20 April Saturday

ഗവർണർ വേണ്ട , ബിജെപി ഭരണത്തിൽ ജനാധിപത്യവും ഫെഡറലിസവും ഇല്ലാതായിക്കൊണ്ടിരിക്കുന്നു : തിരുച്ചി ശിവ

സ്വന്തം ലേഖികUpdated: Tuesday Nov 15, 2022


തിരുവനന്തപുരം  
ബിജെപി ഭരണത്തിൽ ജനാധിപത്യവും ഫെഡറലിസവും ഭരണഘടനാ മൂല്യങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന്‌ ഡിഎംകെ നേതാവ്‌ തിരുച്ചി ശിവ എംപി. പ്രതിഷേധ കൂട്ടായ്‌മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ നിയമിക്കപ്പെടേണ്ടയാളാണോ തെരഞ്ഞെടുക്കപ്പെടേണ്ട വ്യക്തിയാണോ എന്ന ചർച്ച ഭരണഘടനാ നിർമാണസഭയിൽ ഉയർന്നിരുന്നു. ആ പദവിയേ വേണ്ട എന്നതാണ്‌ ഉത്തരം.
ഒരു രാജ്യം, മതം,  തെരഞ്ഞെടുപ്പ് എന്ന ബിജെപി നയം നടപ്പാകില്ലെന്ന മുദ്രാവാക്യം വിവിധ ഭാഗങ്ങളിൽനിന്ന്‌ ഉയരുന്നു. സമീപകാലത്ത്‌ പാർലമെന്റ് പാസാക്കുന്ന നിയമങ്ങളിൽ പലതും സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാക്കി, സ്വതന്ത്രമായ പ്രവർത്തനത്തെ ഹനിക്കുന്നതാണ്.

കേന്ദ്ര സർക്കാരിന്റെ ഇംഗിതം നടപ്പാക്കുകയും കേന്ദ്ര താൽപ്പര്യത്തിന്‌ എതിരെങ്കിൽ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ നോക്കുന്നതുമല്ല ഗവർണറുടെ ജോലി. തമിഴ്നാട്ടിൽ സർക്കാർ പാസാക്കിയ 20 ബില്ലാണ്‌ പിടിച്ചുവച്ചിരിക്കുന്നത്‌.

‘ഇത്‌ കേരളമാണെന്ന’ മുദ്രാവാക്യം ‘ഇത്‌ ദക്ഷിണേന്ത്യ’യാണെന്ന്‌ തിരുത്തണം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന്‌ ബദൽ മുദ്രാവാക്യങ്ങൾ ഉയരുന്നുണ്ട്‌. കേന്ദ്രത്തിന്റെ തെറ്റുകൾക്കെതിരെ എതിർശബ്ദം ഉയരുന്നത്‌ ഇവിടെനിന്നാണ്‌. ഈ പ്രതിഷേധം വൈകാതെ രാജ്യവ്യാപകമായി പടരും. രാജ്യം വൈകാതെ പൂർണാർഥത്തിൽ ഫെഡറലിസത്തിലൂന്നിയ നാടാകും. ഈ ഗവർണറെ  വേണ്ടെന്നുപറയാനുള്ള അവകാശം നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top