കണ്ണൂര്‍> കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ബോഗിക്ക് അജ്ഞാതന്‍ തീയിട്ടു. ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു. വ്യാഴം പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.
ഏപ്രില്‍ 2 ന് കോഴിക്കോട് എലത്തൂരില്‍വെച്ച് ഇതെ ട്രെയിനിലാണ് മൂന്ന് പേരെ പെട്രോള്‍ ഒഴിച്ച് തീയിട്ട് കൊലപ്പെടുത്തിയത്.അന്ന് ഒരു കുട്ടി ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു.
വ്യാഴം പുലര്‍ച്ചെ ഒന്നരയോടെയാണ് കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനിലെ യാര്‍ഡില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ നിന്ന് തീ ഉയര്‍ന്നത്. ആരെങ്കിലും തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം നടക്കുകയാണെന്നും ആര്‍പിഎഫ് പറഞ്ഞു. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്.
മൂന്ന് യൂണിറ്റ് അഗ്‌നിശമന സേനാസംഘം ഏറെ നേരം പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ബുധന്‍ രാത്രി 11 ഓടെ കണ്ണൂരില്‍ എത്തിയ ട്രെയിന്‍ ഏട്ടാമത്തെ യാര്‍ഡില്‍ നിര്‍ത്തിയിട്ടതായിരുന്നു. തീ ഉയരുന്നത് റെയില്‍വെ ജീവനക്കാരാണ് ആദ്യം കണ്ടത്. കോഴിക്കോട് എലത്തൂരില്‍വെച്ച് ഇതെ ട്രെയിനിന് തീവെച്ച് മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാരൂഖ് സെയിഫി നേരത്തെ പിടിയിലായിരുന്നു.
കേസില്‍ എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇതെ ട്രെയിനിന് കണ്ണൂരില്‍വെച്ച് വീണ്ടും തീയിട്ടത്. സംഭവത്തില്‍ ആര്‍പിഎഫും റെയില്‍വെ പൊലീസും അന്വേഷണം ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..