27 April Saturday

ശമ്പളം മുടങ്ങിയില്ല, ട്രഷറി പൂട്ടിയില്ല; പൊളിഞ്ഞത്‌ മാധ്യമ ദുഷ്ടലാക്ക്‌

മിൽജിത്‌ രവീന്ദ്രൻUpdated: Sunday Apr 2, 2023

തിരുവനന്തപുരം> ട്രഷറി പൂട്ടിയില്ല, ശമ്പളവും പെൻഷനും മുടങ്ങിയില്ല, ക്ഷേമം തടഞ്ഞില്ല, വികസന പദ്ധതികൾ താളം തെറ്റിയില്ല. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനവും അർധരാത്രിവരെ ട്രഷറികൾ പ്രവർത്തിച്ചു. അവസാന മാസവും 21,000 കോടിയുടെ ബില്ലുകൾ മാറി. തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതിച്ചെലവ്‌ 97 ശതമാനം കടന്നു. മാസങ്ങളായി ഒരുകൂട്ടം മാധ്യമങ്ങളും പ്രതിപക്ഷവും കെട്ടിപ്പൊക്കിയ നുണക്കോട്ടയാണ്‌ സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ തകർന്നുവീണത്‌. സംസ്ഥാനത്തിന്റെ ധനമാനേജ്‌മെന്റിനെ പരിഹസിച്ചവർക്ക്‌ തിരുത്തേണ്ടി വന്നു.

സംസ്ഥാനം സാമ്പത്തിക പ്രയാസത്തിലായിരുന്നു എന്നത്‌ യാഥാർഥ്യമായിരുന്നു. അതുകൊണ്ടുതന്നെ ശമ്പളവും പെൻഷനും അടക്കം മുടങ്ങുമെന്ന്‌ ഇതേ മാധ്യമങ്ങളും പ്രതിപക്ഷവും വിശ്വസിച്ചു. എന്നാൽ, മികച്ച ധനമാനേജ്‌മെന്റിലൂടെയും നികുതി പിരിവ്‌ ഊർജിതമാക്കിയത്‌ അടക്കമുള്ള നടപടികളിലൂടെയും സംസ്ഥാന സർക്കാർ അത്‌ തരണം ചെയ്‌തു.

കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന്‌ കൊട്ടിഘോഷിച്ചവർ പക്ഷേ, അതിന്റെ യഥാർഥ കാരണം മറച്ചുവച്ചു. സംസ്ഥാനത്തിന്‌ നൽകാനുള്ള  വിഹിതത്തിൽ  ചരിത്രത്തിൽ ഇതുവരെയില്ലാത്ത വെട്ടിക്കുറവാണ്‌ പോയ സാമ്പത്തിക വർഷം കേന്ദ്രം വരുത്തിയത്‌. വായ്‌പാ നിയന്ത്രണത്തിലൂടെയും ജിഎസ്‌ടി നഷ്ടപരിഹാരം നിർത്തലാക്കിയും ഗ്രാന്റുകൾ കുറച്ചും 40,000 കോടി രൂപ വെട്ടിക്കുറച്ചു.  എന്നിട്ടും  കേന്ദ്ര സർക്കാരിനെ വെള്ളപൂശാനായിരുന്നു മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ശ്രമം.

നികുതി പിരിവിൽ സംസ്ഥാന സർക്കാരിന്‌ അനാസ്ഥ എന്നായിരുന്നു  ഒടുവിലെ ആരോപണം. എന്നാൽ, സാമ്പത്തികവർഷം അവസാനിച്ചപ്പോൾ നികുതി പിരിവ്‌ 70,000 കോടി പിന്നിട്ടു. മുൻവർഷത്തെ 58,000 കോടിയുടെ സ്ഥാനത്താണിത്‌. നികുതിയിതര വരുമാനത്തിൽ ഇരട്ടിയോളം വർധനയുണ്ടായി. തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതിച്ചെലവ്‌ മാർച്ച്‌ ആദ്യം 63 ശതമാനമായിരുന്നത്‌ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ 97 ശതമാനം കടന്നു. പല തദ്ദേശസ്ഥാപനങ്ങളിലും 100 ശതമാനത്തിലെത്തി. ശമ്പളവും പെൻഷനും മുടങ്ങുമെന്ന്‌ പ്രചരിപ്പിച്ചവർ ഇപ്പോൾ ശമ്പള പരിഷ്‌കരണത്തിന്റെ ആദ്യ ഗഡു പിഎഫിൽ ലയിപ്പിക്കുന്നത്‌ നീട്ടിയതിൽ പിടിവള്ളി തേടുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top