17 December Wednesday
1973ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടം നേടിയപ്പോൾ ടീമിൽ അംഗമായിരുന്നു

ഫുട്ബോൾ താരം ടൈറ്റസ് കുര്യൻ 
അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023


കൊല്ലം
കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടം നേടിയ 1973ൽ ടീമിൽ അംഗമായിരുന്ന ടൈറ്റസ് കുര്യൻ (71)അന്തരിച്ചു. വ്യാഴാഴ്ച പകൽ മൂന്നിന് കാവനാട്ടെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഒറ്റയ്‌ക്കായിരുന്നു താമസം. സമീപത്തുള്ള മകളുടെ വീട്ടിൽ ആഹാരം കഴിക്കാൻ എത്താതിരുന്നതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. സംസ്കാരം ശനിയാഴ്ച തുയ്യം സെന്റ്‌  പീറ്റേഴ്സ് ചർച്ചിൽ. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: വിമൽ ടൈറ്റസ് (കുവൈത്ത്‌), വിനി ടൈറ്റസ്. മരുമക്കൾ: ജീവ, ബർത്തോൾ (മർച്ചന്റ്‌ നേവി).

റേഡിയോയിലെ കമന്ററി കേട്ട് സംസ്ഥാനത്തെങ്ങും ഫുട്ബോൾ പ്രേമികൾ ആർത്തുവിളിച്ച പേരായിരുന്നു ടൈറ്റസ് കുര്യൻ. സിലോൺ, മദ്രാസ്, മൈസൂർ, ആന്ധ്ര, കേരളം എന്നീങ്ങനെ അഞ്ചു ടീം മാറ്റുരച്ച 1971ലെ പെന്റാംഗുലർ മത്സരത്തിലാണ് സംസ്ഥാന ടീമിൽ ടൈറ്റസ് ആദ്യമായി കളിച്ചത്. പ്രശസ്തിയുടെ കൊടുമുടിയിൽ 1973ൽ സന്തോഷ് ട്രോഫി നേടിയ ടീമിൽ അംഗമായിരുന്നെങ്കിലും ടൈറ്റസിനെ സൈഡ്ബഞ്ചിൽ ഇരുത്തിയത് ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ വിങ്ങുന്ന ഓർമയായി.

സന്തോഷ് ട്രോഫിയിൽ കളിച്ച അച്ഛൻ തോമസ് ആന്റണിയുടെ വഴി പിന്തുടർന്ന് കൊല്ലം സീസാ ഫുട്ബോൾ ക്ലബ്ബിലൂടെയാണ് ടൈറ്റസ് താരമായത്. പിന്നീട് ലക്കി സ്റ്റാർ, ക്യുഎസി ടീമുകൾക്കു വേണ്ടിയും ജേഴ്സി അണിഞ്ഞു. 1970ൽ അസമിൽ നടന്ന ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിലെ പ്രകടനമാണ് സംസ്ഥാന ടീമിൽ എത്തിച്ചത്. മൂന്നുതവണ സംസ്ഥാന ടീമിൽ കളിച്ചു. ഒമ്പതുവർഷം കെഎസ്ആർടിസി ഫുട്ബോൾ ടീം ക്യാപ്റ്റനായി. കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ പ്രവർത്തകനുമായിരുന്നു. ഭാര്യ വിജയമ്മയുടെ മരണശേഷം ഏകനായി കാവനാട്ടെ വീട്ടിൽ താമസിക്കുകയായിരുന്നു. സമീപത്ത് തന്നെയുള്ള മകൾ വിനിയുടെ വീട്ടിൽ ആഹാരം കഴിക്കാൻ എത്തുമെങ്കിലും  ഒറ്റയ്ക്കു താമസിക്കാനായിരുന്നു ഇഷ്ടം. സഹോദരൻ ഡേവിഡും ഫുട്ബോൾ കളിക്കാരനായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top