28 March Thursday

ട്രെയിൻ വേഗം കൂട്ടൽ : റെയിൽവേയുടെ പ്രഖ്യാപനം പ്രായോഗികമോയെന്ന്‌ ആശങ്ക

സ്വന്തം ലേഖകൻUpdated: Wednesday Feb 1, 2023


തിരുവനന്തപുരം
കേരളത്തിലെ പ്രധാന റൂട്ടുകളിൽ ട്രെയിനുകളുടെ വേഗം കൂട്ടുമെന്ന റെയിൽവേയുടെ പ്രഖ്യാപനം പ്രായോഗികമാകുമോ എന്നതിൽ ആശങ്ക.  കയറ്റിറക്കങ്ങളും വലിയ വളവുകളും നിറഞ്ഞ കേരളത്തിലെ ട്രാക്കുകളിൽ അനുവദനീയമായ പരമാവധി വേഗത്തിലേക്ക്‌ എത്തിക്കുകയെന്നത്‌ ശ്രമകരമാകുമെന്നാണ്‌ വിലയിരുത്തൽ.

ട്രാക്ക്, ട്രാക്‌ഷൻ, സിഗ്നലിങ്‌ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ചിട്ടയായതും ആസൂത്രിതവുമായ ശ്രമങ്ങളുണ്ടാകുമെന്നും വേഗത വർധിപ്പിക്കാനുള്ള ജോലികൾ ആരംഭിച്ചെന്നുമാണ്‌ റെയിൽവേ പറയുന്നത്‌.  ഷൊർണൂർ –-മംഗളൂരു സെക്‌ഷനിൽ ട്രെയിനുകൾക്ക്‌ നിലവിൽ 110 കിലോമീറ്റർ വേഗത്തിൽ ഓടാനാകും. എന്നാൽ സൂപ്പർഫാസ്‌റ്റ്‌ ട്രെയിനുകൾപോലും ഇവിടെ മിക്കപ്പോഴും 90 കിലോമീറ്റർവരെ വേഗത്തിലേ ഓടുന്നുള്ളൂ. ഇത്‌ 130 ആക്കി വർധിപ്പിക്കുമെന്നാണ്‌ റെയിൽവേയുടെ വാദം. വേണ്ടത്ര ഫണ്ട്‌ അനുവദിക്കാത്തതിനാൽ സംസ്ഥാനത്തെ പാതയിരട്ടിപ്പിക്കൽ ജോലികൾവരെ പതിറ്റാണ്ടുകളായി ഇഴഞ്ഞുനീങ്ങുമ്പോഴാണ്‌ പുതിയ പ്രഖ്യാപനം.

തിരുവനന്തപുരം–- -ഷൊർണൂർ സെക്‌ഷനിൽ തിരുവനന്തപുരം-–- കായംകുളം, കായംകുളം–- തുറവൂർ, തുറവൂർ –- എറണാകുളം ഭാഗങ്ങളിൽ 110 കിലോമീറ്ററായി വേഗത കൂട്ടുമെന്നാണ്‌ റെയിൽവേ പറയുന്നത്‌. എറണാകുളം-–-ഷൊർണൂർ റൂട്ടിൽ വേഗത 130 കിലോമീറ്ററിൽ എത്തിക്കുമെന്നും അവകാശപ്പെടുന്നു.

അതേസമയം, ഇത്‌ എത്രത്തോളം പ്രായോഗികമാകുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്‌. കേരളത്തിൽ പാളങ്ങളുടെ ഗുണനിലവാരം, വളവുകൾ, കയറ്റിറക്കങ്ങൾ, വർധിച്ച ട്രെയിൻ ഗതാഗതം തുടങ്ങിയവയാണ്‌ ട്രെയിനുകൾ വേഗത്തിലോടിക്കാൻ തടസ്സം.  ഷൊർണൂർ–-എറണാകുളം റൂട്ടിൽ നിലവിൽ 80 മുതൽ 90 കിലോമീറ്റർവരെയേ വേഗതയെടുക്കാൻ കഴിയൂ. നിരവധി വളവുകളും കയറ്റിറക്കങ്ങളുമുള്ള ട്രാക്കുകൾ പൂർണമായി മാറ്റാതെ വേഗം വർധിപ്പിക്കുക എളുപ്പമാകില്ല. ഇക്കാര്യങ്ങൾ എങ്ങനെ പരിഹരിക്കുമെന്ന്‌ വ്യക്തമാക്കാതെയാണ്‌ റെയിൽവേയുടെ പുതിയ പ്രഖ്യാപനം. സംസ്ഥാനം റെയിൽവേക്ക്‌ മുന്നിൽവച്ചിട്ടുള്ള നിരവധി ആവശ്യങ്ങളിൽ ഒന്നുപോലും പരിഗണിച്ചിട്ടുമില്ല. മുമ്പ്‌ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ നടപ്പാക്കാൻ ആവശ്യമായ ഫണ്ടും അനുവദിച്ചിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top