്യമങ്ങൾ നേരത്തേ മുറവിളി കൂട്ടിയിരുന്നു. ഇപ്പോൾ അതേ ഉദ്യോഗസ്ഥന്റെ വക്കാലത്തുമായാണ്‌ ഇതെ മാധ്യമങ്ങൾ രംഗത്തുവന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top