25 April Thursday

ഇന്നും പിടയുന്ന ആ സ്‌മരണയ്‌ക്ക്‌ നൂറ്റൊന്നാണ്ട്‌

സ്വന്തം ലേഖികUpdated: Sunday Nov 20, 2022

വാഗൺ ട്രാജഡി സ്മാരക ടൗൺഹാൾ


മലപ്പുറം
സ്വാതന്ത്ര്യ സമരചരിത്രത്തിലെ പിടയുന്ന സ്‌മരണ ‘വാഗൺ കൂട്ടക്കൊലയ്‌ക്ക്‌‌’ നൂറ്റൊന്നാണ്ട്‌. കാലങ്ങൾ പിന്നിട്ടെങ്കിലും ശ്വാസംനിലച്ച ഒരുകൂട്ടം മനുഷ്യരുമായി ചൂളംവിളിച്ചെത്തിയ വാഗണിന്റെ നടുക്കം ഇന്നും മലപ്പുറത്ത്‌ മുഴങ്ങുന്നുണ്ട്‌. മലബാറിലെ കർഷക കലാപത്തിന്റെ തുടർച്ചയായിരുന്നു 1921 നവംബർ 19–ലെ വാഗൺ കൂട്ടക്കൊല. തിരൂർ റെയിൽവേ സ്‌റ്റേഷനിൽനിന്ന്‌ മദ്രാസ്‌–-മറാത്ത കമ്പനി എംഎസ്‌ ആൻഡ്‌ എം റെയിൽവേയുടെ 1711 –ാം നമ്പർ വാഗണിൽ കുത്തിനിറച്ചവരിൽ എഴുപതുപേർ ശ്വാസംമുട്ടി മരിച്ചെന്നാണ്‌ ഔദ്യോഗികരേഖ. ജീവൻപൊലിഞ്ഞവരിൽ 41 പേർ പുലാമന്തോളും 35 പേർ കുരുവമ്പലത്തുകാരുമാണ്‌.

പുലാമന്തോൾ പാലം പൊളിക്കാൻ ശ്രമിച്ചു, പാണ്ടിക്കാട്‌ ചന്ത കൈയേറി എന്നീ കുറ്റംചുമത്തി ഏറനാട്, വള്ളുവനാട്‌ ദേശങ്ങളിൽനിന്നാണ്‌  ഇരുന്നൂറോളം പേരെ ബ്രിട്ടീഷ്‌ പട്ടാളം പിടികൂടി തിരൂരിലെത്തിച്ചത്‌. പൊന്നാനിയിൽ ഉപരിപഠനത്തിന്‌ പോയ വിദ്യാർഥികളും കർഷകരും കൂട്ടത്തിലുണ്ടായിരുന്നു.

ഇതിൽ നൂറുപേരെ ബെല്ലാരി ജയിലിലേക്ക്‌ മാറ്റാൻ തീരുമാനിച്ചു. രാത്രി 7.15ന്‌ ഇവരെ ചരക്കുതീവണ്ടിയുടെ വാഗണിൽ കുത്തിനിറച്ചു. 8.40ന്‌ ട്രെയിൻ ഷൊർണൂരിൽ എത്തുമ്പോൾ കൂട്ടനിലവിളി ഉയർന്നു. എന്നാൽ ഉദ്യോഗസ്ഥർ വെള്ളംപോലും നൽകിയില്ല. രാത്രി 12.30ന്‌ പോത്തന്നൂരിലെത്തി വാഗൺ തുറന്നപ്പോഴുള്ള കാഴ്‌ച ഭീകരമായിരുന്നു. പ്രാണവേദനയാൽ പരസ്‌പരം കെട്ടിപ്പിടിച്ചും ശരീരം മാന്തിപ്പൊളിച്ചും കണ്ണുതുറിച്ചും 56 മൃതദേഹങ്ങൾ. ഇവ പോത്തന്നൂരിൽ ഇറക്കാൻ സ്‌റ്റേഷൻ മാസ്‌റ്റർ സമ്മതിച്ചില്ല. തിരൂരിലേക്ക്‌ തിരിച്ചയച്ചു. കോയമ്പത്തൂർ ആശുപത്രിയിലേക്ക്‌ മാറ്റിയ 14 പേരും മരിച്ചു.

മൃതദേഹം തിരൂർ കോരങ്ങത്ത്‌ പള്ളി, കോട്ട്‌ ജുമാഅത്ത്‌ പള്ളി, ഏഴൂർ എന്നിവിടങ്ങളിൽ മറവുചെയ്‌തു. പൊലീസ്‌ സൂപ്രണ്ട്‌ ഹിച്ച്‌കോക്ക്‌, സ്‌പെഷ്യൽ ഓഫീസർ ഇവാൻസ്‌, കേണൽ ഹംഫ്രീഡ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അരുംകൊല. എന്നാൽ, അന്വേഷണ കമീഷനുകൾ തീവണ്ടിദുരന്തമാക്കി സംഭവം എഴുതിത്തള്ളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top