പത്തനംതിട്ട > ട്രാൻസ്ജെൻഡർ വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സാക്ഷരതാമിഷൻ നടപ്പാക്കുന്ന സമന്വയ പദ്ധതിയുടെ ഭാഗമായി പന്തളം സമന്വയ പഠനവീട്ടിൽ നടന്ന ട്രാൻസ് ജെൻഡർ പഠിതാക്കളുടെ സംഗമം നടത്തി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ആർ അജയകുമാർ ഉദ്ഘാടനം ചെയ്തു. പന്തളം നഗരസഭാ കൗൺസിലർ മഹേഷ് അധ്യക്ഷനായി.
2017 ലാണ് സംസ്ഥാനത്ത് സമന്വയ പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സാമൂഹ്യ വകുപ്പിന്റെ ധനസഹായത്തോടെ ട്രാൻസ് ജെൻഡർ പഠിതാക്കൾക്ക് ജില്ലയിൽ പഠനവീട് ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് പന്തളത്ത് മാത്രമാണ് പഠനവീട് നടന്നു വരുന്നത്. ഇതിനോടകം സമന്വയ പദ്ധതി പ്രകാരം 62 പേർ ഹയർ സെക്കൻഡറി തുല്യത കോഴ്സും 16 പേർ പത്താം തരം തുല്യത കോഴ്സും വിജയിച്ചു. 12 ട്രാൻസ്ജെൻഡർ പഠിതാക്കൾ പുതിയ ബാച്ചിലേയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ പഠിതാക്കളെ തുല്യതാ കോഴ്സിൽ പങ്കെടുപ്പിക്കുന്നതിനായി നടന്നു വരുന്ന രജിസ്ട്രേഷൻ കാമ്പയിന്റെ ഭാഗമായാണ് പഠിതാക്കളുടെ സംഗമം നടത്തിയത്.
പഠനത്തോടൊപ്പം ബോധവൽക്കരണ പരിപാടികളും തൊഴിൽ പരിശീലനങ്ങളും നടത്തും. സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ വി അനിൽ, സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസർ ഷംല , മഹിള സമഖ്യ ജില്ലാ റിസോഴ് പേഴ്സൺ ഗായത്രി, സാക്ഷരതാമിഷൻ അസി കോ–--ഓർഡിനേറ്റർ വൈ സജീന, ട്രാൻസ് ജൻഡർ കമ്യൂണിറ്റിസംഘടന പ്രസിഡന്റ് നിരുപമ സമന്വയ പഠന വീട് സെന്റർ കോ-ഓഡിനേറ്റർ നിസ ജെ, ട്രാൻസ്ജെൻഡർ പഠിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..