25 April Thursday

ട്രോളിങ് നിരോധനം: ഒരുക്കങ്ങൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023
കൊല്ലം> ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നതിന്റെ ഭാ​ഗമായി ജില്ലയിൽ ഒരുക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാ​ഗമായി എഡിഎമ്മിന്റെ നേതൃത്വത്തിൽ അവലോകന യോ​ഗം ചേർന്നു. ഒമ്പതിന്‌ അര്‍ധരാത്രി മുതൽ ജൂലൈ 31 വരെ 52 ദിവസമാണ് നിരോധനം. നീണ്ടകര ഹാർബർ ഇൻബോർഡ് വള്ളങ്ങൾ ഉൾപ്പെടെ പരമ്പരാഗത മീൻപിടിത്ത യാനങ്ങൾക്ക് തുറന്നുകൊടുക്കും. ഹാർബറുകളിലും ലാൻഡിങ് സെന്ററുകളിലുമുള്ള ഡീസൽ ബങ്കുകൾ അടച്ചിടും. ഇൻബോർഡ് വള്ളങ്ങൾക്ക് മത്സ്യഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബാങ്കുകൾ തുറന്നു കൊടുക്കും. ട്രോളിങ് ബോട്ടുകൾ ജൂൺ ഒമ്പതിനു വൈകുന്നേരത്തോടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈൻ എൻഫോഴ്സും കോസ്റ്റൽ പൊലീസും ഉറപ്പാക്കണം. ഇൻബോർഡ് വള്ളങ്ങൾക്കൊപ്പം ഒരു കാരിയർ വള്ളം മാത്രമേ മത്സ്യവുമായി ഹാർബറിലേക്ക് വരാൻ അനുവദിക്കുകയുള്ളൂ.
ഇതരസംസ്ഥാന ബോട്ടുകൾ ടെറിട്ടോറിയൽ ഏരിയയിൽ പ്രവേശിക്കുന്നത് തടയുന്നതിന് കർശന നടപടികൾ ഫിഷറീസ് വകുപ്പ് സ്വീകരിക്കും.
 
ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് തുടങ്ങിയവരുടെ പരിശോധന ശക്തമാക്കും. ലൈറ്റ് ഫിഷിങ് ഉൾപ്പെടെയുള്ള നിരോധിത മീൻപിടിത്തരീതികളും നിരോധിത വലകൾ ഉപയോഗിക്കുന്നതും കർശനമായി തടയുകയും നിയമവിരുദ്ധ മീൻപിടിത്തത്തിൽ ഏർപ്പെടുന്നവർക്ക് ശിക്ഷ ഉറപ്പാക്കുകയും ചെയ്യൂം. ഒമ്പതിനു രാവിലെ മുതൽ ഉച്ചവരെ പരവൂർ മുതൽ അഴീക്കൽ വരെ കടലിലും ഉച്ചയ്ക്കുശേഷം തീരദേശ മേഖല മുഴുവനായും ട്രോളിങ് നിരോധനം സംബന്ധിച്ച അനൗൺസ്‌മെന്റുകൾ നടത്തുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ സുബൈർ പറഞ്ഞു. നീണ്ടകര പാലത്തിനു കിഴക്കുഭാഗത്തേക്ക് ബോട്ടുകൾ മാറ്റി അർധരാത്രിയിൽ പാലത്തിന്റെ സ്പാനുകളിൽ ചങ്ങല കെട്ടിക്കഴിഞ്ഞതിനു ശേഷം ബോട്ടുകൾ അഷ്ടമുടിക്കായലിന്റെ വിവിധ ഭാഗങ്ങളിൽ നിയമവിരുദ്ധമായ ട്രോളിങ് നടത്തുന്നത് തടയുന്നതിനായി ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്‌സ്‌മെന്റും പരിശോധന ശക്തമാക്കും.
 
ട്രോളിങ് നിരോധനം തുടങ്ങി രണ്ടുദിവസംകൂടി വിപണനം നടത്തണം എന്ന മത്സ്യത്തൊഴിലാളി സംഘടനകളുടെ ആവശ്യം പരി​ഗണനയിലാണ്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എഡിഎം ബീനാറാണിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോ​ഗത്തിൽ സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ്, സബ്കലക്ടർ മുകുന്ദ് ഠാക്കൂർ, ഫിഷറീസ് ഡിഡി കെ സുഹൈർ, ഹാർബർ വകുപ്പ് ഉദ്യോഗസ്ഥർ, എസിപിമാർ, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോർപറേഷൻ കൗൺസിലർമാരായ ടോമി, മിനിമോൾ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top